പഠിക്കാത്ത കുട്ടികള്‍ ഉണ്ടാവുന്നത് എന്തുകൊണ്ടാണ്?
കുട്ടികളെ മിടുക്കരാക്കാന്‍ നമ്മള്‍ ചെയ്യേണ്ടത്. ഡോ. സജീല എ കെ എഴുതുന്നു
പുതിയ കണക്കുകള്‍ പ്രകാരം നമ്മുടെ രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നു. 4 മുതല്‍ പതിനാറ് വയസ്സു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 12 ശതമാനത്തോളം വിവിധ തരത്തിലുള്ള മാനസിക രോഗലക്ഷണങ്ങള്‍ ഉള്ളിലൊതുക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യുന്നവരാണ്. ഈ സംഖ്യ ഒട്ടും ചെറുതല്ല.
പുത്തന്‍ പാഠങ്ങളുടെയും കളിചിരികളുടെയും കൂട്ടമണി മുഴങ്ങുകയായി. പുതിയ ബാഗ്, പുതിയ പുസ്തകങ്ങള്‍, ചിലര്‍ക്കെങ്കിലും പുത്തന്‍ സ്‌കൂളുകളും പുതിയ കൂട്ടുകാരും. കൊച്ചു മിടുക്കന്മാരും മിടുക്കികളും വീണ്ടുമൊരു അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങിക്കഴിഞ്ഞു.എ പ്ലസുകളും ഗ്രേഡുകളും സമ്മാനങ്ങളും അംഗീകാരങ്ങളും നിറഞ്ഞ നല്ല ദിനങ്ങള്‍ അവരെ കാത്തിരിക്കുന്നു.
പുത്തന്‍ വര്‍ഷം പക്ഷെ, അവരുടേത് മാത്രമല്ല. മണ്ടന്‍മാരുടേതും മടിച്ചികളുടേതും ഉഴപ്പന്‍മാരുടേതും കൂടിയാണ്. കുത്തുവാക്കുകളും ചൂരല്‍ പഴങ്ങളും ഇമ്പോസിഷനുകളും ഗെറ്റ് ഔട്ടുകളും തുടങ്ങി പൊരി വെയിലത്ത് ഗ്രൗണ്ടില്‍ ഓടുന്നതും ക്ലാസ് റൂമില്‍ മുട്ടിലിഴയുന്നതും വരെ ഏറ്റു വാങ്ങാന്‍ അവരുടെ ജീവിതം ബാക്കി കിടക്കുന്നു.
മാര്‍ക്ക് ഷീറ്റിലേക്ക് മാത്രം നോക്കി കുഞ്ഞുങ്ങളെ മിടുക്കരെന്നും കഴിവ് കെട്ടവരെന്നും തരം തിരിക്കുന്ന ഒരു പഴഞ്ചന്‍ വാധ്യാരുടെ രൂപം തന്നെയാണ് നമ്മുടെ അക്കാദമിക് വ്യവസ്ഥക്ക് ഇപ്പോഴും. പരീക്ഷയില്‍ എഴുതി ഫലിപ്പിക്കാന്‍ കഴിയാത്തത് കൊണ്ടു മാത്രം അനേകം കുഞ്ഞു സ്വപ്നങ്ങളും പ്രതീക്ഷകളും ഓരോ വര്‍ഷവും ക്ലാസ് റൂമുകളില്‍ പൊലിഞ്ഞു പോകുന്നു. ഈ കുട്ടിക്കണ്ണീരും വേദനയും ഇന്ന് മുഖ്യധാരയില്‍ വരുന്നില്ല എങ്കിലും പല തരത്തിലുള്ള പെരുമാറ്റ വൈകല്യങ്ങളായും മാനസിക പ്രശ്‌നങ്ങളായും അവ ഭാവിയിലെ സാമൂഹിക ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം.നാളത്തെ ഉത്തമ പൗരന്മാര്‍ മാത്രമല്ല അധോലോകനായകന്മാരും സാമൂഹ്യദ്രോഹികളും ഒക്കെ ഇന്നത്തെ വിദ്യാലയങ്ങളില്‍ തന്നെയുണ്ടെന്ന സത്യം വിസ്മരിക്കാവതല്ല.
പുതിയ കണക്കുകള്‍ പ്രകാരം നമ്മുടെ രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നു. 4 മുതല്‍ പതിനാറ് വയസ്സു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 12 ശതമാനത്തോളം വിവിധ തരത്തിലുള്ള മാനസിക രോഗലക്ഷണങ്ങള്‍ ഉള്ളിലൊതുക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യുന്നവരാണ്. ഈ സംഖ്യ ഒട്ടും ചെറുതല്ല. അമ്പത് കുഞ്ഞുങ്ങളുള്ള ഒരു ക്ലാസ് മുറിയില്‍ ആറു പേര്‍. ഒരു ശരാശരി ക്ലാസ്സിലെ ഫുള്‍ എ പ്ലസുകാരുടേതിനെക്കാള്‍ എണ്ണക്കൂടുതല്‍. വിദ്യാഭ്യാസ സമ്പ്രദായം അടിമുടി അടിച്ചു വാര്‍ക്കണം എന്ന നടപ്പില്ലാ സ്വപ്നങ്ങളൊക്കെ മാറ്റിവച്ചു ഒന്ന് ചിന്തിക്കുക, എന്തു ചെയ്യാന്‍ ആകുമെന്ന്.
ഏതെങ്കിലും തരത്തില്‍ ബ്രാന്‍ഡ് ചെയ്ത് ബാക് ബെഞ്ചിലേക്കോ പാര്‍ശ്വങ്ങളിലേക്കോ തള്ളിയകറ്റുന്നതിനു പകരം മാര്‍ക്ക്കുറഞ്ഞ കുഞ്ഞുങ്ങളെയും മുഖ്യധാരയിലേക്ക് കൈ പിടിച്ച് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഒപ്പം അമിത പ്രതീക്ഷകളുടെ ഭാരം ആരുടെ ചിറകിലും കെട്ടി വയ്ക്കുകയും അരുത്.
പഞ്ചേന്ദ്രിയങ്ങളിലൂടെ മനസ്സിലാക്കുന്ന കാര്യങ്ങള്‍ തലച്ചോറില്‍ എത്തി ക്രോഡീകരിക്കപ്പെടുകയും അവ സന്ദര്‍ഭാനുസരണം പുനരുല്‍പ്പാദിപ്പിക്കുകയുമാണ് (റീപ്രൊഡ്യൂസ്) പഠന പ്രക്രിയയില്‍ സംഭവിക്കുന്നത്. ക്ളാസ് മുറിയെ സംബന്ധിച്ചിടത്തോളം പ്രധാനമായും കാഴ്ച, കേള്‍വി എന്നിവയിലൂടെ ഗ്രഹിക്കുന്ന കാര്യങ്ങള്‍ തലച്ചോറില്‍ ക്രോഡീകരിച്ച് പരീക്ഷാ സമയത്ത് അതു ഉചിതമായ രീതിയില്‍ പ്രകടിപ്പിക്കുവാന്‍ കഴിയുന്നുണ്ടോ എന്നാണ് അളക്കപ്പെടുന്നത്.ഈ പ്രക്രിയയില്‍ എവിടെയെങ്കിലും വരുന്ന പോരായ്മ വിദ്യാര്‍ത്ഥി പുറകോട്ട് തള്ളപ്പെടാന്‍ കാരണമാകുന്നു. അതുകൊണ്ടു തന്നെ കാരണങ്ങള്‍ അറിഞ്ഞുള്ള ഒരു പരിഹാരം മാത്രമേ ഫലപ്രദമാവുകയുള്ളൂ.
ജനിക്കും മുമ്പേ തുടങ്ങാം ഇടപെടലുകള്‍
എപ്പോള്‍ തുടങ്ങണം ഇടപെടലുകള്‍ എന്ന ചോദ്യത്തിന് ഏറ്റവും ആദ്യം എന്നു തന്നെയാണ് ഉത്തരം. അതായത് ഒരു കുഞ്ഞു ജനിക്കുന്നതിനു മുന്‍പേ .
ഗര്‍ഭപാത്രത്തില്‍ കുഞ്ഞു രൂപപ്പെടുന്ന ആദ്യനാളുകളില്‍ ആണ് അവന്റെ നാഡീ കോശങ്ങളുടെ വികാസം സംഭവിക്കുന്നത്. അമ്മയുടെ ശരീരത്തില്‍ ആവശ്യാനുസരണം ഫോളിക് ആസിഡ് ഉണ്ടായിരിക്കണം എന്നതാണ് ഈ പ്രക്രിയയുടെ അടിസ്ഥാന ഘടകം. നമ്മുടെ കൗമാരക്കാരികളിലെ അയേണ്‍് ഫോളിക് ആസിഡ് സപ്‌ളിമെന്‍േറഷന്‍ അടക്കമുള്ള ആരോഗ്യ സംരക്ഷണ യജ്ഞങ്ങളില്‍തുടങ്ങണം വരും തലമുറയുടെ നല്ല ഭാവിയെ കുറിച്ചുള്ള കരുതലുകള്‍ എന്നര്‍ത്ഥം.
പലതരം പഠന വൈകല്യങ്ങളുടെയും കാരണമായി പറയുന്നത് ഗര്‍ഭാവസ്ഥയിലും പ്രസവ സമയത്തും കുഞ്ഞു മസ്തിഷകത്തിനേല്‍ക്കുന്ന ആഘാതങ്ങളാണ്. അവയുടെ പരിഹാരമായി ഒറ്റവാക്കില്‍ നിര്‍ദേശിക്കാനുള്ളത് 'സേഫ് മദര്‍ഹുഡ് പ്രാക്ടീസസ് 'അഥവാ ഗര്‍ഭ സമയത്തും പ്രസവ സമയത്തും മതിയായ വൈദ്യ സഹായവും ആരോഗ്യ പരിരക്ഷയും ഉറപ്പു വരുത്തുക്.
ഏത് വൈകല്യം മൂലവുമുണ്ടാകുന്ന ആഘാതങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ഏറ്റവും ആദ്യം കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കുക എന്നത് പ്രധാന മാണ്.അവിടെയാണ് നവജാത ശിശുവിന്റെ സ്‌ക്രീനിംഗ് പരിശോധനകളുടെ പ്രസക്തി. നവജാത ശിശുക്കളുടെ കേള്‍വി പരിശോധനയും തൈറോയ്ഡ് ഹോര്‍മോണ് പരിശോധനയുമെല്ലാം നമ്മുടെ നാട്ടിലും വ്യാപകമാകുന്നത് ആശാസ്യമായ കാര്യം തന്നെ.
പിന്നീടങ്ങോട്ടുള്ള ഓരോ വളര്‍ച്ചാഘട്ടങ്ങളിലും നിരീക്ഷണവും ആവശ്യമെങ്കില്‍ ഇടപെടലുകളും നടത്തണം.പ്രത്യേകിച്ചും ഭാഷാപരവും ആശയ വിനിമയവുമായി ബന്ധപ്പെട്ടവയില്‍. രണ്ടു വയസ്സായിട്ടും വാക്കുകള്‍ ഉച്ചരിക്കാന്‍ കുട്ടി തുടങ്ങിയിട്ടില്ല എങ്കില്‍ ഒരു വിദഗ്ധന്റെ സഹായം തേടുന്നത് നന്നായിരിക്കും.
സ്‌കൂളില്‍ പോയിത്തുടങ്ങിയാല്‍
ഇതെല്ലാം പ്രീ സ്‌കൂള്‍ കാലത്ത് നോക്കേണ്ടുന്ന കാര്യങ്ങള്‍. ഇനി സ്‌കൂളില്‍ പോയിത്തുടങ്ങി പ്രശ്‌നക്കാരെന്നു വിളിപ്പേരും വീണു പോയവരെ എങ്ങനെ സഹായിക്കാന്‍ ആകുമെന്ന് നോക്കാം. മേല്‍പറഞ്ഞ അടിസ്ഥാന കാര്യങ്ങള്‍ വച്ചു തന്നെയാണ് അവരെയും വിലയിരുത്തേണ്ടത്.
1. കേള്‍വിക്കോ കാഴ്ചക്കോ എന്തെങ്കിലും തകരാറുണ്ടോ എന്നു പരിശോധിക്കണം.'ഒരു കുഴപ്പവുമില്ല ഞാന്‍ പറയുന്നതെല്ലാം അവന്‍ കേള്‍ക്കുന്നുണ്ട്' എന്ന് എഴുതിത്തള്ളാന്‍ വരട്ടെ.ചെറിയ കേള്‍വി തകരാറുകളൊക്കെ മാനേജ് ചെയ്യാന്‍ പല കുറുക്കു വിദ്യകളും നമ്മുടെ തലച്ചോര്‍ പ്രയോഗിക്കും.പരിചിതമായ ചുറ്റുപാടില്‍ പരിചിതമായ വാക്കുകള്‍ മനസ്സിലാക്കാന്‍ കഴിയുമെങ്കിലും പുതുതായി കേള്‍ക്കുന്ന വാക്കുകള്‍ കൃത്യമായി മനസ്സിലാക്കാന്‍ ചെറിയ രീതിയില്‍ കേള്‍വി തകരാറുള്ള കുട്ടിക്ക് കഴിയില്ല .അതുകൊണ്ട് ഒരു വിദഗ്ദനെ കൊണ്ട് ശാസ്ത്രീയമായി പരിശോധിപ്പിച്ച് കേള്‍വിക്കും കാഴ്ചക്കും വൈകല്യമില്ല എന്ന് ഉറപ്പ് വരുത്തുക.
2. ഒരു ശിശു രോഗ വിദഗ്ധനെ കണ്ട് രക്തത്തിലെ ഹീമോഗ്ലോബിന്റെയും തൈറോയ്ഡ് ഹോര്‍മോണിന്റെയും അളവുകള്‍ ,ആവശ്യാനുസരണം മറ്റു ഹോര്‍മോണുകളുടെ അളവുകള്‍ എന്നിവ പരിശോധിപ്പിക്കുക. തകരാറുകള്‍ കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുക.
3. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ IQ ടെസ്റ്റ് ചെയ്യുക.IQ കുറഞ്ഞ കുട്ടികളാണെങ്കില്‍ പ്രത്യേക രീതിയില്‍ ഉള്ള ബോധന രീതികള്‍ സ്വീകരിക്കേണ്ടി വന്നേക്കാം.
4. ഇതിലൊന്നും തകരാറുകള്‍ കണ്ടില്ലെങ്കില്‍ ലേണിങ് ഡിസബിലിറ്റി അഥവാ പഠനവൈകല്യം എന്ന അവസ്ഥയോ മറ്റു തരത്തിലുള്ള പെരുമാറ്റ വൈകല്യങ്ങളോ ആവാം പിന്നോക്കാവസ്ഥയ്ക്ക് കാരണം.
പഠന വൈകല്യങ്ങള്‍ പല വിധം
1. ഡിസ്ലെക്‌സിയ: അഥവാ വാക്കുകള്‍ വായിച്ചെടുക്കാനാവാത്ത അവസ്ഥ
അക്ഷരങ്ങള്‍ കൂട്ടിവച്ച് വാക്കുകളായി വായിക്കാന്‍ ഇവര്‍ക്കാവില്ല. ഉച്ചത്തില്‍ പാഠഭാഗം വായിപ്പിച്ചാല്‍ അപൂര്‍ണ്ണമായ വാക്യങ്ങളും വാചകങ്ങളും ആയിരിക്കും പറയുക. ചില വിടവുകളൊക്കെ സ്വന്തമായി നിര്‍മ്മിച്ചെടുത്ത വാക്കുകള്‍ കൊണ്ട് പൂര്‍ത്തിയാക്കാനുള്ള വികല ശ്രമങ്ങളും ഉണ്ടാകും.
2.ഡിസ്ഗ്രാഫിയ: അല്ലെങ്കില്‍ എഴുതാന്‍ പ്രത്യേകമായുള്ള ബുദ്ധിമുട്ട്.
നോട്ട് ബുക്കില്‍ നിറയെ വെട്ടും കുത്തും അക്ഷരത്തെറ്റും നിറഞ്ഞു കിടക്കും. എങ്ങനെ ശ്രമിച്ചാലും സ്‌പെല്ലിംഗ് പിടി തരാതെ തല തിരിഞ്ഞു പോകും.
3. ഡിസ്‌കാല്‍കുലിയ: കണക്കിന്റെ കളികള്‍ക്ക് മുന്നില്‍ നിസ്സഹായനായി പോകുന്ന അവസ്ഥ. എത്രത്തോളമെന്നാല്‍ ഒരു ചുമര്‍ ഘടികാരത്തില്‍ നോക്കി സമയം പറയുന്നത് പോലും ഇവര്‍ക്ക് ശ്രമകരമായിരിക്കും. പത്തും രണ്ടും കൂട്ടിയാല്‍ നൂറ്റി രണ്ടെന്ന് എഴുതാനെ അവര്‍ക്കാവൂ.ഇങ്ങനെയൊരു കുഞ്ഞും ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന വിശ്വസിക്കുന്ന ഒരു മാഷും ഉണ്ടെങ്കില്‍ ഊഹിക്കാവുന്നതല്ലേ ഉള്ളൂ ആ ക്ലാസ് മുറിയുടെ അവസ്ഥ .
അമീര്‍ഖാന്റെ 'താരെ സമീന്‍ പര്‍' എന്ന സിനിമയിലെ ഇഷാന്‍ അവസ്തി എന്ന കുഞ്ഞിനെ ഓര്‍ക്കുക.സിനിമ ഇനിയും കണ്ടിട്ടില്ലാത്തവരുണ്ടെങ്കില്‍, ഓര്‍മ്മ വരാത്തവരുണ്ടെങ്കില്‍ ഒന്നു കൂടി കാണുക. ഡിസ്ലെക്‌സിയയുടെ ഒരു നേര്‍ ചിത്രം അതില്‍ കാണാം.
പഠന വൈകല്യങ്ങള്‍ ഉണ്ടാവുന്നത്
ഇതിനോട് ചേര്‍ന്നു നില്‍ക്കുന്ന ചില സ്ഥിതി വിശേഷങ്ങളില്‍ പ്രധാനമായ ഒന്നാണ് ADHD അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്നത്. ഒരിടത്തും ഇരിപ്പുറക്കാതെയും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെയും എരി പൊരി കൊള്ളുന്ന ഇത്തരക്കാര്‍ ക്ലാസ്സ് മുറിയില്‍ അധ്യാപകരുടെ സ്ഥിരം തലവേദനകളാണ്.
അതുപോലെ തന്നെ മറ്റു മാനസിക പ്രശ്‌നങ്ങള്‍ ആയ പെരുമാറ്റ വൈകല്യങ്ങള്‍, വിഷാദം, ഉത്കണ്ഠ, ലഹരി ഉപയോഗം തുടങ്ങിയവ എല്ലാം പഠന പിന്നോക്കാവസ്ഥയോട് ചേര്‍ന്ന് കൂടുതലായി കാണപ്പെടുന്നു.
നമ്മുടെ നാട്ടിലെ കുട്ടികളില്‍ 10 ശതമാനത്തില്‍ അധികം പേര്‍ക്ക് പല തരത്തിലുള്ള പഠന വൈകല്യങ്ങള്‍ ഉണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അനുഭവം വച്ച് കൃത്യമായി ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന കേസുകളെക്കാള്‍ കൂടുതലായി അവര്‍ കണ്ടുവരുന്നത് ഇതില്‍ പലതിന്റെയും ഘടകങ്ങള്‍ വിവിധ അളവില്‍ ഉള്‍ക്കൊള്ളുന്ന പഠന പ്രശ്‌നങ്ങളാണ്.
അക്ഷരങ്ങള്‍ ഉള്ളില്‍ ഉറക്കേണ്ട ചെറിയ ക്ലാസ്സുകളില്‍ അവ വേണ്ട രീതിയില്‍ മനസ്സിലാക്കാതെ പോകുകയും പിന്നീട് മുതിര്‍ന്ന ക്ലാസ്സിലേക്ക് പോകും തോറും ഈ പരിമിതി ഉള്ളത് കൊണ്ട് പാഠഭാഗങ്ങള്‍ ഗ്രഹിക്കാന്‍ ആവാതെ വരികയും ചെയ്യുന്നു. ഈ അക്ഷര വിരോധത്തിനു കാരണങ്ങള്‍ പലതാകാം. നേരത്തെ നാം മനസ്സിലാക്കിയ വിവിധ അവസ്ഥകള്‍, വീട്ടിലെ സാഹചര്യങ്ങള്‍, ശാരീരികമായും മാനസികമായും ലൈംഗികമായും നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ തുടങ്ങി അധ്യാപകരോടും വിദ്യാലയത്തിനോടും ഉള്ള അനിഷ്ടം വരെ ആകാം.
നമ്മുടെ വിദഗ്ധര്‍ കാണുന്ന പല കുട്ടികളും ഹൈസ്‌കൂള്‍ ക്ലാസ്സില്‍ എത്തിയെങ്കിലും സ്വന്തം പേരെഴുതാന്‍ പോലും കഴിയാത്തവരാണ്.കൃത്യമായ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ഒന്നും പലപ്പോഴും ഇവരെ പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയാറുമില്ല.
പഠന പ്രശ്‌നങ്ങള്‍ ഉള്ള കുട്ടിയുടെ മാനസിക പ്രയാസങ്ങള്‍ വിവരണാതീതമാണ്. മിക്ക കുട്ടികളുടെയും ബുദ്ധി ശക്തിയും ഓര്‍മ്മശക്തിയുമൊക്കെ സാധാരണ കുട്ടികളെ പോലെയോ ഉന്നത നിലവാരത്തിലോ ആയിരിക്കും. സ്വപ്നങ്ങളും പ്രതീക്ഷകളും ചേര്‍ത്ത് വച്ച് കൊണ്ടാണ് അവരും ക്ലാസുകളില്‍ എത്തുന്നത്. പഠനത്തിന്റെ ചില ഘട്ടങ്ങളില്‍ മറ്റുള്ളവരോടൊപ്പമെത്താനാകുന്നില്ല എന്നവര്‍ തിരിച്ചറിയുന്നു. പരിശ്രമങ്ങള്‍ക്ക് കുറവുണ്ടാകണം എന്നില്ല. അതോടൊപ്പം ഒരു കുട്ടിയും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വിളിപ്പേരുകളാണ് അവന്‍ നിരന്തരം കേള്‍ക്കേണ്ടി വരുന്നത്. ഇതവന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുകയും പഠനത്തോട് വിരക്തി തോന്നാന്‍ ഇടയാക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയുന്നില്ല എന്ന തോന്നലില്‍ സ്വയം കുറ്റവാളിയായി ചിത്രീകരിക്കുന്നു. കൂട്ടുകാരുടെയും മറ്റും അംഗീകാരങ്ങള്‍ക്കായി ചിലപ്പോള്‍ വളഞ്ഞ വഴികള്‍ സ്വീകരിക്കുന്നു. ഇത് പല തരത്തിലുള്ള പെരുമാറ്റ വൈകല്യങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു. വിഷാദം,ആത്മഹത്യ പ്രവണത,ലഹരി ഉപയോഗം തുടങ്ങിയവയൊക്കെ തുടര്‍ച്ചകളായി വന്നു ചേര്‍ന്നേക്കാം.
ഇവരെ എങ്ങനെ പുറത്തുകടത്താം?
ഏതാണ്ട് പൊട്ടിയ വാളുമായി പത്മവ്യൂഹത്തിനകത്ത് പെട്ടുപോയ ഒരു പോരാളിയുടെ അവസ്ഥയില്‍ നിന്നും അവന് പുറത്ത്കടക്കാന്‍ ആവണമെങ്കില്‍ എല്ലാവരുടെയും പിന്തുണയും സഹായവും കൂടിയേ തീരൂ.
സിനിമയിലെ ഇഷാനെ എങ്ങിനെയാണ് അമീര്‍ഖാന്റെ രാം ശങ്കര്‍ നികുംപ് എന്ന അധ്യാപകന്‍ ക്രമേണ മാറ്റിയെടുക്കുന്നത് എന്നോര്‍മ്മിക്കുക.
നിരന്തരം ക്ഷമയോട് കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഫലം ചെയ്യുകയുള്ളൂ.
പരിശീലനം സിദ്ധിച്ച അധ്യാപകരും കൗണ്‍സിലര്‍മാരും ഡോക്ടര്‍മാരും എല്ലാം ഉള്‍ക്കൊണ്ട ഒരു കൂട്ടായ്മയിലൂടെയാണ് ഇത് സാധ്യമാകുക.
അക്കങ്ങളും അക്ഷരങ്ങളും ഒരു നഴ്സറി ക്ലാസില്‍ എന്ന പോലെ വീണ്ടും ഇവരെ പഠിപ്പിച്ചെടുത്താണ് ഇത് പരിഹരിക്കുന്നത്. സാമ്പ്രദായിക രീതികള്‍ക്കപ്പുറം മറ്റു ചില മാര്‍ഗങ്ങള്‍ കൂടി അക്ഷരപരിചയത്തിന് അവലംബിക്കേണ്ടി വന്നേക്കാം. ഉദാഹരത്തിന് ക്‌ളേ മോഡലിംഗ്, മണ്ണിലും മറ്റും എഴുതിക്കല്‍ തുടങ്ങി കാഴ്ച, കേള്‍വി എന്നിവയോടൊപ്പം സ്പര്‍ശനത്തിന് കൂടി പ്രാധാന്യം നല്‍കി അക്ഷരങ്ങള്‍ ഉള്ളില്‍ ഉറപ്പിക്കേണ്ടി വരും.
ADHD മറ്റു മാനസിക പ്രശ്‌നങ്ങള്‍ എന്നിവ കൂടി ഉണ്ടെങ്കില്‍ ഒരു മനോരോഗ വിദഗ്ദന്റെ പരിശോധനയും മരുന്നുകളും ആവശ്യമായി വരും.
സര്‍ക്കാര്‍ തലത്തില്‍ ഓരോ ജില്ലകളും കേന്ദ്രീകരിച്ച് നടത്തുന്ന DEICകള്‍ (district early intervention center) ഈ രംഗത്ത് ശ്ലാഘനീയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരും പരിശീലകരും സന്നദ്ധ സേവകരും ഉള്‍പ്പെട്ട വിപുലമായ ടീമിന്റെ സഹായത്തോടെ കുഞ്ഞുങ്ങളുടെ സമഗ്രമായ വിലയിരുത്തലും പ്രശ്‌നപരിഹാരമാര്‍ഗങ്ങളും ആണ് DEIC കള്‍ ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ വകുപ്പു മായി ബന്ധപ്പെട്ട് ഓരോ BRC കള്‍ വഴിയും പ്രത്യേകം പരിശീലനം സിദ്ധിച്ച അധ്യാപകര്‍ ഇത്തരം വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഉണ്ട്.
എങ്കിലും ഇതൊരു എളുപ്പപ്പണി അല്ലേയല്ല. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് ഓരോരുത്തരും അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്.
അമ്മമാര്‍ അറിയാന്‍
ഒരു കുട്ടിക്ക് ഒരാള്‍ എന്ന തോതില്‍ ഒരു ഡെഡിക്കേറ്റഡ് കെയര്‍ ടേക്കര്‍ ആവശ്യമാണ്. അമ്മമാര്‍ക്കാണ് ഈ റോള്‍ ചെയ്യാന്‍ ഏറ്റവുമധികം സാധിക്കുക. പ്രത്യേക ആവശ്യങ്ങള്‍ ഉള്ള ഒരു കുട്ടിയുടെ കൂട്ടിരിപ്പുകാരിയാവുക എന്നത് എളുപ്പമുള്ള പണിയല്ല. ചെറുതല്ലാത്ത ത്യാഗങ്ങള്‍ നിങ്ങളുടെ പഠനത്തെയോ ജോലിയെയോ സംബന്ധിച്ച് ആവശ്യമായി വന്നേക്കാം '.കണ്ടോ അവള്‍ കുഞ്ഞിനെ തിരിഞ്ഞു നോക്കാറില്ല' എന്നു പറയുന്ന അതേ ആള്‍ക്കാര്‍ പിറ്റേന്ന് വന്ന് 'കണ്ടോ കുട്ടിയെ കൊഞ്ചിച്ച് വഷളാക്കിയത്' എന്നു വീണ്ടും കൊള്ളിവാക്ക് പറഞ്ഞേക്കാം. അതെല്ലാം ഒരു ചെവിയില്‍ കേട്ട് മറുചെവിയിലൂടെ പുറത്ത് കളയുക. നിരാശയും മടുപ്പും തോന്നുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കടന്നു വന്നേക്കാം. നിങ്ങളുടെ കുഞ്ഞിന്റെ മനം നിറഞ്ഞ പുഞ്ചിരി മനസ്സിലുറപ്പിച്ച് ലക്ഷ്യത്തിനായി യത്‌നിക്കുക.ഒ രിക്കലും മറ്റു കുട്ടികളുമായി അവനെ താരതമ്യം ചെയ്യാതിരിക്കുക. ആരും അവനെ മണ്ടനെന്നു വിളിച്ചോട്ടെ നിങ്ങളത് വിളിക്കുന്നത് അവന് സാഹിക്കാനാവില്ല. ആര് കൈവിട്ടാലും അവന്റെ ഏത് കുറവുകളോടെയും നിങ്ങളവനെ സ്‌നേഹിക്കുക തന്നെ ചെയ്യും എന്ന ആത്മവിശ്വാസം നല്‍കുക.
DEIC ട്രെയിനേഴ്സ് പ്രധാനമായും രക്ഷിതാക്കളോട് ആവശ്യപ്പെടുന്നത്, ഏറ്റവും ആദ്യഘട്ടത്തില്‍ തന്നെ പരിഹാര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക എന്നതാണ്.എല്‍ പി ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ എളുപ്പം ട്രെയിനിങ് കൊടുക്കാന്‍ അവര്‍ക്ക് കഴിയും. പക്ഷെ അവരുടെ മുന്നിലെത്തുന്ന കുട്ടികള്‍ അധികവും യു പി ഹൈസ്‌കൂള്‍ കുട്ടികളാണ്. പഠന പിന്നോക്കാവസ്ഥയോടൊപ്പം പല തരത്തിലുള്ള പെരുമാറ്റവൈകല്യങ്ങളും കൗമാര പ്രശ്‌നങ്ങളും മുതിര്‍ന്ന കുട്ടികളില്‍ വന്നുചേര്‍ന്നിട്ടുണ്ടാകും.ഇത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.
അതുപോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് രക്ഷിതാക്കളുടെ ക്ഷമയും. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരു അത്ഭുതവും പ്രതീക്ഷിക്കരുത്. നിരന്തര പരിശ്രമങ്ങള്‍ കൊണ്ട് മാത്രമേ ചെറിയ മാറ്റങ്ങള്‍ പ്രകടമാകൂ. പ്രത്യേകിച്ചും പരിശീലനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍. ഈ കാര്യം ഓര്‍മ്മയില്‍ വയ്ക്കുക.
ചുറ്റുപാടും എന്തു പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും വീട്ടില്‍ അവര്‍ക്ക് സ്വസ്തമായ പഠനാന്തരീക്ഷം ഒരുക്കി കൊടുക്കുക. മൊബൈലും ടിവിയും അടക്കം ഒരു ദിവസത്തെക്കുള്ള സ്‌ക്രീന്‍ ടൈം നിയന്ത്രണങ്ങളോടെ നിജപ്പെടുത്തി നല്‍കുക.സ്‌കൂള്‍ വിദ്യാഭ്യാസം അവരുടെ മാര്‍ക്കുകള്‍ക്കും മനസ്സുകള്‍ക്കും വലിയ മുറിവേല്‍ക്കാത്ത രീതിയില്‍ പൂര്‍ത്തീകരിച്ച് അവരവര്‍ക്ക് താല്പര്യമുള്ള മേഖലയിലേക്ക് തിരിച്ചു വിടുക.
അധ്യാപകര്‍ അറിയാന്‍
ഒരു നിമിഷം ചിന്തിക്കുക, നിങ്ങളുടെ ക്ലാസ് മുറികളില്‍ കാണാറുള്ള നിസ്സഹായത നിറഞ്ഞ ചില നോട്ടങ്ങളെ അറിയുക. അവരുടെപ്രയാസങ്ങള്‍ ഏറ്റവും ആദ്യം തിരിച്ചറിയാന്‍ കഴിയുക നിങ്ങള്‍ക്ക് തന്നെയാണ്. മാതാപിതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തുക .പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ ആണെങ്കില്‍ യഥാര്‍ത്ഥ പരിഹാരം കാണാന്‍ കഴിയുന്ന തൊട്ടടുത്തുള്ള വിദഗ്ധരുമായി ബന്ധം സ്ഥാപിക്കുക. ആരോടും പറയാതെ ഉള്ളിലൊതുക്കുന്ന പല പ്രയാസങ്ങളും നിങ്ങളുടെ അലിവോടെയുള്ള ഒരു ചോദ്യത്തിന് മുന്നില്‍ അവര്‍ തുറന്നു പറഞ്ഞേക്കാം.സ്വന്തം വീട്ടില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ല എന്ന വാര്‍ത്തകള്‍ നിരന്തരം കേട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് അവരുടെ കണ്ണീരിലേക്ക് ഒരു മൂന്നാം കണ്ണ് തുറന്ന് പിടിക്കുക. ചുട്ട അടിയും കടുത്ത ശിക്ഷാ രീതികളും മേല്‍പറഞ്ഞ അവസ്ഥകളുടെ ഒന്നിന്റെയും പരിഹാരമല്ല എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.
ഉത്തരവാദപ്പെട്ടവര്‍ അറിയാന്‍
പ്രശ്‌നത്തിന്റെ അളവനുസരിച്ച്പരിഹാരമാര്‍ഗങ്ങള്‍ കുറവാണ് എന്ന യാഥാര്‍ത്ഥ്യം നില നില്‍ക്കുന്നു. DEIC പോലുള്ള സംരംഭങ്ങള്‍ ഒരു താലൂക്കില്‍ ഒന്ന് എന്ന നിലയില്‍ എങ്കിലും രൂപപ്പെടേണ്ടതുണ്ട്.പഠന പെരുമാറ്റ വൈകല്യങ്ങള്‍ ക്രിയാത്മകമായി നേരിടാന്‍ ഉതകുന്ന ട്രെയിനിങ്ങുകള്‍ അദ്ധ്യാപകര്‍ക്കും സ്‌കൂള്‍ കൗണ്‌സിലര്‍ാര്‍ക്കും വേണ്ടി നിരന്തരം സംഘടിപ്പിക്കപ്പെടേണ്ടതുണ്ട്. ഒന്നിലധികം ഭാഷ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കുഞ്ഞുങ്ങള്‍ക്ക് പാഠ്യപദ്ധതിയില്‍ അതിനനുസൃതമായ ഇളവുകള്‍ നല്‍കപ്പെടേണ്ടതുണ്ട്. ആവശ്യമെങ്കില്‍ പരീക്ഷയില്‍ കൂടുതല്‍ സമയം നല്‍കാനും സഹായികള്‍ അനുവദിക്കാനും ഉള്ള തീരുമാനങ്ങള്‍ കുറച്ച്കൂടി ഫലപ്രദമായി നടപ്പിലാക്കപ്പെടേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ ഏറ്റവും ആദ്യം കണ്ടെത്തുക എന്നതിന്റെന്റ ഭാഗമായി എല്‍ പി ക്ലാസുകളില്‍ കൃത്യമായ ഇടവേളകളില്‍ സ്‌ക്രീനിംഗ് പരിപാടികളും കൗണ്‌സിലര്‍മാരുടെ സേവനങ്ങളും ഏര്‍പ്പെടുത്തേണ്ടതുണ്ട്.
ഡോക്ടര്‍മാര്‍ അറിയാന്‍
ഒ പി യില്‍ ഇരിക്കുമ്പോള്‍ ഒരിക്കല്‍ എങ്കിലും ഈ പരാതി നിങ്ങളും കേട്ടിരിക്കും.'പഠിക്കാന്‍ മഹാ മോശമാണ് ഇവന്‍'. നൂറു കണക്കിന് രോഗികള്‍ വരി നില്‍ക്കുന്നതിനിടയില്‍ ആ പരാതിക്കൊരു തീര്‍പ്പു കല്പിക്കല്‍ അപ്രായോഗികമാണെന്ന് അറിയാവുന്നതിനാല്‍ പലപ്പോഴും അത് അവഗണിക്കപ്പെടുകയാണ് പതിവ്. ഒരു രണ്ടു മിനിറ്റ് അധികം എടുത്ത് സ്‌ക്രീനിംഗിന്റെയും പരിശീലനത്തിന്റെയും ആവശ്യകതയും DEIC യേയും കുറിച്ച് അവരെ പറഞ്ഞു മനസ്സിലാക്കുക. ആ കുഞ്ഞിന്റെ ഭാവിയെ സംബന്ധിച്ചെടത്തോളം വലിയൊരു വഴിത്തിരിവ് ആയി മാറിയേക്കാം ആ രണ്ടു മിനിറ്റ്.
സമൂഹം അറിയേണ്ടത്
അമിത പ്രതീക്ഷയുടെ ഭാരം ദയവു ചെയ്ത് കുഞ്ഞുങ്ങളില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാം. അവര്‍ കളിച്ചും ചിരിച്ചും പഠിക്കട്ടെ. ഗ്രേഡുകളിലും മാര്‍ക്കുകളിലും അമിത താല്പര്യം ഒഴിവാക്കുക. പകരം അയല്‍പക്കത്തെ കുഞ്ഞു വയറുകള്‍ എന്നും നിറയുന്നുണ്ടെന്നും മദ്യവും മയക്കു മരുന്നും മാനസിക രോഗികളും അവര്‍ക്ക് ഉറക്കമില്ലാ രാത്രികള്‍ സമ്മാനിക്കുന്നില്ല എന്നും ഉറപ്പു വരുത്തുക. പെരുമാറ്റവൈകല്യം പ്രകടിപ്പിക്കുന്ന കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്ന പലതരം മാഫിയകള്‍ നമുക്ക് ചുറ്റും ഉണ്ടെന്ന് യാഥാര്‍ഥ്യം വിസ്മരിക്കാതിരിക്കുക. അത്തരക്കാരെ വിദ്യാലയ പരിസരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ജാഗരൂകരാകുക.
നമ്മുടെ ക്ലാസ്സ് മുറികളില്‍ ഉന്നം മറന്നു തെന്നി പറക്കുന്ന ചില കുഞ്ഞിക്കിനാക്കള്‍ കൂടിയുണ്ട് .അവയെ കൂടി ചേര്‍ത്ത് പിടിച്ചെങ്കില്‍ മാത്രമേ നന്മ നിറഞ്ഞ ഒരു നാളെയിലേക്ക് നമുക്ക് ഒരുമിച്ച് കടക്കാനാകൂ എന്ന കാര്യം ഓര്‍മ്മയില്‍ വയ്ക്കുക.