ആ അമ്മപ്പൂച്ചയുടെ സ്നേഹം കണ്ട് പഠിക്കേണ്ടതായിരുന്നൂ..
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ കൂട്ടത്തിൽ സാമാന്യം കുറുമ്പത്തി ആയിരുന്ന ഒരു പൂച്ചക്കുട്ടിയെ കാണാനില്ല. പതിവിന് വിപരീതമായി അവൾ എങ്ങോട്ടോ നോക്കി ഒരു മൂലയ്ക്ക് കിടക്കുന്നു.
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
അമ്മയാവുമ്പോൾ മാത്രമാണ് ഒരു സ്ത്രീയുടെ സ്ത്രീത്വം പൂര്‍ണമാവുന്നത് എന്ന പതിവ് പല്ലവിയോട് വ്യക്തിപരമായി കടുത്ത വിയോജിപ്പ് ഉണ്ടെങ്കിലും 'അമ്മ' എന്ന വാക്ക് സ്നേഹത്തിന്റെ പര്യായമാണെന്ന വാദത്തോട് കുറച്ചു കാലം മുന്നേ വരെ അക്ഷരാർത്ഥത്തിൽ യോജിപ്പുണ്ടായിരുന്നു. എന്നാൽ, ആ വിശ്വാസത്തെ പോലും അടിവേരോടെ പിഴുതെറിഞ്ഞു കൊണ്ടായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പത്ര മാധ്യമങ്ങളിലൂടെ ചില പൊള്ളിക്കുന്ന വാർത്തകൾ തേടിയെത്തിയത്..
ചോരക്കുഞ്ഞിനെ ആശുപത്രിയിലും റെയിൽവെ സ്റ്റേഷനിലും മറ്റും ഉപേക്ഷിച്ചു, അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു തുടങ്ങിയ വാർത്തകൾ പണ്ട് കേട്ടിരുന്നപ്പോൾ മറ്റെല്ലാവരെയും പോലെ ഈ അമ്മമാർക്കിതെങ്ങനെ കഴിയുന്നു എന്നോർത്ത് ആവലാതിപ്പെട്ടിരുന്നു. എന്നാൽ, ഇന്നോർക്കുമ്പോൾ അവരോടൊക്കെ എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നിപ്പോവുന്നു. ഒന്നുമില്ലെങ്കിലും സ്വന്തം കൈ കൊണ്ട് കൊന്നു തള്ളാതെ, മറ്റെവിടെയെങ്കിലും ജീവനോടെ ഇരിക്കാനുള്ള ആ കുഞ്ഞുങ്ങളുടെ അവകാശങ്ങളെയെങ്കിലും അവർ നിഷേധിച്ചിരുന്നില്ലല്ലോ...
ഇന്ന് അവരുടെ ജീവിച്ചിരിക്കാനുള്ള അവകാശത്തിന്റെ കടക്കൽ പോലും അമ്മയെന്ന വിളിപ്പേരുള്ള ഒരു കൂട്ടർ കത്തി വെയ്ക്കുകയാണല്ലോ. ഇത്തരം ക്രൂര ചെയ്തികൾക്ക് മനുഷ്യൻ എന്ന മഹാ ജീവിവർഗം ചാർത്തി കൊടുത്തിരിക്കുന്ന വിശേഷണങ്ങൾ അതിനേക്കാൾ വിരോധാഭാസം നിറഞ്ഞതാണ്. 'മൃഗീയം', 'പൈശാചികം', എന്നൊക്കെയാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ തീവ്രത വിവരിക്കാനായി നമ്മൾ പലപ്പോഴായി ഉപയോഗിക്കുന്ന പദങ്ങൾ. ഒട്ടുമിക്ക മതങ്ങളുടെയും ചട്ടക്കൂട്ടിൽ 'പിശാച്' തെറ്റിന്റെ മൂർത്തി ഭാവമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ളതിനാൽ ആ വിശേഷണത്തിന്റെ ഇഴ കീറി പരിശോധിക്കാൻ മുതിരുന്നില്ല. പക്ഷെ 'മൃഗീയം 'എന്ന പദപ്രയോഗത്തോട് ഒരു തരത്തിലും യോജിക്കാൻ കഴിയുന്നില്ല.
ജന്തു ശാസ്ത്രത്തിൽ ഗവേഷണ ബിരുദമൊന്നും നേടിയിട്ടില്ലെങ്കിലും ഒരു മൃഗവും വിശക്കുമ്പോൾ അല്ലാതെ ഒരു ജീവിയേയും അക്രമിക്കാറില്ല എന്നാണറിവ്. ഇനി അതുമല്ലെങ്കിൽ മൃഗങ്ങൾക്കൊന്നും അവരുടെ കുഞ്ഞുങ്ങളോട് സ്നേഹമില്ല എന്നാണ് വിവക്ഷ എങ്കിൽ ജീവിതത്തിൽ വേദനയോടെ സാക്ഷിയാവേണ്ടി വന്ന ഒരു 'ചെറിയ വലിയ കാര്യം' ഓർമ്മയിൽ തെളിയുന്നു..
ഏകദേശം ഒരു മാസം മുമ്പ് നടന്ന സംഭവമാണ്. വളർത്തു മൃഗങ്ങളോടുള്ള, പ്രത്യേകിച്ച് പൂച്ചകളോടുള്ള വല്ലാത്തൊരിഷ്ടം കൊണ്ടും, ആയിരങ്ങൾ മുടക്കി മുന്തിയ ഇനം പൂച്ചകളെ വാങ്ങാൻ കയ്യിൽ കാശില്ലാത്തതു കൊണ്ടും വീട്ടിൽ ഇടക്കിടക്ക് വന്നുപോവുന്ന സകല നാടൻ പൂച്ചകൾക്കും ചോറും ബാക്കി വരുന്ന മീനും മറ്റും കൊടുത്ത് ഇണക്കി നിർത്താൻ ശ്രമിച്ചിരുന്നു. അക്കൂട്ടത്തിൽ ഒരു പൂച്ച ഈ 'പൂച്ച സ്നേഹത്തിൽ' ആകൃഷ്ടയാവുകയും വളരെ പെട്ടെന്ന് ഞങ്ങളുമായി അടുക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് അവളുടെ ഭക്ഷണവും, ഉറക്കവും എല്ലാം വീട്ടിൽ തന്നെയായി. എല്ലാവരോടും വല്ലാത്ത ഒരിണക്കം. കോളേജ് വിട്ടുവന്നാൽ അവളെ ഒന്നു കാണാതെ, കാൽ ചുവട്ടിലൂടെയുള്ള അവളുടെ സ്ഥിരം മുട്ടിയുരുമ്മിയുള്ള നടത്തം ഇല്ലാതെ ഒരു ദിവസവും കടന്നു പോവാൻ വയ്യെന്നായി.
അങ്ങനെ ദിവസങ്ങൾ കടന്നു പോകെ അവൾക്കു കൂട്ടായി നാലു കുഞ്ഞു പൂച്ചകളും എത്തി. പിന്നെ ആകെ കൂടി ബഹളമയം. പരസ്പരം ചാടി മറിഞ്ഞു കളിച്ചും, കെട്ടിപ്പിടിച്ചുറങ്ങിയും ഒക്കെ അവർ അവരുടേതായ ലോകത്തിൽ മഥിച്ചു നടന്നു. എന്നും രാവിലെ എഴുന്നേറ്റു വാതിൽ തുറക്കുമ്പോൾ കണി കാണുന്നത് ഭക്ഷണത്തിനു വേണ്ടി കാത്തു നിൽക്കുന്ന അവളെയും മക്കളെയുമാണ്. ഒരു മീൻ കഷണമോ, ഇറച്ചി കഷ്ണമോ അവൾക്കിട്ടു കൊടുത്താൽ കുഞ്ഞുങ്ങൾ കഴിക്കാതെ അവൾ അതിന്റെ അടുത്തു പോലും വന്നിരുന്നില്ല എന്നതാണ് വാസ്തവം. വീട്ടിൽ നിന്ന് എത്ര ഭക്ഷണം കിട്ടിയാലും, വർഗസ്വഭാവം എന്നോണം അടുത്ത വീടുകളിലൂടെയെല്ലാം ഒന്ന് ചുറ്റിക്കറങ്ങി വന്ന് അവിടുന്നു കിട്ടുന്ന മീൻ തലയോ, മറ്റെന്തെങ്കിലുമോ ഒക്കെ കുട്ടികൾക്ക് വേണ്ടി കടിച്ചു തൂക്കി കൊണ്ട് വന്ന് അവർക്കു കൊടുക്കും.
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ കൂട്ടത്തിൽ സാമാന്യം കുറുമ്പത്തി ആയിരുന്ന ഒരു പൂച്ചക്കുട്ടിയെ കാണാനില്ല. പതിവിന് വിപരീതമായി അവൾ എങ്ങോട്ടോ നോക്കി ഒരു മൂലയ്ക്ക് കിടക്കുന്നു. മറ്റു മൂന്നു കുട്ടികൾ പരസ്പരം കടിച്ചും മാന്തിയുമൊക്കെ അവൾക്കു ചുറ്റും ചാടി മറിയുന്നു എല്ലായിടത്തും തിരഞ്ഞിട്ടും നാലാമത്തെ കുട്ടിയെ മാത്രം എവിടെയും കാണുന്നില്ല. അങ്ങനെ കുറച്ചു സമയം കടന്നു പോയി. പിന്നീടാണ് ശ്രദ്ധിച്ചത് അവൾ ഇടക്കിടക്കു കിടന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി കുറച്ചപ്പുറത്തുള്ള മഴവെള്ളം ഒഴുക്കിവിടാനുള്ള ഒരു ചാലിലേക്ക് ഇറങ്ങുന്നു. കുറച്ചു സമയത്തിന് ശേഷം തിരിച്ചു കയറുന്നു.. കാര്യം എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഞാനും അവളുടെ പുറകേ പോയി നോക്കി. അവിടത്തെ കാഴ്ച കണ്ട് എനിക്ക് കണ്ണിൽ വെള്ളം വന്നു പോയി.. ഇത്രയും നാൾ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ഓടിച്ചാടി നടന്നിരുന്ന, ആ പൂച്ചക്കുട്ടി ജീവനറ്റു കിടക്കുന്നു.. അവളുടെ വെളുത്ത കുഞ്ഞു മുഖത്തെ തിളങ്ങുന്ന കണ്ണുകൾ പുറത്തേക്കു തുറിച്ചിരുന്നു.. ഞാൻ നൽകിയിരുന്ന മീൻ കഷ്ണം ആർത്തിയോടെ നക്കി തോർത്തിയിരുന്ന ആ കുഞ്ഞു നാവ് മുറിഞ്ഞു വായുടെ ഒരു വശത്തേക്ക് തൂങ്ങിയിരുന്നു. ചെവിയിൽ നിന്നും രക്തം ഒഴുകിയിരുന്നു..
കുഞ്ഞ് മരിച്ചു പോയതറിയാതെ അമ്മപ്പൂച്ച അവളുടെ രോമങ്ങളെ നാവുകൊണ്ട് നക്കി അവളെ ഉണർത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞുങ്ങളെ അങ്ങനെയാണവൾ ഉണർത്തിയുന്നത്.. ആ കുഞ്ഞു രോമങ്ങൾ ആകെ അമ്മയുടെ നാവിന്റെ നനവേറ്റു കുതിർന്നിരുന്നു.. ഇത്ര സംരക്ഷണം നൽകി വളർത്തിയിട്ടും അതിനെന്തു പറ്റിയെന്നറിയാതെ ഒരുപാടു നേരം ഞാൻ അവിടെ തന്നെ ഇരുന്നു. എത്ര നക്കിത്തുടച്ചിട്ടും കുട്ടി ഉണരാത്തതു കണ്ടപ്പോൾ അവൾ വീണ്ടും വീട്ടിലേക്കു തന്നെ മടങ്ങി മറ്റു കുഞ്ഞുങ്ങളുടെ അടുത്തു പോയി കിടന്നു. അപ്പോഴേക്കും അവിടെ ഈച്ചകൾ നിറയാൻ തുടങ്ങിയിരുന്നു. അവളുടെ കുഞ്ഞു വയർ ഒരു തവണയെങ്കിലും, ചെറുതായെങ്കിലും ഉയർന്നു താഴുന്നുണ്ടോ എന്ന് കണ്ണു കൂർപ്പിച്ചു നോക്കി, ഇല്ലെന്നുറപ്പായപ്പോൾ വീട്ടുകാരോട് പറഞ്ഞു. അമ്മപ്പൂച്ച ശ്രദ്ധിക്കുന്നില്ലെന്നുറപ്പ് വരുത്തി ഒരു കുഴിയെടുത്തു അവളെ മറവ് ചെയ്തു.
കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീണ്ടും നേരത്തെ കുഞ്ഞു കിടന്നിരുന്ന സ്ഥലത്ത് പോയി നോക്കി. കുഞ്ഞ് അവിടെ ഇല്ലെന്ന് കണ്ടപ്പോൾ അവളുടെ ഭാവം മാറി. കുഞ്ഞുങ്ങളെ വിളിക്കുന്ന ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് അവൾ അവിടെ ആകെ മണത്തു നോക്കി പരതി നടന്നു. എവിടുന്നോ കുഞ്ഞിന്റെ മണം കിട്ടിയിരുന്നിരിക്കണം. പിന്നെ അതേ ശബ്ദത്തിൽ തന്നെ കരഞ്ഞു പറമ്പിലൂടെ മൊത്തം കുഞ്ഞിനെ അന്വേഷിച്ചു നടന്നു. കുറച്ചു സമയം കഴിഞ്ഞു പ്രയോജനമൊന്നുമില്ലെന്ന് കണ്ടു വീട്ടിൽ തിരിച്ചെത്തി ഒരു മൂലക്ക് വന്നു കിടന്നു. ഭക്ഷണം കൊടുത്തിട്ടും ഒന്ന് പോയി മണത്തു നോക്കിയെന്നല്ലാതെ അവളത് കഴിക്കാൻ കൂട്ടാക്കിയില്ല.. അന്നേ ദിവസം മാത്രമല്ല, അതിനു പിറ്റേന്നും പല തവണ അവൾ കുഞ്ഞിനെ അന്വേഷിച്ച് ആ ചാലിനും പരിസര പ്രദേശങ്ങളിലും കരഞ്ഞു തിരഞ്ഞു നടന്നു..
ഈ കാഴ്ചകൾക്കെല്ലാം മൗനമായി സാക്ഷിയായി നിന്നപ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റലായിരുന്നു.. വെറുമൊരു പൂച്ചയെന്നു പറഞ്ഞു നമ്മൾ മനുഷ്യർ തള്ളിക്കളയുന്ന ആ ജീവിക്കു പോലും തന്റെ കുഞ്ഞിനോട് അത്രക്കും സ്നേഹം ഉണ്ടായിട്ടും ബുദ്ധിയും വിവേകവും എല്ലാം ഉണ്ടെന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യ വർഗത്തിന് മാത്രമെന്തേ ജന്മം കൊടുത്ത കുഞ്ഞുങ്ങളോട് ഇത്രമേൽ ക്രൂരമായി പെരുമാറാൻ കഴിയുന്നു? എന്തിന് ആ ക്രൂരതക്ക് 'മൃഗീയത' എന്ന നാമവിശേഷണം ചേർക്കുന്നു? ഒരു സഹജീവി എന്ന നിലയിലെങ്കിലും ആ കുഞ്ഞുങ്ങളോട് ഒരിത്തിരി കരുണ കാണിക്കാൻ അമ്മമാർ ബാധ്യസ്ഥരല്ലേ എന്ന ചോദ്യം മനസ്സിൽ അവശേഷിക്കുന്നു.