അമ്മ മരിച്ചു ദീര്‍ഘകാലങ്ങള്‍ക്കു ശേഷം ആ കത്ത് കിട്ടി; അത് വായിച്ചതും അവന്‍ പൊട്ടിക്കരഞ്ഞു
മക്കളുടെ ജീവിതം വഴി മാറ്റിയ രണ്ട് അമ്മമാര്‍: ജുനൈസ് മുണ്ടേരി എഴുതുന്നു
കരഞ്ഞുകൊണ്ട് അടുത്തുവന്ന അമ്മയെ ചന്ദ്രന്‍ വാരിപ്പുണര്‍ന്നു. ആ പിടുത്തം മുറുകി. അല്‍പ നിമിഷത്തിനകം അമ്മയുടെ ഉച്ചത്തിലുള്ള നിലവിളിയാണ് എല്ലാവരും കേട്ടത്. പൊലീസുകാര്‍ ഓടിവന്ന് ചന്ദ്രന്റെ പിടുത്തത്തില്‍ നിന്ന് അമ്മയെ രക്ഷപ്പെടുത്തി. അമ്മയുടെ ചെവിയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു.
മിഷിഗണിലെ സ്‌കൂളില്‍ ചേര്‍ന്ന് മൂന്ന് മാസത്തിനകം തോമസിനെ പുറത്താക്കി. മണ്ടനായ, പഠിക്കാന്‍ കഴിവില്ലാത്ത വിദ്യാര്‍ത്ഥിയെന്ന് മുദ്രകുത്തിയാണ് പുറത്താക്കിയത്. വൈകുന്നേരം സ്‌കൂള്‍ വിട്ട് വന്ന തോമസ്, അമ്മക്ക് ടീച്ചര്‍ നല്‍കാന്‍ ഏല്‍പ്പിച്ച കത്ത് നല്‍കി. കത്ത് വായിച്ച അമ്മ അതില്‍ കണ്ടത് ഇപ്രകാരമായിരുന്നു: 'നിങ്ങളുടെ മണ്ടനും ബുദ്ധിഭ്രമം ബാധിച്ചതുമായ മകനെ ഇനി ഇവിടെ പഠിപ്പിക്കാന്‍ കഴിയില്ല. ദയവ് ചെയ്ത് നാളെ മുതല്‍ മകനെ സ്‌കൂളിലേക്ക് അയക്കരുത്'.
മകന്‍ ആകാംക്ഷയോടെ ചോദിച്ചുകൊണ്ടിരിക്കുന്നു 'എന്താണമ്മേ കത്തിലെന്ന്'. ഈ കത്ത് വായിച്ചാല്‍ മകന്‍ നിരാശനാകുമെന്ന് തീര്‍ച്ചയുള്ള അമ്മ കത്തില്‍ അല്പം മാറ്റം വരുത്തി വായിച്ചുകേള്‍പ്പിച്ചു. 'നിങ്ങളുടെ മകന്‍ വളരെ ബുദ്ധിമാനായ ഒരു കുട്ടിയാണ്. അവനെ പഠിപ്പിക്കാന്‍ കഴിവുള്ള അധ്യാപകര്‍ ഈ സ്‌കൂളിലില്ല. അതുകൊണ്ട് ഇനി അവനെ ഈ സ്‌കൂളിലേക്ക് അയക്കരുത്'. തോമസിന് സന്തോഷമായി. സങ്കടം മറച്ചുവെച്ച് അമ്മയും സന്തോഷിച്ചു.
അമ്മ അവനെ വീട്ടിലിരുത്തി പഠിപ്പിച്ചു, അടുത്തുള്ള ലൈബ്രറിയില്‍ നിന്ന് പല പുസ്തകങ്ങളും വാങ്ങിച്ചുകൊടുത്തു, അതിലേറെയും സയന്‍സ് പുസ്തകങ്ങളായിരുന്നു. കാലങ്ങളേറെ കടന്നുപോയി, അവന്‍ വളര്‍ന്നു. പേരു പറഞ്ഞാല്‍ ലോകം അറിയുന്ന ഒരാളായി. തോമസ് ആല്‍വാ എഡിസണ്‍. ലോകത്തെ മാറ്റിമറിച്ച കണ്ടു പിടുത്തങ്ങളിലൂടെ പ്രസിദ്ധനായ ശാസ്ത്രജ്ഞന്‍.
*********
കേരളത്തില്‍ കുപ്രസിദ്ധി നേടിയ ഒരു കുറ്റവാളിയുണ്ടായിരുന്നു, കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച റിപ്പര്‍ ചന്ദ്രന്‍. അനേകം കൊലപാതകങ്ങളില്‍ മുഖ്യപ്രതിയായ ചന്ദ്രനെ അവസാനം പോലീസ് പിടികൂടി, കോടതി തൂക്കികൊല്ലാന്‍ വിധിച്ചു. തൂക്കിക്കൊല്ലുന്ന നിമിഷത്തില്‍ അവസാന ആഗ്രഹമെന്ത് എന്ന ചോദ്യത്തിന് അയാള്‍ പറഞ്ഞ ഉത്തരം ഇതായിരുന്നു: 'എനിക്കെന്റെ അമ്മയെ കാണണം'. ആ ആഗ്രഹം കോടതി സാധിച്ചുകൊടുത്തു. കരഞ്ഞുകൊണ്ട് അടുത്തുവന്ന അമ്മയെ ചന്ദ്രന്‍ വാരിപ്പുണര്‍ന്നു. ആ പിടുത്തം മുറുകി. അല്‍പ നിമിഷത്തിനകം അമ്മയുടെ ഉച്ചത്തിലുള്ള നിലവിളിയാണ് എല്ലാവരും കേട്ടത്. പൊലീസുകാര്‍ ഓടിവന്ന് ചന്ദ്രന്റെ പിടുത്തത്തില്‍ നിന്ന് അമ്മയെ രക്ഷപ്പെടുത്തി. അമ്മയുടെ ചെവിയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. 'മരണം മുന്നില്‍ വന്നു നില്‍ക്കുന്ന ഈ അവസാന നിമിഷത്തില്‍ പോലും നീ ഇത്ര ക്രൂരത കാണിച്ചല്ലോ, സ്വന്തം അമ്മയോട്പോലും!' എന്ന് മുതുകത്തിടിച്ച് ഒരു പോലീസുകാരന്‍ ചോദിച്ചപ്പോള്‍, വിറച്ചുകൊണ്ട് കലങ്ങിയ കണ്ണുകളോടെ, ഇടറിയ ശബ്ദത്തോടെ ചന്ദ്രന്‍ പറഞ്ഞു: 'ഈ തള്ളയാണ്! ഈ തള്ളയാണ് എന്റെ ഈ അവസ്ഥക്ക് കാരണം. ചെറുപ്പത്തില്‍ ഞാന്‍ ചെയ്ത ചെറിയ ചെറിയ കള്ളത്തരങ്ങള്‍ എന്നില്‍ നിന്ന് വിലക്കാതെ എനിക്ക് പ്രോത്സാഹനം നല്‍കുകയാണ് ഇവര്‍ ചെയ്തത്. കൂട്ടുകാരുടെ പേനയും പുസ്തകവുമൊക്കെ മോഷ്ടിിച്ച് വീട്ടിലെത്തുമ്പോള്‍ എന്നെ തിരുത്താതെ വീണ്ടും അത്തരം തെറ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കിയത് ഇവരാണ്. അത് പിന്നീട് വലിയ കളവുകളിലേക്കും കള്ളത്തരങ്ങളിലേക്കും ഈ അവസ്ഥയിലേക്കും എന്നെ എത്തിച്ചു'.
മക്കളുടെ അഭിരുചി
മക്കളുടെ ഭാവി നിര്‍ണയിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് എത്രമാത്രം പങ്കുണ്ടെന്ന് ഈ രണ്ട് സംഭവങ്ങളും പഠിപ്പിക്കുന്നു. നമ്മുടെ മക്കളുടെ രണ്ട് സുപ്രധാന പരീക്ഷകളാണ് പത്താം ക്ലാസിലേതും പ്ലസ്ടുവിലേതും. അടിസ്ഥാനപരമായി അവരുടെ കരിയര്‍ തീരുമാനിക്കുന്ന രണ്ട് പരീക്ഷകളാണിവ. ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് അവരുടെ തുടര്‍പഠനവും. അതുകൊണ്ട് തന്നെ ഈ പരീക്ഷകളുടെ ഫലം മക്കളേക്കാള്‍ സമ്മര്‍ദ്ദത്തിലാക്കുന്നത് രക്ഷിതാക്കളെയാണ്. ഫലം വന്നാലുടനെ മക്കളെ ഏത് കോഴ്സിന്, ഏത് സ്ഥാപനത്തില്‍ ചേര്‍ക്കണം എന്നതാണ് അടുത്ത പ്രശനം. അതിന് വേണ്ടി എവിടെ പോവാനും, ആരെ കാണാനും, എത്ര പണം കൊടുക്കാനും അവര്‍ തയ്യാറാണ്. എന്നാല്‍ പഠിക്കേണ്ട മക്കളോട് ഒരഭിപ്രായം പോലും ചോദിക്കാത്തവരാണ് മിക്ക മാതാപിതാക്കളും. മക്കള്‍ക്ക് ഭാവിയില്‍ എന്താകണമെന്നോ, ഏത് കോഴ്സ് പഠിക്കണമെന്നോ, എവിടെ പഠിക്കണമെന്നോ പലരും ചോദിക്കാറില്ല. കിട്ടിയ എ പ്ലസിന്റെ എണ്ണവും വണ്ണവും നോക്കിയാണ് പലരും മക്കള്‍ ഇനിയെന്ത് പഠിക്കണം എന്ന് തീരുമാനിക്കുന്നത്. ഡോക്ടര്‍ മുതല്‍ ഓട്ടോ ഡ്രൈവര്‍ വരെയുള്ള കാറ്റഗറിയാണത്. അതിനിടയില്‍ മക്കളുടെ താല്‍പര്യത്തിനോ അഭിപ്രായത്തിനോ പുല്ലുവില പോലും പലരും നല്‍കാറില്ല. മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് കിട്ടിയവരെ ഒരു മാതാപിതാക്കളും സയന്‍സിന് (മെഡിക്കല്‍/എഞ്ചിനീയറിങ്) പറഞ്ഞയക്കാതിരിക്കില്ല. 80% ല്‍ കുറവ് മാര്‍ക്കുള്ളവരെ കൊമേഴ്സ് വിഷയങ്ങള്‍ക്കും കഷ്ടിച്ച് രക്ഷപ്പെട്ടവരെ ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ക്കും പറഞ്ഞയക്കലാണ് നമ്മുടെ നാട്ടുനടപ്പ്. ഈ ഒരു ഒഴുക്കിനെതിരെ നീങ്ങി, ലക്ഷ്യബോധത്തോടെ, മക്കളുടെ അഭിരുചിയറിഞ്ഞ്, അവരുടെ താല്‍പ്പര്യത്തിനനുസരിച്ചുള്ള കോഴ്‌സിന് പറഞ്ഞയക്കുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്.
ഏത് പരീക്ഷാഫലത്തെയും മാതാപിതാക്കള്‍ പോസിറ്റീവായ മനോഭാവത്തോടെ സമീപിക്കേണ്ടിയിരിക്കുന്നു. ഏത് പരീക്ഷയുടെ ഫലം വരുമ്പോഴും അതില്‍ നല്ല മാര്‍ക്ക് നേടി വിജയിച്ചവരും കുറഞ്ഞ മാര്‍ക്ക് നേടിയവരും പരാജയപ്പെട്ടവരും ഉണ്ടാകുവുന്നത് സ്വാഭാവികം മാത്രമാണ്. കുട്ടികളുടെ പഠിക്കാനുള്ള കഴിവും അഭിരുചിയും താല്‍പര്യവും പഠനസാഹചര്യവുമൊക്കെ അടിസ്ഥാനപ്പെടുത്തിയായിരിക്കും റിസള്‍ട്ട്. അതുകൊണ്ടാണ് ഒരേ ക്ലാസില്‍ ഒരുമിച്ചിരുന്ന് ഒരേ ടീച്ചറുടെ ക്ലാസ് കേട്ട് പഠിച്ച കുട്ടികളുടെ മാര്‍ക്കില്‍ വ്യത്യാസം കാണുന്നത്.
പരീക്ഷ എഴുതിയ മുഴുവന്‍ മക്കളും ഫുള്‍മാര്‍ക്ക് നേടി വിജയിക്കണമെന്നും എല്ലാ മക്കളും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആയിത്തീരണമെന്ന് ആഗ്രഹിക്കുന്നതും തികച്ചും അസംബന്ധമാണ്. എല്ലാ മാതാപിതാക്കള്‍ക്കും അവരുടെ മക്കള്‍ ഇങ്ങനെയൊക്കെ ആയിത്തീരണം എന്നാണ് ആഗ്രഹം. എന്നാല്‍ മക്കള്‍ ആഗ്രഹിക്കുന്നത് മറ്റൊന്നായിരിക്കും. അതൊരുപക്ഷേ പൊലീസ് ഓഫിസര്‍, ഐഎഎസുകാരന്‍, പട്ടാളക്കാരന്‍, അധ്യാപകന്‍, ബിസിനസ്മാന്‍ അങ്ങനെ പലതുമാവും. ഇത്തരം ആഗ്രഹങ്ങളുള്ള മക്കളെ പത്താം ക്ലാസിനു ശേഷം നിര്‍ബന്ധിച്ച് സയന്‍സ് ഗ്രൂപ്പ് എടുപ്പിച്ച് എല്ലാ ദിവസവും ട്യൂഷനും പറഞ്ഞയച്ച് അവനെ പീഡിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ രക്ഷിതാക്കള്‍ ചെയ്യുന്നത്. ഇഷ്ടമില്ലാതിരുന്നിട്ടും മാതാപിതാക്കളെ ഭയന്ന് മാത്രം അവര്‍ ഈ വിഷയം പഠിക്കുന്നു. ഈ കുട്ടികളില്‍ അപൂര്‍വ്വം ചിലര്‍ മാത്രമായിരിക്കും ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഈ പഠനം തുടരുകയും ജോലി കരസ്ഥമാക്കുകയും ചെയ്യുന്നത്. ബാക്കിയുള്ളവരെല്ലാം പഠനത്തോട് വിമുഖത കാണിച്ച് പിന്തിരിയുകയോ മറ്റു ചെറിയ ചെറിയ ജോലികള്‍ ചെയ്യുന്നവരായോ ജീവിക്കും.
പരീക്ഷാ ഫലത്തെ പോസിറ്റീവായി മാത്രം കാണുക, കുട്ടി നല്ല മാര്‍ക്ക് നേടിയാലും ഇല്ലെങ്കിലും. നല്ല മാര്‍ക്ക് നേടി വരുന്ന കുട്ടിയെ എ പ്ലസുകള്‍ കുറഞ്ഞതിന്റെ പേരില്‍ ചീത്തപറയുന്നതിനും മര്‍ദ്ദിക്കുന്നതിനും പകരം വിജയിച്ചതിന്റെ പേരില്‍ അനുമോദിക്കുകയും പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്യാം. പരാജയപ്പെട്ടവരെയും മാര്‍ക്ക് തീരെയില്ലാത്തവനെയും പരിഹസിക്കുകയും നിരുത്സാഹപ്പെടുത്തുകയും മുഴുവന്‍ എ പ്ലസും നേടിയ അയല്‍പക്കത്തെ കുട്ടിയോട് താരതമ്യം ചെയ്ത് ചീത്തപറയുകയും ചെയ്യുന്നതിന് പകരം അവരെ സമാധാനിപ്പിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യാം. പരാജയം ഏല്‍പിച്ച മാനസിക സംഘര്‍ഷത്തില്‍ വീര്‍പ്പുമുട്ടുന്ന ആ കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ലഭിക്കുന്ന പരിഹാസം സഹിക്കാവുന്നതിലും അപ്പുറമായിരിക്കും. കൂട്ടുകാരികള്‍ക്ക് മുഴുവന്‍ എ പ്ലസ് കിട്ടുകയും തനിക്ക് ഒന്ന് കുറഞ്ഞു പോവുകയും ചെയ്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്തവരും, മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരും കേരളത്തിലുണ്ട്. അപ്പോള്‍ പിന്നെ പരാജയപ്പെട്ടവരുടെ മനസ് പറയേണ്ടതില്ലല്ലോ.
ആ പരാജയം വരാനിരിക്കുന്ന വിജയങ്ങളുടെ ആദ്യപടി
അവര്‍ക്ക് വീണ്ടും വാശിയോടെ മുന്നേറാനുള്ള ധൈര്യവും ആത്മവിശ്വാസവും മനക്കരുത്തും നല്‍കേണ്ടത് മാതാപിതാക്കളും അവന്റെ ചുറ്റുപാടുമാണ്. എസ് എസ് എല്‍ സിയും പ്ലസ് ടുവും വിജയങ്ങളുടെ അവസാന വാക്കല്ല, ആദ്യ കടമ്പ മാത്രമാണ്. ആദ്യ പരാജയം കൊണ്ട് ജീവിതത്തിന്റെ വാതിലുകള്‍ അവിടെ കൊട്ടിയടക്കപ്പെടുന്നില്ല. ആ പരാജയം വരാനിരിക്കുന്ന വിജയങ്ങളുടെ ആദ്യപടിയാക്കാന്‍ മറ്റുള്ളവരാണ് പ്രോത്സാഹനവും ആത്മവിശ്വാസവും നല്‍കേണ്ടത്.
വൈദ്യുതി ബള്‍ബ് പ്രദര്‍ശിപ്പിക്കാന്‍ എല്ലാ ആളുകളെയും വിളിച്ചുകൂട്ടി എങ്കിലും, ഇരുനൂറാമത്തെ പ്രാവശ്യവും പരീക്ഷണം പരാജയപ്പെട്ട എഡിസന്‍ തന്റെ മുന്‍പില്‍ കൂടി നില്‍ക്കുന്നവരോട് പുഞ്ചിരി തൂകികൊണ്ട് പറഞ്ഞത്: 'ബള്‍ബ് കണ്ടുപിടിക്കാനുള്ള ഇരുനൂറ് തെറ്റായ വഴികള്‍ ഞാന്‍ കണ്ടുപിടിച്ചിരിക്കുന്നു, വിജയത്തിലേക്ക് ഇനി കുറച്ച് ദൂരം മാത്രം'. ആ യാത്ര അവസാനിച്ചത് വിപ്ലവാത്മകമായ ഒട്ടനവധി കണ്ടുപിടുത്തങ്ങളിലാണ്.
തനിക്കേറ്റ പരാജയങ്ങളില്‍ നിരാശപൂണ്ട് ലക്ഷ്യത്തില്‍ നിന്ന് പിന്‍വാങ്ങാതെ പൊരുതാനുള്ള കരുത്താണ് നമ്മുടെ മക്കള്‍ക്ക് നല്‍കേണ്ടത്. മഴ പെയ്യുമ്പോള്‍ മഴ മേഘങ്ങള്‍ക്ക് മീതെ പറന്ന് രക്ഷപ്പെടുന്ന കഴുകനെ പോലെ പ്രതിബന്ധങ്ങളില്‍ തട്ടി നിലംപതിക്കാതെ, അതിനെ വകഞ്ഞുമാറ്റി മുന്നേറാന്‍ അവര്‍ക്ക് കരുത്ത് പകരല്‍ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ബാധ്യതയാണ്.
ജീവിതത്തില്‍ നിരവധി തോല്‍വി ഏറ്റുവാങ്ങിയ വ്യക്തിയാണ് എബ്രഹാം ലിങ്കന്‍. പരാജയങ്ങള്‍ ഒരുപാട് ഏറ്റുവാങ്ങിയിട്ടും അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്നത് വരെ അദ്ദേഹം പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഈയൊരു ആത്മവിശ്വാസമാണ് നമുക്കുണ്ടാവേണ്ടത്.
തീവ്രമായി ആഗ്രഹിച്ചാല്‍...
എന്നെക്കൊണ്ട് ഇതിനൊന്നും സാധിക്കില്ല, എനിക്ക് അതിനുമാത്രം ബുദ്ധിയില്ല എന്നൊക്കെ വിചാരിക്കുന്നവരോട് നിങ്ങള്‍ക്ക് മുന്‍പില്‍ ഇനിയും ധാരാളം വഴികള്‍ തുറന്നു കിടക്കുന്നുണ്ട് എന്ന് പറയാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ നാളെയുടെ താരങ്ങളായി മാറും. ആ വഴികള്‍ കണ്ടെത്താന്‍ അവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയുമാണ് വേണ്ടത്. അല്ലാതെ നീ ഇനി പഠിച്ചിട്ടൊന്നും കാര്യമില്ല, വല്ല പണിക്കും പൊയ്‌ക്കോ, നിന്നെയൊക്കെ വളര്‍ത്തിയ നേരം എന്നിങ്ങനെ തുടങ്ങി ഒരുപാട് ശകാര വര്‍ഷം നടത്തിയതുകൊണ്ട് ഒരു ഫലവുമില്ല, ആ കുട്ടിയുടെ ഭാവി തകരുമെന്നാല്ലാതെ. ലക്ഷ്യബോധത്തോടെ അദ്ധ്വാനിച്ചാല്‍ ആര്‍ക്കും എവിടെയും എത്താം. ലോക പ്രസിദ്ധനായ പൗലോകൊയ്ലോ തന്റെ ബെസ്റ്റ് സെല്ലര്‍ പുസ്തകമായ 'ആല്‍ക്കമിസ്റ്റ്' ലൂടെ പഠിപ്പിക്കുന്നത് 'ഒരു കാര്യം നേടണമെന്ന് നിങ്ങള്‍ തീവ്രമായി ആഗ്രഹിച്ചാല്‍, അത് നേടാന്‍ ഈ പ്രപഞ്ചം മുഴുവന്‍ അവനെ സഹായിക്കാനുണ്ടാവും' എന്നാണ്.
എഡിസന്റെ ചരിത്രത്തിലേക്ക് തിരിച്ചു വരാം. അമ്മ മരിച്ചു ദീര്‍ഘകാലങ്ങള്‍ക്കു ശേഷം, അമ്മയുടെ പെട്ടിയില്‍ നിന്നും യാദൃശ്ചികമായാണ് എഡിസന് തന്റെ ടീച്ചറുടെ കത്ത് ലഭിച്ചത്. അതിലെ വാചകങ്ങള്‍ കണ്ട അദ്ദേഹം പൊട്ടിക്കരഞ്ഞു. അദ്ദേഹം പറയുന്നു: 'എന്റെ അമ്മയാണെന്നെ ഞാനാക്കിയത്. അവര്‍ എന്റെ കഴിവുകളില്‍ ഉറച്ച വിശ്വാസമുള്ളവരും സത്യസന്ധയുമായിരുന്നു. എനിക്ക് ജീവിക്കാന്‍ ഒരു ലക്ഷ്യമുണ്ടെന്നും നിരാശപ്പെടുത്താതിരിക്കാന്‍ ഒരാളുണ്ടെന്നും തോന്നിയിരുന്നു.'
ഓരോ രക്ഷിതാക്കളും മക്കളുടെ വിജയവും ഉന്നതിയും ആഗ്രഹിക്കുന്നവരാണ്, അതെത്ര ത്യാഗം സഹിച്ചിട്ടാണെങ്കിലും. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മക്കളോട് ചെയ്യരുത്. അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഉന്നതപഠനം നേടാന്‍ അവരെ സഹായിക്കുക. അവര്‍ക്ക് ഡോക്ടര്‍ ആവണമെങ്കില്‍ അതിനും ബസ് ഡ്രൈവര്‍ ആവണമെങ്കില്‍ അതിനും അവരെ സഹായിക്കുക. വിജയവും സന്തോഷവും സുനിശ്ചിതം.