ഇനായത്ത് ഖാന്‍ എന്ന പാകിസ്ഥാനി
ദേശാന്തരം: അന്‍വര്‍ ഷാ എഴുതുന്നു
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
പേരിനെങ്കിലും ഒന്നോ രണ്ടോ മഴകള്‍ പെയ്തശേഷമാണ് തണുപ്പുകാലത്തിലേക്ക് കടക്കുക.
പ്രവാസത്തിലെ അകത്തും പുറത്തുമുള്ള കത്തുന്ന ചൂടില്‍ നിന്നും പതിയെ പതിയെ തണുപ്പിലേക്കുള്ള ഇറക്കം വളരെ രസകരമാണ്.
പൊടിക്കാറ്റും മഴയും മെല്ലെ മെല്ലെ മഞ്ഞും. പിന്നെ നാല് മാസത്തോളം സുന്ദരമായ ഒരു സ്വപ്‌നം പോലെ തണുപ്പിലൂടെ കുളിര്‍ന്ന് നടന്ന് നടന്ന്.
സൂഫി ഫ്ളാറ്റിലെ തണുപ്പ് കാലം പഴയപോലെ സുഖകരമല്ല.
നാല്‍പത് വയസ്സിന് ശേഷമാണ് മഹാന്മാര്‍ ലോകത്ത് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് എങ്കിലും സാധാരക്കാരനായ അലസ ജീവിതം നയിച്ചിരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ആരംഭിക്കുന്ന കാലത്തിലൂടെ കടന്ന് പോകുകയാണ്. ഇടക്കൊക്കെ ഓര്‍മ്മവരുമ്പോള്‍ കാലത്ത് എഴുന്നേറ്റ് വ്യായാമം ചെയ്യുക, തണുപ്പിനെ അകറ്റുന്ന വസ്ത്രങ്ങള്‍ ഇട്ട് പുറത്തിറങ്ങുക തുടങ്ങിയ പുതിയ രീതികള്‍ ആരംഭിച്ചു തുടങ്ങിയിരിക്കുന്നു.
ഓഫീസിന് മുന്നിലുള്ള കുട്ടികളുടെ പാര്‍ക്കിന് ചുറ്റുമുള്ള നടപ്പാതയിലൂടെ കാലത്ത് എഴുനേറ്റ് നടക്കുവാന്‍ രസമാണ്. പാര്‍ക്കിലെ പുല്‍മേട്ടില്‍ ചിതറി കിടക്കുന്ന കൊഴിഞ്ഞ ഇലകള്‍, മനോഹരമായ ശബ്ദത്തില്‍ പ്രഭാതം ആഘോഷിക്കുന്ന കിളികള്‍, പതിവ് പോലെ പാര്‍ക്കിന് ചുറ്റും വലംവെക്കുന്ന നാല്‍പത് കഴിഞ്ഞവര്‍.
അധികദിവസങ്ങളിലും ഓഫീസിന് അടുത്തുള്ള ടീഷോപ്പില്‍ നിന്നും കാലത്ത് തന്നെ 'കടക്ക്' ചായ കുടിക്കും ( ഇടക്കൊക്കെയത് വെടക്ക് ചായയാണ് ). ഇനായത്ത് ഖാന്‍ എന്ന പാകിസ്ഥാനിയെ പരിചയപ്പെടുന്നത് അവിടെ വെച്ചാണ്.
ഒരു കമ്പനിയിലെ സെയില്‍സ് റെപ്പ് ആണ്. സ്വന്തം ബിസിനസ് തുടങ്ങി പൊട്ടിയശേഷം മറ്റൊരു കമ്പനിക്ക് വേണ്ടി പണിയെടുക്കുന്നു.
ഹിന്ദി സിനിമാ നടന്റെ ലുക്കുള്ളത് കൊണ്ട് 'സിനിമയില്‍ അഭിനയിച്ചു കൂടെ' എന്ന് ഇടക്കൊക്കെ ഞാന്‍ ചോദിക്കാറുണ്ട് , സത്യം പറഞ്ഞാല്‍ ആ ചോദ്യത്തില്‍ നിന്നാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്.
വലിയ സൗഹൃദം ഒന്നുമില്ലെങ്കിലും വെറും ചായകുടി ബന്ധത്തില്‍ നിന്നും ഞങ്ങള്‍ ഇടക്കൊക്കെ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സൗഹൃദത്തിലേക്ക് വളര്‍ന്നു എന്നത് സത്യമാണ്.
ഇനായത്ത് ഖാന്റെ ജീവിതത്തിലെ വലിയ രണ്ടു സ്വപ്നങ്ങളാണ് ഭാര്യക്ക് ഗള്‍ഫില്‍ ജോലി സംഘടിപ്പിക്കുക എന്നതും ചുവന്ന മുടിയുള്ള വെള്ളാരം കണ്ണുകളുള്ള സുന്ദരിയായ ഒരു പെണ്‍കുഞ്ഞുണ്ടാകുക എന്നതും.
പത്തുവര്‍ഷത്തില്‍ കൂടുതലായി വിവാഹം കഴിഞ്ഞിട്ട്. എങ്കിലും കുട്ടികള്‍ എന്നത് ഇരുവരുടെയും വലിയ സ്വപ്നമായി അവശേഷിക്കുന്നു.
ഇനായത്തിന്റെ സെയില്‍സ് വണ്ടിയില്‍ ഇടക്കൊക്കെ പുറത്ത് പോകാറുണ്ട്, ഞാന്‍ കയറുമ്പോള്‍ ഹിന്ദി സോങ്സ് വെക്കുമെങ്കിലും പഷ്ത്തൂവിലുള്ള ഗാനങ്ങള്‍ കേള്‍ക്കാനാണ് ആസമയങ്ങളില്‍ എനിക്കിഷ്ടം എന്ന് പറയും. എല്ലാ പാട്ടുകള്‍ക്കും ഒരേ രീതി തോന്നിപ്പിക്കുമാറ് അടുക്കും ചിട്ടയുമൊന്നും അനുഭവപ്പെടാത്ത പാട്ടുകള്‍. താളം തെറ്റിയൊഴുകുന്ന പ്രവാസിയുടെ ജീവിതം പോലെ.
മനോഹരമായ ഖോര്‍ഫക്കാന്‍ ബീച്ചില്‍ ഒരു വൈകുന്നേരം ദുബായില്‍ നിന്നും വന്ന ഒരു ഫാമിലിയെ കാണിക്കാന്‍ കൊണ്ടുപോയതാണ്. കാഴ്ചകണ്ട് അവര്‍ ദുബായിക്ക് തിരികെ പോകുമ്പോള്‍ തിരിച്ചു ദിബ്ബയിലേക്ക് എന്നെ എടുക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇനായത്തിനെ വിളിച്ചത്. അവസാനമായി അവനെ കണ്ടതും അന്നായിരുന്നു.
ദുബായ് ഫാമിലി ബീച്ച് ഇളക്കി മറിക്കുമ്പോള്‍ ഞങ്ങള്‍ കൊച്ചു കുട്ടികള്‍ കളിക്കുന്ന ഇടങ്ങളില്‍ വെറുതെ നിന്നു.
ഇനായത്ത് കുഞ്ഞുങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടേയിരുന്നു. ആദ്യത്തെ കുട്ടി പെണ്‍കുഞ്ഞായിരിക്കണം, സ്വര്‍ണ്ണ നിറമുള്ള മുടികള്‍ വേണം, വെള്ളാരം കണ്ണുകളും വെളുത്തു ചിരിക്കുന്ന പല്ലുകളും വേണം.
ഞങ്ങളുടെ മുന്നിലൂടെ ഒരുകൂട്ടം പെണ്‍കുട്ടികള്‍ ഓടിപ്പോയി.
ദുബായ് ഫാമിലി തിരിച്ചു പോയപ്പോള്‍ ഞങ്ങള്‍ ദിബ്ബയിലേക് തിരിച്ചു.
ഇനായത്ത് പറഞ്ഞു തുടങ്ങി : 'അടുത്ത ദിവസങ്ങളില്‍ ഭാര്യ വിസിറ്റ് വിസയില്‍ വീണ്ടും വരുന്നുണ്ട്, ഇത്തവണ ഉറപ്പായും ജോലി ലഭിക്കും, ഇവിടെ കുറച്ചു കാലം നിന്നാല്‍ ചുവന്ന മുടികളുള്ള വെള്ളാരം കണ്ണുകളുള്ള കുട്ടിയെ ഇരുവര്‍ക്കും ഒരുമിച്ചു സ്വപ്നം കാണാലോ'.
ഞങ്ങള്‍ക്ക് അരികിലൂടെ കടന്നു പോകുന്ന വാഹനത്തിലെ അടച്ചിട്ട ചില്ലു ഗ്ലാസ്സിലൂടെ ഒരു കുഞ്ഞു മാലാഖ ഞങ്ങളെ നോക്കി ചിരിച്ചു.
ആ ചുവന്ന കൈകളിലെ നക്ഷത്ര കണ്ണുകളുള്ള കളിപ്പാവയോട് കഥ പറഞ്ഞ് പറഞ്ഞ് ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ച്ച കൊച്ചുകുഞ്ഞുങ്ങളാണെന്ന് ഇനായത് പറഞ്ഞു. പ്രവാസത്തിന്റെ പതിവ് തിരക്കുകള്‍ക്ക് ഇടയില്‍ അവന്റെ ഭാര്യ വിസിറ്റ് വിസയില്‍ വന്നതും ജോലി കിട്ടാതെ തിരിച്ചു പോയതും നിരാശയോടെ ടെലഫോണ്‍ വഴി അവസാനമായി അവന്‍ വിളിച്ച സമയത്ത് പറഞ്ഞു.
അടുത്ത ദിവസങ്ങളിലായി ചായ കുടിക്കാന്‍ ഇനായത്തിനെ കാണാറേയില്ല. എന്നെ തന്നെ ഇടയ്ക്കിടെ എനിക്ക് കാണാനും അറിയാനും പറ്റാത്ത ഈ പ്രവാസലോകത്ത് മറ്റൊരാളെ ഓര്‍ക്കാന്‍ എവിടെ സമയം കിട്ടുന്നു.
പലപ്പോഴും നമുക്ക് ഉപകാരമുള്ള ആളുകളുമായി സൗഹൃദം ഉണ്ടാകുകയും ഉപയോഗം കഴിഞ്ഞാല്‍ അകലെ നിര്‍ത്തുകയും ചെയ്യുന്നതാണ് പുതിയ കാലത്തെ രീതി എന്ന് പതിനേഴ് വര്‍ഷത്തെ പ്രവാസലോകത്തെ സാമൂഹിക ഇടപെടലുകളില്‍ നിന്ന് തിരിച്ചറിഞ്ഞു തുടങ്ങിയത് ഇപ്പോഴാണ്.
'എന്താണ് ഇക്ക വിശേഷം' എന്ന ചോദ്യത്തില്‍ തന്നെ ഒരു ആപ്പ് ഒളിഞ്ഞിരിക്കുന്നത് പോലെ അല്ലെങ്കില്‍ ഒരു പണി കിടക്കുന്നത് പോലെ തോന്നും.
ആഴ്ചകള്‍ വീണ്ടും കഴിഞ്ഞു. ഇനായത്ത് കൊണ്ട് നടക്കാറുള്ള കമ്പനി വണ്ടിയില്‍ ഇപ്പോള്‍ മലയാളിയാണ്.
സൂഫി ഫ്ളാറ്റിന്റെ അടുത്തുള്ള ഷോപ്പില്‍ ആ വാഹനം ഇടയ്ക്കിടെ കാണാറുണ്ട്.
'ഇനായത്ത് എവിടെ'-വീണ്ടും കണ്ടപ്പോള്‍ അയാളോട് ചോദിച്ചു.
'എനിക്ക് മുന്‍പ് ഈ റൂട്ടില്‍ ഉണ്ടായിരുന്ന പാകിസ്ഥാനിയല്ലേ?
'അയാള്‍ മരിച്ചു എന്നാണ് അറിഞ്ഞത്, കൂടുതല്‍ കാര്യങ്ങള്‍ എനിക്കും അറിയില്ല'-പറഞ്ഞവസാനിപ്പിക്കും മുന്‍പ് അയാള്‍ വാഹനത്തിലേക്ക് ഇറങ്ങി നടന്നു.
തിരക്ക് പിടിച്ച അയാളുടെ ഒരു പ്രഭാതം തുടങ്ങുകയാണ്.
ദിബ്ബയിലെ കുട്ടികളുടെ പാര്‍ക്കിന് മുന്നിലൂടെ നടപ്പാതയിലൂടെ ഓഫിസിലേക്ക് നടക്കുകയാണ്, ആരവങ്ങളൊഴിഞ്ഞ കളിയിടം, അഭംഗിയായി കിടക്കുന്ന കുട്ടികളുടെ പൊട്ടിയ കളിപ്പാട്ടങ്ങള്‍, പൊഴിഞ്ഞ ഇലകള്‍, കരയുന്ന പക്ഷികള്‍.
ഇനായത്തിന്റെ നമ്പറിലേക്ക് വെറുതെ വിളിച്ചു-സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.
അല്ലെങ്കിലും അവനിനി മൊബൈല്‍ ആവശ്യമില്ലല്ലോ. ആകാശത്തിന്റെ നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിടയില്‍ അവന്‍ സുഖമായിരിക്കട്ടെ.
ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം