ആക്രമണങ്ങളില്‍നിന്നും കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിക്കാനാവും?
എങ്ങനെ നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താം . വിജിത ജിജു എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
കുഞ്ഞുങ്ങള്‍ക്ക് എതിരായ ആക്രമണങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നത് ഞ്ഞെട്ടലോടെ മാത്രമാണ് നമുക്ക് വീക്ഷിക്കാനാവുന്നത് . കണക്കനുസരിച്ച് ലോകത്തില്‍ മൂന്നില്‍ ഒരു കുഞ്ഞ് വീതം പലവിധ അതിക്രമങ്ങള്‍ക്കും ഇരയാവുന്നുണ്ട്. ഏറെ ഭയപ്പെടുത്തുന്നത് ഇതില്‍ 50 ശതമാനം ഇരകളും16 വയസ്സില്‍. താഴെയുള്ള കുട്ടികള്‍ ആണ് എന്നതാണ്.
കുട്ടികള്‍ക്ക് എതിരായ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ ഓരോ കുഞ്ഞു ജീവനും എങ്ങനെ സുരക്ഷിതമാക്കാം എന്നാണ് ആലോചിക്കേണ്ടത്.
രക്ഷിതാക്കള്‍ ആണ് ആദ്യ അധ്യാപകര്‍ എന്നിരിക്കേ നമ്മള്‍ തന്നെയാണ് കുട്ടിക്ക് സുരക്ഷിതത്വത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിപ്പിച്ചു കൊടുക്കേണ്ടത്. ചെറുപ്രായത്തില്‍ തന്നെ നല്‍കുന്ന ഇത്തരം അവബോധം ഊട്ടിഉറപ്പിക്കുന്നത് നിങ്ങളുടെ കുഞ്ഞിന്റെ സുരക്ഷിതത്വം മാത്രമല്ല, വ്യക്തമായ ചിന്താധാരയും കരുത്തുറ്റ വ്യക്തിത്വവും കൂടിയാണ്. പക്ഷേ ദിവസത്തിന്റെ പകുതിയിലേറെയും ഓരോ കുഞ്ഞും സ്‌കൂളിലാണ് ചില വഴിക്കുന്നത് എന്നത് കൊണ്ട് അധ്യാപകരുടെ ഉത്തരവാദിത്വവും തുല്യം തന്നെ.
എങ്ങനെ നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താം എന്നതിനെ കുറിച്ച് ഓരോ രക്ഷിതാവും അധ്യാപകനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് താഴെ:
1. പ്രൈമറി ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍. (പ്രായം 6-9)
* സ്വയം അറിഞ്ഞിരിക്കണം.
പൂര്‍ണമായ പേര്, വിലാസം, മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകള്‍ എന്നിവ കൃത്യമായി പഠിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഏതു സാഹചര്യത്തിലും ആശ്രയിക്കാവുന്ന മൂന്ന് കുടുംബ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിലാസവും ഫോണ്‍ നമ്പറും കുട്ടികളെ പഠിപ്പിച്ചിരിക്കണം. ഇത് സ്‌കൂളിലും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.
* സാഹചര്യാവബോധം
എത്തിപ്പെടാന്‍ ഇടയുള്ള സാഹചര്യങ്ങളെ കുറിച്ച് ഓരോ കുട്ടിയും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യം ആണ്. ചെറിയ കളികളിലൂടെ നമുക്ക് അതവര്‍ക്ക് പഠിപ്പിച്ചു കൊടുക്കാവുന്നതാണ്. ഉദാഹരണത്തിന് ചുറ്റുമുള്ള ഓരോ കാര്യങ്ങളും നിരീക്ഷിച്ചു പറയിപ്പിക്കുക,അല്ലെങ്കില്‍ ഒരു അടച്ച മുറിയില്‍ എങ്ങിനെ പുറത്തേക്കുള്ള വഴി കണ്ടെത്താം, എന്നിങ്ങനെ ഉള്ള കാര്യങ്ങള്‍ കളി രൂപേണ അവരെ കൊണ്ട് ചെയ്യിപ്പിക്കുക.
*സുരക്ഷിതവും അല്ലാത്തതും ആയ സ്പര്‍ശം
സുരക്ഷിതവും അല്ലാത്തതും ആയ സ്പര്‍ശം എന്താണ് എന്ന് കുഞ്ഞുങ്ങളെ പഠിപ്പിച്ചു കൊടുക്കുക. അവരുടെ ഓരോ വാക്കും നിങ്ങള്‍ വിശ്വസിക്കുന്നുണ്ട് എന്ന് അവര്‍ക്ക് തോന്നട്ടെ. നിങ്ങളുടെ കുട്ടി അവളുടെ ഓമനത്തമുള്ള പ്രായത്തിലാണ് എന്നിരിക്കെ ഉമ്മ വച്ചും കെട്ടിപ്പിടിച്ചുമൊക്കെ സ്‌നേഹം പ്രകടിപ്പിക്കാന്‍ ധാരാളംപേര്‍ കാണും. നിങ്ങളൊഴികെ അന്യരെ അതിനനുവദിക്കരുത്. കുട്ടിക്ക് അസ്വസ്ഥത ഉളവാക്കുന്ന ഏത് സ്പര്‍ശവും ചീത്തയാണ് എന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക.
* പ്രതികരിക്കാം, ഉടനെ തന്നെ
അസ്വസ്ഥതതയോ അരക്ഷിതാവസ്ഥയോ തോന്നുന്ന ഏതു സാഹചര്യത്തിലും 'അരുത്' എന്ന് ഉറക്കെ പറയാന്‍ അവരെ പഠിപ്പിക്കണം. അതോടൊപ്പം ആ സാഹചര്യത്തില്‍ നിന്നും പുറത്തു പോകാനും, ഇങ്ങനെ ഒരു സംഭവമുണ്ടായി എന്ന് തനിക്ക് വിശ്വാസമുള്ള ആളോട് തുറന്നു പറയാനും ഉള്ള ധൈര്യം അവര്‍ക്ക് പകര്‍ന്നു കൊടുക്കുക.
* ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്പര്‍
നിങ്ങളുടെ കുട്ടി ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്പര്‍- 1098 - ഓര്‍മ്മിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കു പുറകില്‍ ഏറെയും സ്വന്തം കുടുംബാംഗങ്ങള്‍ തന്നെയാണ് എന്നിരിക്കെ അത് അറിയാവുന്ന ആളുകളോട് തുറന്നു പറയാന്‍ കുഞ്ഞിന് സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ ഈ നമ്പര്‍ അറിഞ്ഞിരിക്കുന്നത് കുട്ടിക്ക് വളരെ ഉപകാരപ്രദമായിരിക്കും. അധ്യാപകര്‍ ഈ നമ്പര്‍ കുട്ടികളെ പഠിപ്പിക്കുന്നതും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതും അനിവാര്യമാണ്.
* അപരിചിതര്‍, അപകടം
നമ്മുടെ സാന്നിദ്ധ്യത്തില്‍ പോലും അപരിചിതരുമായി ഇടപഴകാന്‍ കുട്ടികളെ അനുവദിക്കാതിരിക്കുക. അതവര്‍ക്ക് നിങ്ങളുടെ അസാന്നിദ്ധ്യത്തിലും അന്യരുമായി ഇടപഴകാനുള്ള താല്‍പ്പര്യം ഇല്ലാതാക്കും. നിങ്ങളുടെ സാന്നിദ്ധ്യത്തിലാവട്ടെ ,അസാന്നിദ്ധ്യത്തിലാവട്ടെ, അപരിചിതരുമൊത്തുുള്ള യാത്ര, സംസാരം, അവരില്‍ നിന്നും ഭക്ഷണം വെള്ളം എന്നിവ സ്വീകരിക്കുക തുടങ്ങിയവ ചെയ്യരുത് എന്നും അതിന്റെ അപായ സാധ്യതകളും കുഞ്ഞുങ്ങളോട് വിശദീകരിച്ചു കൊടുക്കുക.
* വഴികള്‍ അറിയണം
ട്യൂഷന്‍, സ്‌കൂള്‍, കളിസ്ഥലങ്ങള്‍, ഇടങ്ങള്‍ ഏതുമാകട്ടെ, സ്ഥിരം പോകാറുള്ള വഴികള്‍ തന്നെ സഞ്ചരിക്കാനായി തിരഞ്ഞെടുക്കാനും യാത്രകളില്‍ എപ്പോഴും വിശ്വസ്തനായ ഒരാളുടെ കൂട്ട് തേടേണ്ട ആവശ്യകതയും കുഞ്ഞിനെ ബോധ്യപ്പെടുത്തി കൊടുക്കുക. ഏതു സാഹചര്യത്തിലും ഒറ്റക്കുള്ള പുതിയ വഴികള്‍ തേടല്‍ നിരുത്സാഹപ്പെടുത്തുക.
2. കൗമാരത്തിന്റെ തുടക്കം (പ്രായം 10-12)
* നേരിടാം, കരുത്തോടെ
അപകടഘട്ടങ്ങളില്‍ എങ്ങനെ സ്വയം പ്രതിരോധിക്കാം, സുരക്ഷ ഉറപ്പുവരുത്താം എന്നീ കാര്യങ്ങള്‍ ഈ പ്രായത്തിലുള്ള ഓരോ കുഞ്ഞിനെയും പഠിപ്പിക്കേണ്ടത് പരമപ്രധാനമാണ്. ആത്മരക്ഷക്കുതകുന്ന അഭ്യാസമുറകളും അവര്‍ പരിശീലിക്കട്ടെ. സ്വന്തം സുരക്ഷ എന്നതിനപ്പുറം ആത്മവിശ്വാസം വളര്‍ത്താനും ഇത്തരം പരിശീലനങ്ങള്‍ അവരെ പ്രാപ്തരാക്കുന്നു.
* കരുതലോടെ, എപ്പോഴും
സാഹചര്യങ്ങളെ കുറിച്ചുള്ള അവബോധം കുട്ടിക്കുണ്ട് എന്ന് ഉറപ്പു വരുത്തണം. ഏത് സാഹചര്യത്തിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തതരാക്കണം. പരിചിതമായ എല്ലാ സ്ഥലങ്ങളും ,മുഖങ്ങളും സുരക്ഷിതമാവില്ല എന്നും എപ്പോഴും കരുതലോടെ നീങ്ങേണ്ടത് ആവശ്യമെന്നും കുട്ടിയെ ബോധ്യപ്പെടുത്തണം.
* വിശ്വസിക്കാം, സഹജാവബോധത്തെ.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമൊക്കെ സഹജമായി കിട്ടിയിട്ടുള്ള കഴിവാണ് അപായസൂചനകള്‍ തിരിച്ചറിയുക എന്നത്. അതൊരു പക്ഷേ ഒരു തുറിച്ചു നോട്ടമോ അസ്വസ്ഥത ഉളവാക്കുന്ന ഒരു സ്പര്‍ശമോ ആവാം. ഇത്തരം സഹജാവബോധത്തെ വിശ്വസിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അവരെ പഠിപ്പിക്കുക.
3. കൗമാരം (പ്രായം 13-18)
പ്രായപൂര്‍ത്തിയാകുന്നതോടെ ഉടലെടുക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളാല്‍ വൈകാരികവും സങ്കീര്‍ണ്ണവുമായ ഘട്ടങ്ങളിലൂടെ ഓരോ പെണ്‍കുട്ടിയും സഞ്ചരിക്കുന്ന പ്രായമാണിത്. പരസ്പരാകര്‍ഷണം തുടങ്ങുന്നു എന്നതും ഈ പ്രായത്തിന്റെ പ്രത്യേകത തന്നെ. താന്‍ മറ്റൊരാളുടെ ആകര്‍ഷണാ കേന്ദ്രമാകുന്നുണ്ട് എന്നത് അവരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായിരിക്കാം.പക്ഷേ ചാപല്യങ്ങള്‍ക്കപ്പുറം ആത്മവിശ്വാസമുള്ള, തന്റേടമുള്ള സ്ത്രീയാകാന്‍ അവളെ പ്രാപ്തയാക്കേണ്ടത് നിങ്ങളാണ് എന്നറിഞ്ഞ് പ്രവര്‍ത്തിക്കുക.
* പ്രതികരിക്കാം, ശക്തമായിതന്നെ
അരുത് എന്ന് പറയാന്‍, പ്രതികരിക്കാന്‍ നിങ്ങളുടെ കുട്ടി പ്രാപ്തയാകട്ടെ. സാഹചര്യം ഏതുമായി കൊള്ളട്ടെ, വ്യക്തി ആരുമാവട്ടെ, തന്റെ ശരീരം തന്റെ മാത്രം അവകാശമാണ് എന്നു മനസ്സിലാക്കാനും അസുഖകരമായ സാഹചര്യങ്ങളില്‍ അരുത് എന്നുറക്കെ പറയാനും അവളെ പഠിപ്പിക്കണം.
* തുറന്നു സംസാരിക്കുക
അവളുടെ വളര്‍ച്ചയില്‍ അവള്‍ സുഹൃത്തുക്കളുമായി അധികം സമയം ചിലവഴിച്ചേക്കാം, പുതിയ സ്ഥലങ്ങള്‍, പരീക്ഷണങ്ങള്‍ എല്ലാം അവളുടെ താത്പര്യങ്ങളാവാം. പക്ഷേ ഏതവസ്ഥയിലും നിങ്ങള്‍ അവളുടെ കൂടെയുണ്ട് എന്ന തോന്നല്‍ ശക്തമാക്കുക. കൂടെ തുറന്ന സംസാരങ്ങളിലൂടെ സംസ്‌കാരത്തെ കുറിച്ചും മൂല്യബോധത്തെ കുറിച്ചുമൊക്കെ അവളെ ബോധ്യപ്പെടുത്തുക.
*സൈബര്‍ ചതി കുഴികള്‍
ഇന്നത്തെ കുട്ടികളില്‍ ഭൂരിഭാഗവും ഫോണ്‍ ഉപയോഗിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ളവരും ആണ്. അതു കൊണ്ടു തന്നെ സൈബര്‍ ലോകത്തെ ചതിക്കുഴികളെ കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നിങ്ങളവര്‍ക്ക് കൊടുക്കേണ്ടതുണ്ട്. വ്യക്തിപരമായ കാര്യങ്ങള്‍ അന്യരുമായി പങ്കു വയ്ക്കുന്നതില്‍ നിന്നും അവരെ വിലക്കുകയും അതിന്റെ ദോഷവശങ്ങള്‍ ഉദാഹരണ സഹിതം ബോധ്യപ്പെടുത്തുകയും ചെയ്യുക.
* അറിയണം, ആപത്തുകള്‍
എല്ലാ തരത്തിലുള്ള ഉപദ്രവങ്ങളും ശിക്ഷാര്‍ഹമാണ് എന്ന് കുട്ടികളെ അറിയിക്കണം. ശാരീരിക ഉപദ്രവങ്ങള്‍ മാത്രമല്ല ,മാനസികമായുള്ളവയും നിയമപരിധിയില്‍ പെടും എന്നവരറിയണം.
4.എങ്ങനെ തിരിച്ചറിയാം?
നിങ്ങളുടെ കുട്ടികള്‍ ഇത്തരം പ്രയാസങ്ങളോ അരക്ഷിതത്വമോ അനുഭവിക്കുന്നവരാണോ എന്ന് തിരിച്ചറിയാനുള്ള ചില വഴികളാണ് താഴെ കൊടുത്തിരിക്കുന്നത്
1. കുട്ടി സന്തോഷവതി / സന്തോഷവാനാണോ?
2. ഏതെങ്കിലും വിധത്തിലുള്ള ഭയമോ വിഷമമോ കുട്ടിയില്‍ പ്രകടമാണോ?
3. സംശയാസ്പദമായ രീതിയിലുള്ള മുറിവോ ചതവോ വേദനയോ കുട്ടിയുടെ ശരീരത്തിലുണ്ടോ?
4. കുട്ടി സ്വയം ഒതുങ്ങിക്കൂടുന്നുണ്ടോ?.
5. കുട്ടിയുടെ പെരുമാറ്റത്തില്‍ പെട്ടന്ന് മാറ്റങ്ങളുണ്ടാവുന്നുണ്ടോ?
6. കുട്ടി സുഹൃദ് വലയത്തില്‍ ആശ്വാസം കണ്ടെത്തുന്നുണ്ടോ ?
7. പൊതുസ്ഥലങ്ങള്‍, ചടങ്ങുകള്‍ എന്നിവ കുട്ടി ഒഴിവാക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട്?
8. സ്‌കൂള്‍ വാഹനത്തില്‍ സഞ്ചരിക്കാന്‍ കുട്ടി വിമുഖത പ്രകടിപ്പിക്കുന്നുണ്ടോ?
ഇന്നത്തെ സാമൂഹിക വ്യവസ്ഥിതി ഓരോ കുട്ടിക്കും ഏറെ കരുതല്‍ ആവശ്യപ്പെടുന്നുണ്ട് . നമ്മുടെ അവഗണനയോ, അശ്രദ്ധയോ മൂലം കുട്ടികള്‍ അരക്ഷിതത്വത്തിന്റെയും അപമാനത്തിന്റെയും തമോഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിയപ്പെടാതിരിക്കട്ടെ !
എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം