എല്ലാ മനുഷ്യരേയും പോലെ കുറ്റവും, കുറവുകളുമുള്ള വ്യക്തി തന്നെയാണ് അമ്മയും
മാതൃത്വത്തെ, ജീവിതത്തിലെ മറ്റേതൊരു മനുഷ്യബന്ധത്തിനും മുകളിലായി പ്രതിഷ്ഠിക്കുമ്പോൾ, നമ്മളറിയാതെ തന്നെ നമുക്ക് നഷ്ടമായിപ്പോകുന്ന അല്ലെങ്കിൽ നാം തന്നെ വിലകുറച്ചുകാണുന്ന മറ്റൊരുപാട് ബന്ധങ്ങളുണ്ട്; കുട്ടികൾക്ക് അച്ഛനുമായുള്ള ബന്ധവും, ഭാര്യാഭർതൃബന്ധവും, സഹോദരങ്ങളുമായുള്ള ബന്ധവും, ഔദ്യോദിക ബന്ധങ്ങളും എല്ലാം അതിൽപ്പെടുന്നു.
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
ഞാനൊരു 'നല്ല' അമ്മയാണോ എന്നത് പലപ്പോഴായി ഞാൻ എന്നോട് തന്നെ ചോദിക്കാറുള്ള ചോദ്യമാണ്. മിക്കവാറും ഒരു സ്വയം വിലയിരുത്തലിന് വിധേയയാകേണ്ടി വരുന്നു എന്നതാണ് സത്യം!
കരുണാമയിയായ, ഭൂമിയോളം ക്ഷമയുള്ള, വാത്സല്യത്തിന്റെ നിറകുടമായ, എല്ലാം പകുത്ത് നല്കുന്ന, എല്ലാം ത്യജിക്കുന്ന, സ്വാർത്ഥത പൊടിക്ക് പോലുമില്ലാത്ത, അതിമാനുഷ ബിംബമല്ലേ നമ്മളെല്ലാം കേട്ടും, പറഞ്ഞും, പഠിച്ചും വളർന്ന മാതാവ്!
ഞാനെന്‍റെ മകളെ സ്നേഹിക്കുന്നുണ്ട്... തന്റെ കുട്ടിത്തരങ്ങൾ കൊണ്ട് അവളെന്‍റെ ജീവിത്തെ പ്രകാശപൂരിതമാക്കുന്നുമുണ്ട്... പക്ഷേ, അവളൊന്ന് വാശിപിടിക്കാതെ എന്നും ഭക്ഷണം കൃത്യമായിക്കഴിച്ചിരുന്നെങ്കിൽ എന്റെ ലോകം ഒന്നുകൂടെ പ്രകാശമാനമായേനെ എന്ന് തോന്നാത്ത ദിനങ്ങളില്ല എന്നതും യാഥാർത്ഥ്യമാണ്! ഇതുണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങൾക്കടിമപ്പെട്ട് പലപ്പോഴായി മനസ്സിലെ മാതൃബിംബങ്ങളെയൊക്കെ ഒരു ദാക്ഷിണ്യവുമില്ലാതെ എറിഞ്ഞുടച്ചിട്ടുമുണ്ട്... പിന്നീടതേപ്പറ്റി ആലോചിച്ച് സ്വയം പഴിച്ചിട്ടുണ്ട്...
പലപ്പോഴായി പലയിടത്തും വായിച്ചും, പറഞ്ഞും കേട്ടിട്ടുള്ള ഒരു പ്രയോഗമാണ്, 'ഒരമ്മയായിരിക്കുക എന്നതാണ് ഈ ലോകത്തേറ്റവും ബുദ്ധിമുട്ടുള്ള ജോലി' എന്ന്! കുട്ടികളെ വളർത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നതിൽ സംശയമേതുമില്ല; പക്ഷേ, അതെങ്ങനെയാണ് ഒരു 'ജോലി' ആവുന്നത്? ഏതൊരു സ്ഥാപനവും, അതിനുകീഴിൽ ജോലിചെയ്യുന്നവർക്ക്, അവരുടെ യോഗ്യതക്കനുസരിച്ചുള്ള വേതനം നല്കേണ്ടതുണ്ടെന്നിരിക്കെ; വേതനമില്ലാതെ ചെയ്തുവരുന്ന മാതൃത്വം ഒരു 'ജോലി' ആയി കണക്കാക്കി മഹത്വവത്കരിക്കുന്നത് ആരുടെ ആവശ്യപ്രകാരമാണ്? രക്ഷാകർത്തൃത്വം ഒരു കൂട്ടുത്തരവാദിത്വമാണെന്നിരിക്കെ, സ്ത്രീകളുടെ ഭാഗത്തിന് മാത്രം കൂടുതൽ ഊന്നൽ നൽകപ്പെടുന്നതെന്തിനാണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത്തരം അനാവശ്യമായ വാഴ്ത്തപ്പെടുത്തലുകളിലൂടെയാണ് പുരുഷകേന്ദ്രീകൃത സമൂഹം അവരുടെ അധികാരം മൃദുവായി പറഞ്ഞുറപ്പിക്കുന്നത്. ദിവ്യമായ മാതൃത്വം എന്ന മിഥ്യാബോധമുണർത്തി സ്ത്രീസ്വാതന്ത്ര്യത്തിന് സ്വാഭാവിക നിയന്ത്രണമേർപ്പെടുത്തുന്നത്.
കനേഡിയൻ എഴുത്തുകാരിയും, നൊബേൽ ജേതാവുമായ മാർഗരറ്റ് അറ്റ്‌വുഡ് (Margaret Atwood) ന്റെ ലോകപ്രശസ്തമായ “dystopian” നോവൽ "The Handmaid’s Tale”, സ്ത്രീത്വത്തെ ആത്മാർപ്പണമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പുകൂടിയായാണ് എഴുതപ്പെട്ടിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് സ്ത്രീകളെ പലവിഭാഗങ്ങളായി തരം തിരിച്ച് ഉപയോഗിക്കുന്ന പുരുഷൻമാർ ഭരിക്കുന്ന ഒരു കാല്പനിക ഇടത്തിലാണ് കഥ നടക്കുന്നത്. സുന്ദരികളും എന്നാൽ പ്രത്യുല്പാദന ശേഷി ഇല്ലാത്തവരുമായ സ്ത്രീകളെ 'ഭാര്യമാർ' എന്നും, അതുള്ളവരെ " handmaids” എന്നും തിരിച്ച് ചൂഷണം ചെയ്യുന്നവരാണ് അധികാരികളായ പുരുഷൻമാർ. ഒരു രംഗത്തിൽ, 'സ്ത്രീകൾ നിശബ്ദരായി എല്ലാം സഹിക്കേണ്ടവരാണെന്നും, മാതൃത്വം എല്ലാ യാതനകളിൽ നിന്നും അവളെ കരകയറ്റാൻ കഴിയുന്ന ഒന്നാണെന്നും' ഒരു പുരുഷകഥാപാത്രം പറയുന്നുണ്ട്. ഇത്തരത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അതിസമർത്ഥമായി മറച്ചുപിടിക്കാൻ പുരുഷാധികാര സമൂഹം കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു കുരുക്കാണ് മാതൃത്വം എന്ന തികച്ചും ജൈവികമായ അവസ്ഥയുടെ മഹത്വവത്കരണം! സ്വയമറിയാതെ ആ കെണിയിൽ കുരുങ്ങി രക്തസാക്ഷിത്വം വരിക്കുകയാണ് നമ്മളിൽ ഭൂരിഭാഗം സ്ത്രീകളും ചെയ്യുന്നത്.
മാതൃത്വത്തെ, ജീവിതത്തിലെ മറ്റേതൊരു മനുഷ്യബന്ധത്തിനും മുകളിലായി പ്രതിഷ്ഠിക്കുമ്പോൾ, നമ്മളറിയാതെ തന്നെ നമുക്ക് നഷ്ടമായിപ്പോകുന്ന അല്ലെങ്കിൽ നാം തന്നെ വിലകുറച്ചുകാണുന്ന മറ്റൊരുപാട് ബന്ധങ്ങളുണ്ട്; കുട്ടികൾക്ക് അച്ഛനുമായുള്ള ബന്ധവും, ഭാര്യാഭർതൃബന്ധവും, സഹോദരങ്ങളുമായുള്ള ബന്ധവും, ഔദ്യോദിക ബന്ധങ്ങളും എല്ലാം അതിൽപ്പെടുന്നു. എല്ലാ ബന്ധങ്ങൾക്കും ഒരേ മൂല്യം നൽകുന്നുണ്ടെന്ന് വാദിക്കുന്നവർക്ക് ഒരിക്കലും മാതൃത്വത്തെ മാത്രം പരമോന്നതമായി കാണാനാവില്ലല്ലോ.
ഞാനെന്റെ കുഞ്ഞിനെ എന്റെ കുടുംബത്തിന്റെ ഭാഗമായാണ് കാണുന്നത്; എന്റെ കുഞ്ഞിനെന്തെങ്കിലും സംഭവിച്ചാൽ എനിക്ക് സഹിക്കില്ല, അതു പോലെ തന്നെ എന്റെ ഭർത്താവിനോ, മാതാപിതാക്കൾക്കോ, സഹോദരിക്കോ, അടുത്ത സുഹൃത്തുക്കൾക്കോ എന്തെങ്കിലും സംഭവിച്ചാലും എനിക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. സ്നേഹം ഏറിയും, കുറഞ്ഞും നല്കാവുന്ന ഒന്നാകുന്നതെങ്ങനെ ശരിയാവും? ഒന്നുകിൽ ഉറ്റവരെയെല്ലാം ഒരുപോലെ സ്നേഹിക്കുക, അല്ലെങ്കിൽ വെറുക്കുക... ഒരു മാതാവായതുകൊണ്ട് മാത്രം ഞാനെന്റെ കുഞ്ഞിനെ മറ്റാരേക്കാളും സ്നേഹിക്കുന്നു എന്ന് പറയുന്നത്, സ്വാർത്ഥതയാണ്. സന്താനങ്ങളെ നമ്മുടെ വംശപരമ്പര നിലനിർത്താനുള്ള ഉപാധികളായി കാണുന്ന സ്വാർത്ഥതയാണ് ഇതിനടിസ്ഥാനം! കുട്ടികളെ വ്യക്തികളായി കാണാതെ ഉത്പന്നങ്ങളായിക്കാണുന്ന സാമൂഹികമനസ്ഥിതിയാണത്.
എല്ലാമറിയുന്ന, എല്ലാമായ അമ്മയെന്ന മിഥ്യാബോധം സൃഷ്ടിച്ച് കുട്ടികളേയും അമിതപ്രതീക്ഷകൾക്ക് അടിമകളാക്കുകയാണ് സമൂഹം ചെയ്തുന്നത്. അതുകൊണ്ട് തന്നെ
പ്രതീക്ഷാഭംഗം കുട്ടികളുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. എല്ലാ മനുഷ്യരേയും പോലെ കുറ്റവും, കുറവുകളുമുള്ള ഒരു വ്യക്തി തന്നെയാണ് അമ്മയെന്ന് മനസ്സിലാക്കി, യാഥാർത്ഥ്യ ബോധത്തോടെ വളർന്നുവരുന്ന ഒരു തലമുറയാണ് നമുക്ക് വേണ്ടത്. സമൂഹം അടിച്ചേൽപ്പിക്കുന്ന അമിതപ്രതീക്ഷകൾക്കൊപ്പം ഓടിയെത്താവാതെ തളർന്നു പോകുന്ന സ്ത്രീകളെയെല്ലാം 'ദുഷിച്ച' അമ്മമാരായി മുദ്രകുത്തുന്നതിന് പകരം, മാതൃത്വത്തെ മറ്റേതൊരു മനുഷ്യാവസ്ഥയേയും പോലെ പരിഗണിച്ച്; തെറ്റുകളെ കുറവുകളായിക്കാണാതെ, സഹാനുഭൂതിയോടെ ചേർത്തു നിർത്തുകയല്ലേ ഒരു പരിഷ്കൃത സമൂഹം ചെയ്യേണ്ടത്. അമ്മമാരെല്ലാം ഒരേ അച്ചിൽ വാർത്തെടുക്കപ്പെട്ടവരല്ല, അതുകൊണ്ട് തന്നെ അവരിലും ശാന്തരും, വഴക്കാളികളും, ദുഷ്ടരും, വിവേകശാലികളും, എടുത്തുചാട്ടക്കാരും ഒക്കെയുണ്ടാവാം... അങ്ങനെ ഒരിക്കലും ഉണ്ടാവരുത് എന്ന് പ്രതീക്ഷിക്കുന്നതാണ് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പ്രശ്നം!
മാതൃത്വത്തെ “privilege” ആയിക്കണ്ട്, സ്വയം തിരഞ്ഞെടുക്കേണ്ടുന്ന ഒന്നായി അത് മാറ്റപ്പെടണം. നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗമായ കുഞ്ഞിനെ നമ്മൾ പ്രസവിച്ച് വളർത്തുന്നത്, നമുക്ക് വേണ്ടിത്തന്നെയാണ്. നമ്മുടെ ആഗ്രഹങ്ങളുടെ സഫലീകരണത്തിന് വേണ്ടിത്തന്നെയാണ് നാമവരെ സ്നേഹിക്കുകയും, പരിപാലിക്കുകയും, സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ; സമൂഹത്തിന്റെ കപടമായ വാഴ്ത്തപ്പെടലുകളിൽ മയങ്ങി 'ആദർശധീരമായ' മാതൃത്വത്തിന്റെ രക്തസാക്ഷികളാവാതെ, തന്റേതായ രീതിയിൽ, സ്വന്തം തിരഞ്ഞെടുപ്പുകളിലൂടെ, അമ്മവേഷം ഭംഗിയാക്കി, സ്ത്രീശാക്തീകരണത്തിന്റെ ഭാഗമാകുകയാണ് നമ്മൾ പ്രബുദ്ധരായ സ്ത്രീകൾ ചെയ്യേണ്ടത്! അല്ലാതെ വാർപ്പുമാതൃകൾക്ക് പിന്നാലെ പോയി സ്വന്തം ജീവിതം സമൂഹത്തിനുമുന്നിൽ അടിയറവ് വെക്കുകയല്ല വേണ്ടത്!
മാതൃത്വം ഒരു സാമൂഹിക-സാംസ്കാരിക നിർമ്മിതി ആയതിനാൽത്തന്നെ എല്ലാ തലങ്ങളിലുമുള്ള പൊളിച്ചെഴുത്ത് എളുപ്പമായിരിക്കില്ലെന്നറിയാം, പ്രത്യേകിച്ച് ജീവിത പശ്ചാത്തലങ്ങൾ തമ്മിൽ ഒരുപാടന്തരമുള്ള നമ്മുടെ സമൂഹത്തിൽ; പക്ഷേ, നമ്മുടെ ചിന്തകളിലെങ്കിലും മാറ്റം വരുത്തേണ്ടതനിവാര്യമാണ്!
അതിമനോഹരവും, അത്രതന്നെ അലങ്കോലപ്പെട്ടതുമായ പ്രത്യേകാവകാശം മാത്രമായി മാതൃത്വം കണക്കാക്കപ്പെടണം!