പ്രവാസം ഇങ്ങനെയൊക്കെയാണ്!

ദേശാന്തരം: ഷിബു മൈലപ്ര എഴുതുന്നു

Deshantharam by Shibu Mylapra

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
Deshantharam by Shibu Mylapra
 

വളരെ അവിചാരിതമായിട്ടയിരുന്നു ബാബുവേട്ടനെ കണ്ടത്. യു എ ഇയിലെ അജ്മാനില്‍. ജോലിക്ക് പോകാന്‍ കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍. തൊട്ടടുത്ത് മുനിസിപ്പാലിറ്റിയുടെ ചപ്പു ചവറുകള്‍ ഇടുന്ന പെട്ടിയില്‍ നിന്നും കാര്‍ഡ് ബോര്‍ഡുകളും പഴയ പാട്ടകളും ഒക്കെ തപ്പി പെറുക്കുകയായിരുന്നു ബാബുവേട്ടന്‍. അറുപതിനടുത്തു പ്രായമുള്ള, നരച്ച താടിയും, പാറി പറന്ന മുടിയും കൈലി മുണ്ടും ഉടുത്ത ആ മനുഷ്യനോട് ആദ്യം ഒരു വെറുപ്പും പിന്നെ സഹതാപവും തോന്നി ...

വെറുതെ ഒരു കൗതുകത്തിന് അടുത്ത് ചെന്ന് ചോദിച്ചു-'മലയാളി ആണോ?' പേരെന്താണ് ?  നിങ്ങള്‍ എന്താണ് ചെയ്യുന്നത് ? വല്ല അസുഖവും വരില്ലേ?' 

എല്ലാറ്റിനും കൂടി അയാള്‍ ഒരു ഉത്തരം തന്നു-'പിള്ളേരെ വളര്‍ത്തണ്ടേ കുഞ്ഞേ'-ആ ഉത്തരത്തിനു മുന്‍പില്‍ എനിക്ക് എനിക്ക് ഒരു മറുപടിയും ഉണ്ടായിരുന്നില്ല.

വീണ്ടും വീണ്ടും ഞാന്‍ ബാബുവേട്ടനെ കണ്ടു. പല രൂപത്തിലും പല ഭാവത്തിലും. തടിപ്പണിക്കാരന്‍ ആയി, പെയിന്റര്‍ ആയി, കൂലിക്കാരന്‍ ആയി ഒക്കെ. വല്ലാത്ത ബഹുമാനം തോന്നി എനിക്കാ നരച്ച താടിയോടും തലയോടും. ചെന്ന് തോളില്‍ കയ്യിട്ടു ഞാന്‍ പറഞ്ഞു, 'ബാബുവേട്ടാ അടുത്ത വെള്ളിയാഴ്ച റൂമിലേക്ക് വാ'. 

ബാബുവേട്ടന്‍ വന്നു. നടന്നു വിയര്‍ത്ത്, കയ്യില്‍ എന്റെ മക്കള്‍ക്ക് നിറയെ സമ്മാനങ്ങളുമായി.

മക്കളെ കണ്ടപ്പോള്‍ ആ കണ്ണുകളില്‍ വല്ലാത്ത ഒരു തിളക്കവും സ്‌നേഹവും ഞാന്‍ കണ്ടു. 'എന്തിനാ ബാബുവേട്ടാ' ഇതൊക്കെ എന്ന് ചോദിച്ചപ്പോള്‍ എന്റെ മക്കളെ പോലെ അല്ലെ എന്ന് പറഞ്ഞു. അന്നേരം ആ കണ്‍ കോണുകളില്‍ കണ്ട നനവ് എന്റെ കണ്ണുകളെയും ഈറനണിയിച്ചു.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാടന്‍ ഭക്ഷണം കഴിക്കുന്നത് എന്ന് പറഞ്ഞു ആര്‍ത്തിയോടെ കഴിക്കുമ്പോഴുംഇടയ്ക്കു ടിവിയില്‍ കേട്ട 'നാളികേരത്തിന്റെ നാട്ടില്‍ എനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്' എന്ന പാട്ടിന്റെ ശീലുകളില്‍ ബാബുവേട്ടെന്‍ ഒരു മാത്ര പതറി പോയത് ഇടം കണ്ണിന്‍ കോണില്‍ കൂടി ഞാന്‍ കണ്ടു.

ഊണ് കഴിഞ്ഞു ബാബുവേട്ടനോട് ഞാന്‍ ചോദിച്ചു -'നമുക്ക് വണ്ടി ഓടിച്ചു വെറുതേ എങ്ങോട്ടെങ്കിലും പോയാലോ?'

വളരെ സന്തോഷത്തോടെ ബാബുവേട്ടന്‍ സമ്മതിച്ചു. ആ യാത്രയില്‍ കാറിന്റെ മുന്‍ സീറ്റില്‍ ഇരുന്നു ബാബുവേട്ടന്‍ എന്നോട് കഥ പറഞ്ഞു തുടങ്ങി. പ്രവാസ ജീവിതത്തിന്റെ കഥ.

പത്തു വര്‍ഷമായി ബാബുവേട്ടന്‍ നാട്ടില്‍ പോയിട്ട്. ഭാര്യയും ഒരു മകളും നാട്ടില്‍ ഉണ്ട്. പല ജോലികളും ചെയ്തു. ഒന്നിലും ജീവിതം പച്ച പിടിച്ചില്ല. ജയിലില്‍ കിടന്നു. ചുമട് ചുമന്ന. 'മകളെ ഡോക്ടര്‍ ആക്കണം'-അത് മാത്രം ആണ് ആഗ്രഹം. പേഴ്‌സില്‍ ഇരുന്ന കുടുംബ ഫോട്ടോ കാണിച്ചു. മുടി കട്ട് ചെയ്തു മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച അവരെ കണ്ടപ്പോള്‍ ബാബുവേട്ടനോട് എനിക്ക് വീണ്ടും ബഹുമാനം കൂടി.

അടുത്ത മാസം ബാബുവേട്ടന്‍ നാട്ടില്‍ പോവുകയാണ്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം. വല്ലാത്ത ഒരുത്സാഹം ഞാന്‍ കണ്ടു ആ മുഖത്ത്. എന്തെക്കെയോ വാങ്ങി കൂട്ടുന്നു. കഥകള്‍ പറയുന്നു. പഴയകാലത്തിന്റെ കഥകള്‍. .

രാത്രി പതിനൊന്നു മണിക്കാണ് ബാബുവേട്ടന്റെ റൂമില്‍ നിന്ന് ആ ഫോണ്‍ കോള്‍ വന്നത്. 'ബാബുവേട്ടന്‍ തലകറങ്ങി ഒന്ന് വീണു.'

പെട്ടെന്ന് തന്നെ ഞാന്‍ അവിടെ എത്തി. ബാബുവേട്ടന്‍ ഉഷാറാണ്. മകള്‍ ഡോക്ടറായി. ഇപ്പോഴാണ് നാട്ടില്‍ നിന്ന് വിളിച്ചത്. അതിന്റെ സന്തോഷത്തിലാണ്. മിണ്ടാന്‍ വയ്യെങ്കിലും ബാബുവേട്ടന്റെ കണ്ണില്‍ വല്ലാത്ത ഒരു തിളക്കം ഞാന്‍ കണ്ടു. കുഴപ്പം ഒന്നുമില്ലഏ എന്നാലും ഹോസ്പിറ്റലില്‍ ഒന്ന് കൊണ്ട് പോയി കാണിക്കാം. 

ബന്ധുക്കള്‍ ആരെങ്കിലും അകത്തേക്ക് വരാന്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ എല്ലാവരും എന്റെ നേരെ നോക്കി. ഈ മനുഷ്യന്‍ ഇനി പത്തു ദിവസം പോലും ജീവിച്ചിരിക്കില്ല എന്ന് ഡോക്ടര്‍ പറഞ്ഞതോടെ എനിക്കൊരു മരവിപ്പായിരുന്നു. ആ റൂമില്‍ നിന്ന് വെളിയില്‍ വന്നു ബാബുവേട്ടന്റെ തോളില്‍ തട്ടി ഒരു കുഴപ്പവും ഇല്ല എന്ന് പറയുമ്പോഴും അതു നീണ്ടുനിന്നു. 

നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം അങ്ങനെ ഇന്ന് ബാബുവേട്ടന്‍ പോവുകയാണ്.

ബാബുവേട്ടന് ഒരു പത്തു വയസ്സ് കുറഞ്ഞ പോലെ എനിക്ക് തോന്നി. തലയില്‍ കറുപ്പടിച്ചു. മുഴുക്കയ്യന്‍ ഷര്‍ട്ടും പാന്റും ഇട്ടു. തലയില്‍ ഒരു തൊപ്പിവെച്ചു. എയര്‍ പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. അപ്പോഴും കാറിലെ എഫ് എമ്മില്‍ കേള്‍ക്കുന്ന ആ പഴയ പാട്ടില്‍ മുഴുകി ഇരിക്കുകയായിരുന്നു ബാബുവേട്ടന്‍-സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണ് സ്വപനം വിടരും ഗ്രാമം'

കൈവീശിക്കാണിച്ച് ബാബുവേട്ടന്‍ പോകുന്നതും നോക്കി ഞാന്‍ നിന്നു. ചെന്നാല്‍ ഉടനെ വിളിക്കാം എന്ന് പറഞ്ഞാണ് ബാബുവേട്ടന്‍ പോയത്. 

ഇന്ന് ബാബുവേട്ടന്‍ പോയിട്ട് ഒരു മാസം ആയി. ചെന്നാല്‍ ബാബുവേട്ടെന്‍ വിളിക്കും. ഉറപ്പായും വിളിക്കും. ആ വിളിക്കായി ഇന്നും കാതോര്‍ത്തിരിക്കുന്നു ഞാന്‍.

ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios