പ്രിയപ്പെട്ട അജ്ഞാതാ, താങ്കള്‍ എവിടെയാണ്?
ദേശാന്തരം: ജുസൈല്‍ ആലപ്പി എഴുതുന്നു
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായക അവസരത്തില്‍ ഒരു ദൈവദൂതനെ പോലെ കടന്നുവന്ന് എല്ലാം അവസാനിച്ചു എന്ന് തോന്നിത്തുടങ്ങിയ നിമിഷത്തില്‍ വിജയത്തിലേക്കുള്ള വഴിതുറന്ന് ഒന്നും പറയാതെ കടന്നു പോയ ഒരു മനുഷ്യന്‍.
ജീവിതത്തില്‍ ആരെയാണ് ഒരിക്കല്‍ കൂടി കാണുവാന്‍ ആഗ്രഹം എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍, പേരറിയാത്ത ആ മനുഷ്യനെ അല്ലെങ്കില്‍ പതിനാലു വര്‍ഷം മുന്‍പ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വെച്ച് കൈവീശി നടന്നു മറഞ്ഞു പോയ എപ്പോഴും പുഞ്ചിരിക്കുന്ന ആ മനുഷ്യനെ കുറിച്ചായിരിക്കും ഓര്‍ക്കുക.
പതിനാലു വര്‍ഷം മുന്‍പുള്ള ആദ്യ ഗള്‍ഫ് യാത്ര.
ഏറെ പ്രതീക്ഷകളോടെ വിസിറ്റ് വിസയില്‍ ഷാര്‍ജ എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ അടുത്ത ദിവസങ്ങളിലായി നടക്കുവാന്‍ പോകുന്ന ഇന്റര്‍വ്യൂകളെ കുറിച്ചായിരുന്നു ചിന്തകള്‍. ഒരു മാസത്തെ സമയം മാത്രമേയുള്ളൂ, മാക്‌സിമം ട്രൈ ചെയ്യണം . നഷട്‌പ്പെടാന്‍ ഒന്നുമില്ല, നേടിയെടുക്കാന്‍ മാത്രമുള്ളതാണ് ഇനിയുള്ള ജീവിതം.
ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് നില്‍ക്കുമ്പോഴാണ് ആ സത്യം തിരിച്ചറിയുന്നത്. പാസ്പോര്‍ട്ടിലേയും വിസയിലെയും പേരില്‍ ചെറിയ വ്യത്യാസമുണ്ട്.
എല്ലാം സ്വപ്ങ്ങളെയും കാറ്റില്‍ പറത്തി കൗണ്ടറില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ പറയുന്നു, പേരില്‍ വ്യത്യാസം ഉള്ളത് കൊണ്ട് പുറത്ത് കടക്കുവാന്‍ കഴിയില്ല. ഒന്നുകില്‍ വിസയിലെ പേര് ഉടന്‍ ശരിയാക്കണം, അല്ലെങ്കില്‍ അടുത്ത വിമാനത്തില്‍ തിരിച്ചു നാട്ടിലേക്ക് പോകേണ്ടി വരും.
തികച്ചും അപരിചിതമായ അന്തരീക്ഷം, ജീവിതത്തില്‍ ആദ്യമായി കാണുന്ന മനുഷ്യര്‍, എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോയ സമയം. എന്നെ ഒരു ഭാഗത്തേക്ക് മാറ്റി നിര്‍ത്തി. അവിടെ കുറേയാളുകള്‍ ഇരിക്കുന്നുണ്ട്. വലിയ ബാഗുകള്‍ മടിയിലും അടുത്തും വെച്ച് ഉറക്കം തൂങ്ങുന്നവര്‍. ഉറക്കം നഷ്ടപ്പെട്ടവര്‍. എല്ലാവരും എന്നെ പോലെ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉള്ളവരാണ്.
എങ്കിലും ഞാന്‍ പെട്ടുപോയിട്ടുള്ള ഈ അവസ്ഥയെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നു. എന്തൊക്കെയാണിനി ഞാന്‍ ചെയ്യേണ്ടത്? എന്താവും സംഭവിക്കുക? ഉള്ളിലുയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവാത്ത അവസ്ഥ.
എയര്‍പോര്‍ട്ടിന് പുറത്ത് കസിന്‍ കാത്തു നില്‍പ്പുണ്ട്, എന്നാല്‍, കോണ്ടാക്റ്റ് ചെയ്യാനുള്ള ഒരു സംവിധാനവും ഇല്ല.
എന്ത് ചെയ്യും എന്ന് ചിന്തിച്ചു ചുറ്റും സഹായത്തിനു വേണ്ടി പരതുമ്പോഴാണ് എന്നെ തന്നെ നോക്കിയിരിക്കുന്ന ഒരു യുവാവിനെ കണ്ടത്. എനിക്ക് നേരെയുള്ള സീറ്റിലിരുന്ന് അയാള്‍ മാടി വിളിച്ചു.
'എന്താ പ്രശ്‌നം?'- അരികില്‍ ചെന്നപ്പോള്‍ അയാള്‍ ചോദിച്ചു.
'വിസിറ്റ് വിസയില്‍ വന്നതാണ്, ആദ്യമായാണ് ഗള്‍ഫില്‍ വരുന്നത്, എന്റെ വിസയിലെയും പാസ്പോര്‍ട്ടിലേയും പേരില്‍ ചെറിയ വ്യത്യാസമുണ്ട്, എന്ത് ചെയ്യണം എന്നറിയില്ല. പുറത്ത് കസിന്‍ കാത്തു നില്‍പ്പുണ്ട്, പുള്ളിയെ ബന്ധപ്പെടാന്‍ വഴിയില്ല ....'-ഒറ്റശ്വാസത്തില്‍ ഞാന്‍ എല്ലാം അയാളോട് പറഞ്ഞു.
'കസിനെ വിളിക്കാനുള്ള സംവിധാനം ഉണ്ടാക്കാം, നീ വിഷമിക്കേണ്ട'-അയാള്‍ സമാധാനിപ്പിച്ചു.
അപ്പോഴാണ് ഞാന്‍ അയാളുടെ കാലിലേക്ക് ശ്രദ്ധിച്ചത്. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു-'എന്ത് പറ്റിയതാ?'-ഞാന്‍ അയാളോടു ചോദിച്ചു.
'ഒരു മാസത്തെ ലീവിന് നാട്ടില്‍ പോയതാണ്, അപകടം പറ്റി, അഞ്ചു മാസത്തില്‍ കൂടുതലായി നാട്ടില്‍ ചികിത്സയില്‍ ആയിരുന്നു, ഇന്നേക്ക് ആറുമാസം ആകുന്നു. രാത്രിയില്‍ ഇവിടെ എത്തിയതാണ്, വിമാനം വൈകിയത് കൊണ്ട് കണക്കുപ്രകാരം ആറുമാസം കഴിഞ്ഞു. ഇനി എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല, ഉദ്യോഗസ്ഥരുടെ കനിവിന്നുവേണ്ടി കാത്തിരിക്കുഷയാണ്'-അയാള്‍ പറഞ്ഞു നിര്‍ത്തി.
എന്നെക്കാള്‍ ഗുരുതരമായ അവസ്ഥയിലാണ് അയാളും. എങ്കിലും അയാളുടെ വാക്കുകളില്‍ പ്രതീക്ഷയുണ്ട്.
അയാള്‍ എനിക്കും ആവേശമായി മാറി, മങ്ങിത്തുടങ്ങിയ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളക്കുന്നു.
നാട്ടിലേക്ക് വിളിക്കാനുള്ള കാര്‍ഡ് അയാള്‍ സംഘടിപ്പിച്ചു തന്നു.
ഇമിഗ്രെഷന്‍ ക്ലിയറന്‍സ് ഓഫീസറെ വീണ്ടും കാണാന്‍ അയാള്‍ എന്നെ നിര്‍ബന്ധിച്ചു.'നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, ഒരു പക്ഷെ ഈ ശ്രമം കൊണ്ട് നടന്നാലോ?' -എന്നെക്കാള്‍ ആത്മവിശ്വാസം പുള്ളിക്കുണ്ടായിരുന്നു.
പുള്ളി പറഞ്ഞത് പോലെ ഐ ടെസ്റ്റ് വീണ്ടും നടത്തി ഓഫീസറുടെ മുന്നിലെത്തി.
കനിവിന്റെ കരുണയുടെ ആ മുഖം എന്നോട് പുഞ്ചിരിച്ചു. വിസയിലും പാസ്പോര്‍ട്ടിലും സ്റ്റാമ്പ് അടിച്ചു എന്നെ കടത്തി വിട്ടു. എന്തെന്നില്ലാത്ത സന്തോഷം. കൈവിട്ട ജീവിതം വീണ്ടും തിരിച്ചു പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ പിന്തിരിഞ്ഞു നോക്കി.
ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായക നിമിഷത്തില്‍ പ്രതീക്ഷകള്‍ നല്‍കി, കൈവിട്ട ഒരവസരം എനിക്ക് നേടിത്തന്ന് എനിക്ക് പ്രവാസലോകത്തേക്ക് വഴിതുറന്ന് തന്ന ആ നല്ല മനുഷ്യന്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു. നടന്നു മറയും വരെ എന്നെ നോക്കി കൈ കാണിക്കുന്നു.
അദ്ദേഹത്തിന്റെ പേരോ നാടോ എനിക്കറിയില്ല. ആ അവസ്ഥയില്‍ വിമാനത്താവളത്തിനു പുറത്തുകടക്കാന്‍ കഴിഞ്ഞോ അതോ തിരിച്ചു പോകേണ്ടി വന്നോ എന്നൊന്നും അറിയില്ല. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടും എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴും മറ്റൊരാള്‍ക്ക് വഴികാട്ടിയും പ്രചോദനവും ആകുവാന്‍ തയ്യാറായ ആ വ്യക്തി ഇപ്പോള്‍ എവിടെ ആയിരിക്കും . അദ്ദേഹത്തെ ഇനിയും കാണാന്‍ സാധ്യത ഉണ്ടാകുമോ?
അറിയില്ല-എങ്കിലും ഒന്നുറപ്പുണ്ട് അദ്ദേഹം എവിടെയാണെങ്കിലും ജീവിത വിജയം നേടിയിരിക്കണം. കാരണം ''നന്മയുള്ള മനുഷ്യര്‍ ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുകയില്ല'.
ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം