രാവിലെ അടുപ്പത്ത് വെച്ച്, വൈകിട്ട് വെന്ത്, സന്ധ്യയ്ക്ക് തിന്നുന്ന അരി!
ദേശാന്തരം: സാബിത്ത് പള്ളിപ്രം എഴുതുന്നു
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
രാവിലെ പത്ത് മണിക്ക് അടുപ്പത്ത് വെച്ച്, വൈകിട്ട് അഞ്ച് മണിക്ക് വെന്ത്, ആറ് മണിക്ക് തിന്നുന്ന അരി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?
അങ്ങിനെ ഒരു അരിയുണ്ട് സൗദിയില്‍.
എന്റെ അടുത്ത് ഹൌസ് ഡ്രൈവര്‍ ജോലി ചെയ്യുന്ന അണ്ണനുണ്ട്. ചില ദിവസങ്ങളിലെ മൂപ്പരെ അവസ്ഥയാണ് പറഞ്ഞത്.
രാവിലെ പത്ത് മണിക്ക് അരി കഴുകി അടുപ്പത്ത് വെക്കും, ഉച്ചക്ക് ഒരു മണിക്ക് തിന്നാന്‍. വെള്ളം ചൂടായി വരുമ്പോയേക്ക് ഫോണ്‍ റിങ് ചെയ്യും, അറബി തള്ള! തള്ളയ്ക്ക് ഉറക്കമില്ലെങ്കില്‍ ഊര് ചുറ്റലാണ് ഹോബി.
'കുമാര്‍, വല്ല സിയാറ'
വണ്ടി സ്റ്റാര്‍ട്ട് ആക്കി വെക്കടാ എന്നാണ് പറഞ്ഞത്.
'മാമ ബില്ല ഷൊയ ഇന്‍തളര്‍, റൂബ സാആ'
'തള്ളേ, (സ്‌നേഹത്തോടെ) ഒരു കാല്‍ മണിക്കൂര്‍ കാത്ത് നിക്കൊ?'- എന്നാണ് നമ്മളെ കുമാരന്‍ താണ് വണങ്ങി എളിമയോട് തള്ളയോട് ചോദിച്ചത്.
'ലാ ലാ, അല്‍ഹീന്‍ അല്‍ഹീന്‍, സൂറ യാ ഹിമാര്‍' (ഇല്ല പറ്റൂല്ല, ഇപ്പൊ വരണം, ഇപ്പൊ പെട്ടെന്ന് വരണം, കഴുതേ!)
'കഴുതേ' കൂട്ടാതെ പണിക്കാരോട് സംസാരിക്കാന്‍ തള്ളയ്ക്ക് അറിയില്ല.
തള്ളക്ക് ഒരു കാര്യവുമുണ്ടാവില്ല.. എന്നാലും സൂറ സൂറ. ( ഇപ്പൊ കുറെയെണ്ണം ജല്‍ദി ജല്‍ദി ആക്കിയിട്ടുണ്ട്)
കുമാരന്‍ ഇനിയെന്ത് പറയാന്‍?
'ഞാന്‍ വരുന്നു ...ന്റെ മോളെ' എന്ന് സ്‌നേഹത്തോടെ വിളിച്ച് ഫോണ്‍ കട്ട് ചെയ്യും.
കുമാരന്‍ ഇപ്പൊ വന്ന് കേറിയതേയുള്ളൂ.. പുലര്‍ച്ചെ 4:30 ന് എണീറ്റ് പണിക്കാരെ എടുക്കാന്‍ പോണം. കണ്‍സ്ട്രക്ഷന്‍ മുതലാളിയാണ് അറബി. പണിക്കാരെ റൂമില്‍ പോയി എടുത്ത് സൈറ്റില്‍ കൊണ്ട് വിട്ട് വീട്ടില്‍ തിരിച്ചെത്തുമ്പോയേക്ക് ആറു മണി.
ആറ് മണിക്ക് അറബിയുടെ മക്കളെ സ്‌കൂളില്‍ കൊണ്ട് വിടണം, ഓരോ മൂലക്കാണ് സ്‌കൂള്‍. കോളേജിലേക്കുള്ളവരെ കോളേജിലേക്ക്. എല്ലാ പരിപാടിയും കഴിഞ്ഞു എട്ടുമണിക്ക് വീട്ടിലെത്തും.
എട്ടുമണിക്ക് വീട്ടിന് മുമ്പിലുള്ള ഈന്തപ്പഴ തോട്ടത്തില്‍ വെള്ളം നനക്കണം, അത് കഴിഞ്ഞ് അറബിക്ക് പുതുതായി നിര്‍മിക്കുന്ന വീടിന് വെള്ളം കോരണം.
എല്ലാം കഴിയുമ്പോള്‍ മണി 9:30.
എല്ലാം കഴിഞ്ഞു എന്ന് കരുതി, അരിയിട്ടപ്പോഴാണ് തള്ളയുടെ വിളി.
അരിയും വെള്ളവും ഓഫ് ചെയ്ത് ഇറങ്ങി.
സൂറ സൂറ (പെട്ടെന്ന്) എന്ന് പറഞ്ഞു തുള്ളിയ തള്ള വരുമോ?
അവിടെയും പത്തിരുപത് മിനിറ്റ് കാത്തിരിക്കണം.
ഇനി കുമാരന്‍ രണ്ട് മിനിറ്റ് ലേറ്റ് ആയി ഇറങ്ങിയാലോ?
നാലാം ലോക മഹായുദ്ധം!
വന്ന് വണ്ടിയില്‍ കേറിയാല്‍, ബാക്കിലെ സീറ്റില്‍ ഇരുന്നു കുമാരനെ ഡ്രൈവിംഗ് പഠിപ്പിക്കും.
'യാ കല്‍ബ്, യമീന്‍, യസ്സാര്‍, വഖഫ് ഹയവാന്‍, കിദ യംശി സിയാറ.....' (നായെ, വലത്തോട്ട്, ഇടത്തോട്, നിര്‍ത്ത് ഇങ്ങനെയാണോ വണ്ടിയോട്ടുന്നത് മൃഗമെ...)
സിഗ്നല്‍ കട്ട് ചെയ്ത് വണ്ടിയോട്ടാന്‍ പറയും, പിഴ വന്നാല്‍ കുമാരന്റെ തെറ്റ്.
അമിത വേഗതയില്‍ പോവാന്‍ പറയും, ചെയ്താല്‍ കുമാരന്റെ തെറ്റ്. ചെയ്തില്ലേല്‍ കഴുത! നായ!
വല്ല മൊട്ടു സൂചിക്കോ മറ്റൊ ആവും. സിറ്റിയിലുള്ള സകല സൂപ്പര്‍ മാര്‍ക്കറ്റിലും കേറിയിറങ്ങും, ഓരോന്നിലും തോന്നിയ പോലെ സമയം ചിലവഴിക്കും. അവസാനം ഉച്ചവരെ തള്ളയേയും കൊണ്ട് തെണ്ടും. തള്ള കാണുന്ന ഹോട്ടലിലൊക്കെ കേറി സാധനങ്ങള്‍ വാങ്ങിച്ചു തിന്നും.
എന്നാല്‍ വേണമെന്ന് ചോദിക്കുമോ? ഇല്ല.
പാവം രാവിലെ ഒന്നും തിന്നില്ല, ഉച്ചയ്ക്കുള്ളത് ആയിട്ടില്ല..
ഒരു മണി ആയാല്‍ തള്ള തന്നെ പറയും. 'വാ വീട്ടില്‍ പോവാം. മക്കളെ സ്‌കൂളില്‍ നിന്ന് കൂട്ടേണ്ട നേരമായി'.
തള്ളയെ വീട്ടിലാക്കി, ഓരോ സ്‌കൂളില്‍ നിന്നും ഓരോ മക്കളെ പെറുക്കും. ചിലതിന്റെ സ്‌കൂള്‍ വേഗം കഴിയും എന്നാലും എല്ലാത്തിനെയും വണ്ടിയില്‍ കേറ്റി വീട്ടില്‍ എത്തുമ്പോഴേക്ക് മൂന്ന് മണി.
വയറ് കരിഞ്ഞ പുക ചെവിയിലൂടെ പുറത്തേക്ക് പോവും. പിന്നെയും അരിക്ക് തീ വെക്കും. പതച്ച് പൊന്തുന്നതിനടിയില്‍ പല തവണ വിളി വരും. ബഖാലയില്‍ പോയി അത് വാങ്ങി വാ. ഇത് വാങ്ങി വാ എന്നും പറഞ്ഞ്. ഒരു തവണ പോയാല്‍ തീരില്ല.
ഒരു സാധനത്തിന് തന്നെ രണ്ടും മൂന്നും പ്രാവശ്യം. ആദ്യം എണ്ണം കൂട്ടി പറയും പിന്നീട് അധികമായത് മടക്കാന്‍ ഒരുപോക്ക്. അല്ലെങ്കില്‍ ആദ്യം എണ്ണം കുറച്ച് പറയും, അതിന് വേണ്ടി ഒരു പോക്ക്.
ഈ പോക്കും വരവിനുമിടയില്‍ അരി ഏതാണ്ട് വെന്തിട്ടുണ്ടാവും.
അപ്പോഴേക്ക് പണി സൈറ്റില്‍ നിന്ന് വിളി വരും. പണിക്കാരെ റൂമില്‍ കൊണ്ട് വിടാന്‍.
പണിക്കാരെ വിട്ട് റൂമിലെത്തുമ്പോള്‍ മണി അഞ്ച്.
അരി വെന്ത് ചോറായിട്ടുണ്ട്. പക്ഷെ നേരത്തെ അത്ര വിശപ്പില്ല. ഒരു പണികൂടി ബാക്കിയുണ്ട്. അറബിയുടെ വണ്ടി കഴുകണം.
വണ്ടി കഴുകി, കുളിച്ച് തിന്നാനിരിക്കുമ്പോള്‍ ആറ് മണി.
ഇനി ഫ്രീ ടൈം കുറച്ചെയുള്ളു. ഏഴ് മണിക്കുള്ളില്‍ ബാങ്ക് വിളിക്കും.
അതിനിടയില്‍ നാട്ടില്‍ വിളിക്കണം. അവനവന്റെ മറ്റ് കാര്യങ്ങള്‍ നോക്കണം, ഒന്ന് ചെറുതായിട്ട് നടു നിവര്‍ത്തണം.
മഗ്രിബ് നിസ്‌കാരം കഴിഞ്ഞാല്‍ പാതിര പന്ത്രണ്ട് മണി വരെ, തള്ളയും മക്കളും ഊര് ചുറ്റലാണ്.
അടുത്ത ദിവസവും ഇത് തന്നെ.
എന്ന് കരുതി എല്ലാ ഡ്രൈവറെ സ്ഥിതിയും ഇത് പോലെ എന്നല്ല.
പക്ഷെ കണ്ടതില്‍ നൂറില്‍ തൊണ്ണൂറും കഷ്ടപ്പാട് തന്നാ!
ദേശാന്തരം: പ്രവാസികളുടെ അനുഭവങ്ങള്‍ ഇവിടെ വായിക്കാം