ഈ ഇഫ്താര്‍ വയറ് മാത്രമല്ല, ഹൃദയവും ആത്മാവും നിറയ്ക്കുന്നു
ദേശാന്തരം: സാബിത്ത് പള്ളിപ്രം എഴുതുന്നു
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
അയാളുടെ അരികത്ത് തന്നെ ഞാനിരുന്നു. ഒരു പടുക്കിളവന്‍. പല്ല് കൊഴിഞ്ഞു തീര്‍ന്നിട്ടുണ്ട്. മുഖത്ത് ചുളിവുകളും വരകളും നിറഞ്ഞിരിക്കുന്നു. കൂടെയിരുന്നപ്പോള്‍ മോണ കാട്ടി ചിരിച്ചു. ചേലുള്ള ചിരി. പല്ല് കിളിര്‍ക്കാത്തവരുടെയും കൊഴിഞ്ഞു പോയവരുടെയും ചിരി കാണാന്‍ നല്ല രസമാണ്. ഒന്ന് കളങ്കമേല്‍ക്കാത്ത ചിരിയും മറ്റൊന്ന് കളങ്കമറ്റുപോയതും. രണ്ട് നിഷ്‌കളങ്കമായ ചിരികള്‍.
ഞാനും ചിരിച്ചു. നമ്മളൊരുപാട് പേരുണ്ട് പള്ളിയുടെ മുറ്റത്ത് പായയും സുപ്രയും വിരിച്ച്. ഈന്തപ്പഴവും പഴവും പഴച്ചാറുകളും കബ്‌സയും കുബ്ബൂസും കോഴിയും ഷുര്‍ബയുമൊക്കെ നമ്മുടെ മുന്നില്‍ നിരത്തി വെച്ചിട്ടുണ്ട്.
തിരക്കും തല്ല് കൂടലുമില്ലാതെ അത്യാവിശ്യത്തിന് വയറ് നിറയ്ക്കാന്‍ പാകത്തില്‍ വിഭവങ്ങളുള്ള ഇഫ്താര്‍ കിട്ടുന്നയിടം. എല്ലാ സാധാരണക്കാരനായ പ്രവാസികളെ പോലെ അങ്ങിനെയൊരുയിടത്തിന് വേണ്ടിയുള്ള അന്വേഷണത്തിനറുതിയാണ് ആ പള്ളിമുറ്റം.
വാങ്ക് വിളിക്ക് വേണ്ടി കാത്തിരിക്കയാണ്. ദൂരെയുള്ള പള്ളികളില്‍ നിന്ന് വാങ്കിന്റെ നേരിയ ശബ്ദങ്ങള്‍ ആളുകളെ അക്ഷമരാക്കാന്‍ തുടങ്ങി. എന്തെ ഈ പള്ളിയില്‍ വാങ്ക് വിളിക്കാനാളില്ലേ? ചോദ്യങ്ങളുയരാന്‍ തുടങ്ങി. കാത്തിരുപ്പ് നീണ്ടില്ല. പള്ളിമിനാരത്തില്‍ നിന്നും വാങ്കൊലി ഉയര്‍ന്നു.
അരദിവസത്തെ ഉപവാസം അവസാനിക്കുന്നതിന്റെ ആശ്വാസം എല്ലാവരുടെ നിശ്വാസങ്ങളിലുമുണ്ട്. വയറൊട്ടി നില്‍ക്കുമ്പോഴും ക്ഷമയും സൗമ്യതയും മാന്യതയും വിട്ട് പോവരുതെന്ന് നോമ്പ് പഠിപ്പിക്കുന്ന പാഠം മറന്ന് പോയവരുമുണ്ട്.
അയാള്‍ ആരെയോ കാത്തിരിക്കുന്നത് പോലെ. ഈന്തപ്പഴവും വെള്ളവും മാത്രമെ കഴിച്ചുള്ളൂ. ആളുകള്‍ കഴിച്ച് എണീറ്റ് പോവുന്നത് വരെ അയാള്‍ അവിടെ തന്നെയിരുന്നു.
ഞാന്‍ എഴുന്നേല്‍ക്കുന്നതിന് മുമ്പേ അയാള്‍ സാവധാനമെഴുന്നേറ്റു. നടു മടങ്ങിയ മനുഷ്യന്‍. ഇരുന്ന് നിവരാനും നടക്കാനും നന്നെ പാട് പെടുന്നുണ്ട്.
അയാള്‍ ഓരോരുത്തരും തിന്ന് ബാക്കിയാക്കിയ കോഴിയുടെ മുള്ളുകള്‍ ഒരു സഞ്ചിയില്‍ പെറുക്കിയിടുന്നു.
എന്തിനാണിത്?
പത്ത് നാല്‍പത് പേരുടെ ഇഫ്താറിന്റെ എച്ചിലുകള്‍ വയ്യാത്ത ശരീരം കൊണ്ട് ശേഖരിക്കുന്നു.
അയാളെന്റെ അരികിലെത്തും വരും ആ ചോദ്യമെന്നെ വീര്‍പ്പ് മുട്ടിച്ചു. ഞാന്‍ ബാക്കിയാക്കിയ കോഴിയുടെ മുള്ളുകളും അയാള്‍ സഞ്ചിയിലാക്കി. എന്നോട് ചിരിച്ചു. മോണകാട്ടിയ നിഷ്‌കളങ്കമായ ചിരിക്കപ്പുറം എന്തൊക്കെയോ അര്‍ത്ഥങ്ങള്‍ ആ ചിരിയിലുണ്ട്.
അയാളോട് ഒന്നും ചോദിക്കാനാവില്ല എനിക്ക്. നേരത്തെ അയാളോട് തോന്നിയ നിസ്സാര മനോഭാവം എന്നില്‍ പശ്ചാത്താപത്തിന്റെ രൂപം പ്രാപിച്ചിരിക്കുന്നു.
കൂടെയുള്ളവരോട് ഞാനയാളെ കുറിച്ച് ചോദിച്ചു. നോമ്പ്കാലത്തെ അവിടുത്തെ സ്ഥിരം സന്ദര്‍ശകനാണ്. അയാള്‍ കഴിയുന്ന ഇടത്ത് ഒരുപാട് പട്ടികളും പൂച്ചകളുമുണ്ട്. അവയ്ക്ക് വേണ്ടിയാണ് ഇതൊക്കെ പെറുക്കി കൊണ്ട് പോവുന്നത്.
അറിയാതെ മനസ്സ് എന്നോട് തന്നെ ചോദിച്ചു. തൊട്ട് മുമ്പ് വരെ മനസ്സില്‍ നിറയെ ആവലാതികളായിരുന്നു. തനിക്ക് നോമ്പ് തുറക്കാന്‍ കിട്ടുമോ? കിട്ടുന്നത് മതിയാവുമോ?
വിളമ്പി വെച്ച ഭക്ഷണത്തിന് പോലും തമ്മില്‍ കശപിശ കൂട്ടാനിരിക്കുന്ന നമ്മുടെയിടയിലാണ് ഇതുപോലൊരു മനുഷ്യന്‍. നന്നെ കുറച്ച് തിന്ന്, മറ്റുള്ളവര്‍ വിശപ്പടക്കുന്നത് വരെ കാത്തിരുന്ന്, പൂച്ചയ്ക്കും പട്ടിക്കും വിളമ്പാന്‍ തയ്യാറാവുന്ന ഒരാള്‍.
വിശപ്പ് മനുഷ്യന് മാത്രമല്ല. മറ്റുള്ള ജീവികള്‍ക്കുമുണ്ട്. സ്വയം വിശപ്പറിഞ്ഞിട്ടും, നാമെന്തേ മറ്റുള്ളവരുടെ വിശപ്പറിയാത്തത്?
അയാളുടെ കൂടെയുള്ള ഇഫ്താര്‍ വയറ് മാത്രമല്ല, ഹൃദയവും ആത്മാവും നിറക്കുന്നു.
ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം