വിജനത മാത്രമുള്ള റെയില്‍വെ സ്റ്റേഷനുകള്‍, കൊവിഡ് കാലത്തെ തീവണ്ടിയാത്ര; എന്‍റെ അനുഭവം ഇങ്ങനെ...
കൊറോണക്കാലത്തെ അനുഭവം: മേരി സാമുവല്‍ എഴുതുന്നു.
കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.
ഒരു മാസം മുമ്പ് ഔദ്യോഗിക ആവശ്യത്തിനായാണ് തിരുവനന്തപുരത്തുനിന്ന് തൃശൂരെത്തിയത്. തിരുവനന്തപുരത്ത് സ്ഥിതി ഇപ്പോഴത്തെ അത്ര വഷളായിരുന്നില്ല. എങ്കിലും വാഹനങ്ങള്‍ കുറവ്. ബസുകള്‍ തൊട്ടടുത്ത ജില്ലവരെ എന്നതായിരുന്നു അവസ്ഥ. ട്രെയിന്‍ അപ്പോഴും ഓടുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ശ്രമിക് വണ്ടികളും സ്‌പെഷ്യല്‍ വണ്ടികളും പിന്നെ ജനശതാബ്ദിയും. ചെല്ലുന്നിടത്തൊരു എഴുപത്തിരണ്ടുകാരിയും ഏഴുവയസുകാരനുമുളളതുകൊണ്ട് പൊതുഗതാഗതം ഉപയോഗിച്ച് ജാഗ്രതയില്‍ കുറവുവരുത്തണ്ട എന്നുകരുതി കൊച്ചിവരെ കമ്പനി കാറിലും അവിടുന്ന് ആങ്ങളയുടെ കാറിലുമായി നാടണഞ്ഞു.
ജോലി തുടങ്ങാമെന്നു തീരുമാനിച്ച അന്ന് സ്‌റ്റുഡിയോ ഇരിക്കുന്ന വാര്‍ഡ് കണ്ടെയ്‌ന്‍മെന്റ് സോണായി. അങ്ങനെ ഒരാഴ്‌ച്ച വൈകിയാണ് ജോലി തുടങ്ങി അവസാനിപ്പിക്കാനായത്. ജൂലൈയില്‍ പാലക്കാട് ഷൂട്ടിങ്ങിനെത്തുന്ന ക്രൂവിനൊപ്പം മടങ്ങാമെന്നായിരുന്നു ധാരണ. അപ്പൊഴേക്കും തിരുവനന്തപുരത്ത് കൈവിട്ട അവസ്ഥയായി. ലോക്ക്‌ഡൗണ്‍, പിന്നാലെ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍. അതോടെ ഷൂട്ടിങ്ങെല്ലാം മാറ്റിവെച്ചു. കമ്പനിയിലെ സ്ഥിരം യാത്രക്കാരെല്ലാം കൊച്ചിയിലും കോട്ടയത്തുമൊക്കെയായി കുടുങ്ങിക്കിടപ്പാണ്. ദിവസം കഴിയുന്തോറും ശ്വാസമടക്കിപ്പിടിച്ച് ആറുമണി വാര്‍ത്ത കാണാനിരിക്കുന്ന സ്ഥിതിയായി. തിരുവനന്തപുരത്ത് പൂന്തുറയിലും മറ്റും സമൂഹവ്യാപനം സ്ഥിതീകരിച്ചു. ലോക്ക്ഡൗണും നീട്ടി. പിന്നാലെ വരാന്‍ പോവുന്നത് സംസ്ഥാനമടച്ച് ലോക്ക്‌ഡൗണ്‍ ആയിരിക്കുമെന്ന നല്ലപാതിയുടെ അപായസൂചനയില്‍ ചെറുതല്ലാതെ ഞെട്ടി. അത്യാവശ്യം ജോലികള്‍ നടന്നുപോവാന്‍ 2 ജിബി ദിനംപ്രതി നെറ്റുളള ജിയോഫൈ ആണ് കൂടെ കരുതീട്ടുളളത്. റേഞ്ച് കിട്ടണമെങ്കില്‍ നല്ലനേരം നോക്കണം. ഇനിയും ഭാഗ്യപരീക്ഷണത്തിനു തുനിഞ്ഞാല്‍ വര്‍ക്ക് ഫ്രം ഹോം അവതാളത്തിലാവുമെന്നുറപ്പായതു കൊണ്ട് എങ്ങനെയും തിരിച്ചുപോവുകതന്നെ എന്നുറപ്പിച്ചു.
പത്തുകൊല്ലം മുമ്പൊരു ഓണക്കാലത്ത് ലോക്കല്‍ ട്രെയിനും ബസുകളും മാറിമാറിക്കയറി ഒരു പകല്‍കൊണ്ട് ബാംഗ്ലൂരില്‍ നിന്ന് തൃശൂരെത്തിയ സാഹസമോര്‍ത്തു. നാട്ടിലേക്കുളള തീവണ്ടികള്‍ ഹൗസ്‌ഫുള്ളും തൃശൂര്‍ക്കാരുടെ അവസാനപ്രതീക്ഷയായ കല്ലട ട്രാവല്‍സ് രണ്ടിരട്ടി ടിക്കറ്റിനും സീറ്റില്ലെന്ന് കൈമലര്‍ത്തുകയും ചെയ്‌തപ്പോഴാണ് എന്നിലെ സാഹസിക ഉണര്‍ന്നത്. അന്നുപക്ഷെ കൊറോണ ഉണ്ടായിരുന്നില്ല. പ്രായം പത്തുവയസ് കുറവുമായിരുന്നുവെന്ന് ഉള്ളിലിരുന്ന് പക്വമതിയായ ഞാന്‍ കണ്ണുരുട്ടി. അതോടെ പഴയ സാഹസികയാവാനുളള മോഹം ചുരുട്ടിക്കൂട്ടി ദൂരെയെറിഞ്ഞു. തമ്മില്‍ഭേദം തീവണ്ടി ആണെന്ന് വിദഗ്‌ദ്ധാഭിപ്രായം വന്നു. പേടികാരണം ആളുകള്‍ തീവണ്ടിയുടെ അടുത്തുപോലും വരണില്ലത്രെ. ഉടനെ ഓണ്‍ലൈനില്‍ ടിക്കറ്റ് തപ്പി. ജനശതാബ്ദിയില്‍ ഇഷ്ടം പോലെ സീറ്റുണ്ട്. കോഴിക്കോടു നിന്ന് പുറപ്പെടുന്നതാണ്. രണ്ടും കല്‍പ്പിച്ച് ബുക്ക് ചെയ്‌തു.
കൊറോണ പ്രമാണിച്ച് വണ്ടിയെത്തുന്നതിനും ഒന്നര മണിക്കൂര്‍ മുമ്പേ സ്റ്റേഷനിലെത്തിക്കൊളണം എന്ന താക്കീതാണ് ഐആര്‍സിടിസി തുറന്നപ്പോള്‍ ആദ്യം കണ്ടത്. പിന്നാലെ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡു ചെയ്യാനുളള നിര്‍ദേശം, കൊറോണ പിടിക്കാതിരിക്കാനുളള മുന്‍കരുതലുകളുടെ വിവരണം. അതുംകഴിഞ്ഞ് പോകേണ്ടുന്ന നാട്, വീട്, വീട്ടുനമ്പര്‍, റൂട്ട് മാപ്പ്, പ്രായം, നാള് നക്ഷത്രമൊക്കെ സമര്‍പ്പിക്കുമ്പോള്‍ പി.എസ്.സി പരീക്ഷയാണോ എഴുതുന്നതെന്നൊരു സംശയം തോന്നി ഒന്നൂടെ നോക്കി. ടിക്കറ്റിനുള്ള അപേക്ഷ തന്നെ, സംശയം തീര്‍ന്നു!
അങ്ങനെ എട്ടേകാലിന് എത്തുന്ന വണ്ടിയില്‍ കേറാന്‍ ആറരയ്‌ക്കേ സ്റ്റേഷനില്‍ ഹാജര്‍ വെച്ചു. വാതോരാതെ സംസാരിച്ചുകൊണ്ടുവന്ന ചേട്ടനും ഞാനും സ്‌റ്റേഷനിലെത്തിയതേ നിശബ്ദരായി. അത്രയും വിജനമായി തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ആദ്യമായി കാണുകയായിരുന്നു... പലകാലങ്ങളില്‍, പലസമയത്ത് ഈ സ്റ്റേഷനില്‍ നിന്ന് വണ്ടി കയറുകയും ഇവിടെ ഇറങ്ങുകയും ചെയ്‌തിരിക്കുന്നു. വീടിനകമെന്നപോലെ മുക്കും മൂലയും പരിചിതമായ സ്റ്റേഷന്‍ അന്നാദ്യമായി അപരിചിതത്വത്തിന്റെ പുതിയമുഖം കാണിച്ചുതന്നു. പ്രധാന കവാടം കെട്ടിയടച്ചിരിക്കുകയാണ്. മൂകമായ ടിക്കറ്റ് കൗണ്ടറും പോര്‍ട്ടിക്കോയും. പ്രിയപ്പെട്ട ആരോ ഒരാള്‍ ഓര്‍ക്കാപ്പുറത്ത് ജീവിതമുപേക്ഷിച്ചുപോയ വീടിന്റെ ഉമ്മറം പോലെ തോന്നിച്ചു അവിടം. അന്തിമാഞ്‌ജലി അര്‍പ്പിച്ച് തിരിച്ചിറങ്ങുമ്പോള്‍ തോന്നുന്ന അതേ ശൂന്യത അന്നേരമെന്നെ വന്നുപൊതിഞ്ഞതുകൊണ്ട് ഒരിക്കല്‍ക്കൂടി തിരിഞ്ഞുനോക്കാന്‍ മനസനുവദിച്ചില്ല.
പാഴ്‌സല്‍ കൗണ്ടറിനരികെ പെട്ടെന്നു ശ്രദ്ധയില്‍ പെടാത്തൊരു കുഞ്ഞുവാതിലും ഒറ്റപ്പാളി ഗേറ്റുമുണ്ട്. അതാണിപ്പോഴത്തെ പ്രവേശനകവാടം. മാസ്‌ക്, കൈയ്യുറ ഇത്യാദി സന്നാഹങ്ങളണിഞ്ഞ രണ്ട് പൊലീസുകാര്‍ അതീവഗൗരവത്തില്‍ ഗേറ്റിനിരുവശത്തും നില്‌പ്പുണ്ട്. റോഡിനിപ്പുറം ബാക്ക്‌പാക്കുമായി ഒരു പെണ്‍കുട്ടി മാത്രമേയുളളു. നേരെ ഗേറ്റിനടുത്തേക്കു ചെന്നു. ജനശതാബ്ദിയ്‌ക്കു കയറാന്‍ എവിടെയാണ് നില്‍ക്കേണ്ടതെന്നു ചോദിച്ചു പൂര്‍ത്തിയാക്കും മുമ്പെ ഉത്തരം വന്നു. ഇവിടെത്തന്നെ. ഏഴുമണിയ്‌ക്ക് കടത്തിവിടുമെന്ന്. പ്രീ പെയ്‌ഡ് ഓട്ടോകള്‍ക്കായുള്ള പ്രത്യേകവരി കാലിയാണ്. അതിനുമുന്നിലെ ടാക്‌സി ബേയില്‍ ഒന്നോ രണ്ടോ ടാക്‌സികളുണ്ട്. വെളുപ്പാന്‍കാലങ്ങളില്‍ അതിഥിത്തൊഴിലാളികളുടെ നീണ്ട തത്‌കാല്‍ നിരയും തിരക്കും ബഹളവുമില്ലാതെ അടഞ്ഞുകിടക്കുന്ന റിസര്‍വേഷന്‍ ഓഫീസ്. അതിന്റെ വരാന്തയില്‍ ഇപ്പോള്‍ പൊലീസുകാര്‍ വിശ്രമിക്കുന്നു. ഏഴാവാറായപ്പോള്‍ സീസണ്‍കാരായ രണ്ടുമൂന്ന് യാത്രികരും കൂടിയെത്തി. പിന്നാലെ രണ്ട് ബൈക്കുകളിലായി രണ്ടുപേര്‍ കൂടി.
ജനശതാബ്ദിക്കാര്‍ പോന്നോളൂ എന്ന് പൊലീസുകാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു. നിമിഷനേരം കൊണ്ട് ഗേറ്റിനു മുമ്പിലൊരു കുഞ്ഞുവരി രൂപപ്പെട്ടു. ഓരോ മീറ്റര്‍ കൃത്യതയാര്‍ന്ന അകലമുളള വരി. തെര്‍മല്‍ സ്‌കാനര്‍ നെറ്റിയില്‍ ചൂണ്ടി അകത്തേക്കുളള വഴി തെളിച്ചപ്പോള്‍ കണ്ടുമറന്നൊരു ഇടിപ്പടത്തിലെ സീനോര്‍മ്മ വന്നു. തോക്കിന്‍കുഴല്‍ നയിക്കുന്ന വഴി! എട്ടുപേരുണ്ടായിരുന്നു വരിയില്‍. പ്ലാറ്റ്‌ഫോമിലേക്കു പ്രവേശിക്കുന്നിടത്തുതന്നെ താല്‍ക്കാലികമായി ഒരുക്കിയിട്ടുളള കൗണ്ടറില്‍ രണ്ട് ടിക്കറ്റ് എക്‌സാമിനര്‍മാര്‍ ഇരിപ്പുണ്ട്. ശാരീരിക അകലം ഉറപ്പാക്കാന്‍ അവിടെയുമുണ്ട് രണ്ട് പൊലീസുകാര്‍. ഊഴമെത്തുമ്പോള്‍ കമ്പാര്‍ട്ട്‌മെന്റ് നമ്പറും സീറ്റ് നമ്പറും പറയണം. ചാര്‍ട്ടിലെ പേരിനുനേരെ വരച്ച് ആളിതുതന്നെ എന്നുറപ്പാക്കി മുന്നോട്ടു പോകാനുളള അനുമതി തരും. ചോദിച്ചില്ലെങ്കിലും കോച്ച് പൊസിഷന്‍ കൂടി പറഞ്ഞുതന്നു ടിക്കറ്റ് എക്‌സാമിനര്‍. ഡി പതിനൊന്നാണ്. ഏറ്റവുമറ്റത്തെ ഓവര്‍ബ്രിഡ്‌ജിനു താഴെയായി വരും. നേരെ നടന്നോളാന്‍! അരക്കിലോമീറ്ററോളമുണ്ട്. നടന്നു.
അനുകാലികങ്ങള്‍ വാങ്ങാറുള്ള ഹിഗ്ഗിന്‍സ് ബോതാംസ് തുടങ്ങി ആ നിരയിലെ കടകളൊന്നുമില്ല. റെയില്‍വേ സ്‌റ്റേഷന്റെ ആത്മാവായ ട്‌ര്‍ണിം ട്‌ര്‍ണിം ശബ്ദവും തുടര്‍ന്നുളള കളവാണിയുടെ ത്രിഭാഷാ അനൗണ്‍സ്‌മെന്റുമില്ല. നിര്‍ത്താതെ പ്രവര്‍ത്തിക്കുന്ന ടിവിപരസ്യങ്ങളില്ല. എന്തിന്, ഒരുകാര്യവുമില്ലാതെ കുരയ്‌ക്കുന്ന പട്ടികളെ പോലും കാണാനില്ല. ചലനാത്മകതയുടെ പര്യായങ്ങളിലൊന്നായിരുന്ന റെയില്‍വേ പ്ലാറ്റ്‌ഫോമാണിത്! വിജനത എത്രത്തോളം ഭയാനകമാവാമെന്ന്, നിശബ്ദതയ്‌ക്ക് എത്രത്തോളം ശ്വാസം മുട്ടിയ്‌ക്കാനാകുമെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. മൗനം ഘനീഭവിച്ച് ഒന്നുകൂടി ഇരുണ്ടതുപോലെ തോന്നിച്ച കുറച്ച് കാക്കകള്‍ അവിടവിടെ കൊത്തിപ്പെറുക്കി നടപ്പുണ്ട്. ചിറകടിച്ചാല്‍ ശബ്ദമുണ്ടായാലോ എന്നു പേടിച്ചാണവറ്റപോലും പറക്കാത്തതെന്നു തോന്നി. വരിയില്‍ കൂടെ ഉണ്ടായിരുന്ന ഏഴുപേരില്‍ ഒരാള്‍പോലും എന്റെ കമ്പാര്‍ട്ട്‌മെന്റിനടുത്തുപോലുമില്ല. രണ്ടുമിനിറ്റിനുളളില്‍ വണ്ടിയ്‌ക്കകത്തു കയറിപ്പറ്റാന്‍ സര്‍ക്കസ് കാട്ടിയിരുന്ന കാലം വളരെയൊന്നും പിന്നിലായിരുന്നില്ലല്ലോ എന്നോര്‍ത്തു നെടുവീര്‍പ്പിട്ടിരിക്കെ ശതാബ്ദിയെത്തി.
ആ കമ്പാര്‍ട്ട്‌മെന്റിലെ ആറാമത്തെ യാത്രക്കാരിയായിരുന്നു ഞാന്‍. രണ്ടു സ്‌ത്രീകള്‍ രണ്ടിടത്തായി സീറ്റിനു കുറുകെയുളള ഹാന്‍ഡിലൊക്കെ ഉയര്‍ത്തിവെച്ച് വിശാലമായി കിടന്നുറങ്ങുന്നു. എനിക്ക് എതിര്‍വശത്തായി മൂന്നാമത്തെ വരിയില്‍ ഒരമ്മയും രണ്ട് പെണ്‍മക്കളുമെന്നു തോന്നിക്കുന്ന മൂന്നുപേര്‍. പെണ്‍കുട്ടികള്‍ മാസ്‌ക്, അതിനു പുറമെ പ്ലാസ്റ്റിക് മുഖാവരണം, തലയിലൊരു ആവരണം, കൈയ്യുറ ഒക്കെ ധരിച്ചാണിരിപ്പ്. ഓര്‍ക്കാപ്പുറത്തൊരു സയന്‍സ് ഫിക്ഷന്‍ സിനിമയിലേക്ക് നടന്നുകയറിയതു പോലെ തോന്നിയെനിക്ക്. സ്വപ്‌നമല്ല. സത്യമാണ് കണ്‍മുന്നില്‍.
എത്തേണ്ടതിലും നേരത്തെ എറണാകുളം നോര്‍ത്തിലെത്തി. അതേ ശൂന്യത. കാലിയായ ഇരിപ്പിടങ്ങളും അടഞ്ഞ സ്റ്റാളുകളും അങ്ങിങ്ങ് അക്ഷരത്തെറ്റുപോലെ ഓരോ മനുഷ്യരും. കാഴ്‌ച്ചയില്‍ നാടകീയത പകര്‍ന്നുകൊണ്ട് നിശബ്ദം പെയ്യുന്ന മഴയും! മറ്റാരും കയറാനില്ലാത്തതു കൊണ്ടാവാം, ആ മഴ കോട്ടയത്തോളം കൂടെയുണ്ടായിരുന്നു. നല്ല വിശപ്പ് തോന്നിത്തുടങ്ങിയിരുന്നു. മുന്നിലിരിക്കുന്ന പെണ്‍കുട്ടികളുടെ തുറിച്ചുനോട്ടം അവഗണിച്ച് മാസ്‌കഴിച്ചുവെച്ച് പഴവും ബിസ്‌ക്കറ്റും കഴിച്ചു. ഓരോ സ്‌റ്റേഷന്‍ പിന്നിടുമ്പോഴും ക്ലീനിങ്ങ് സ്‌റ്റാഫ് വന്നുപോകുന്നുണ്ട്. പെറുക്കാന്‍ ഒഴിഞ്ഞ വെള്ളക്കുപ്പിയോ ചായഗ്ലാസോ ഇല്ലാത്തതുകൊണ്ട് അവര്‍ ജനല്‍ വഴി അതിക്രമിച്ചെത്തിയ മഴയെ തൂത്തുതുടച്ച് പുറത്താക്കി മടങ്ങി. വെള്ളംകുടി നിര്‍ബാധം തുടര്‍ന്നതുകൊണ്ട് ശുചിമുറിയില്‍ പോകാതെ നിവൃത്തിയില്ലെന്നായി. കായംകുളം കഴിഞ്ഞപ്പോള്‍ രണ്ടും കല്‍പ്പിച്ചെഴുന്നേറ്റു. ആള്‍പ്പെരുമാറ്റം ഇല്ലാത്തതുകൊണ്ട് വൃത്തിയായി കിടക്കുന്ന ശുചിമുറി കണ്ടപ്പോള്‍ സത്യസന്ധമായും കണ്ണുനിറഞ്ഞുപോയി. ഇന്ത്യന്‍ തീവണ്ടിയിലെ രണ്ടാം ക്ലാസ് കമ്പാര്‍ട്ട്‌മെന്റിലെ ശുചിമുറി അവസാന സ്റ്റേഷനോടടുക്കുമ്പോഴും വൃത്തിയായി കിടക്കാന്‍ ഒരു കൊറോണ അവതരിക്കേണ്ടി വന്നു!
അരമണിക്കൂറോളം നേരത്തെ തിരുവനന്തപുരം സെന്‍ട്രലില്‍ വണ്ടിയെത്തി നിന്നു. ഇറങ്ങാനും ആ അഞ്ചുപേര്‍ തന്നെ. ആറാമതായി ഞാനും. കഷ്ടിച്ച് നൂറില്‍ താഴെ യാത്രക്കാര്‍ ഉണ്ടായിരുന്നിരിക്കണം ഈ വണ്ടിയില്‍. നിമിഷങ്ങള്‍ക്കകം പ്ലാറ്റ്‌ഫോം വിജനമായി. ഓവര്‍ബ്രിഡ്‌ജിലേക്കുളള എസ്‌കലേറ്ററുകളും ലിഫ്‌റ്റും നിശ്ചലമാണ്. എന്നിട്ടും കോണിപ്പടിയില്‍ തിരക്കോ ബഹളമോ ഇല്ല. മൂകരായി, വരി പാലിച്ച് നടക്കുന്ന യാത്രക്കാര്‍. ഓവര്‍ബ്രിഡ്‌ജില്‍ രണ്ടോ മൂന്നോ പൊലീസുകാരുണ്ട്. ഇറങ്ങാനൊറ്റ വഴി മാത്രം. അവിടെയുമുണ്ട് ഊഷ്‌മാവ് പരിശോധന. അതും കഴിഞ്ഞ് പുറത്തേക്ക്. ജനമൊഴിഞ്ഞ നഗരത്തിന്റെ പശ്ചാത്തലത്തില്‍ സ്വതവേ പേടിപ്പിക്കുന്ന ആകാരമുള്ള കെഎസ്‌ആര്‍ടിസി ടെര്‍മിനലിന് രണ്ടിരട്ടി വലിപ്പം തോന്നിച്ചു.
കൊറോണക്കാലം കഴിയാതിരിക്കില്ല. ജനശതാബ്ദികള്‍ ഓടാതെയും. ഒരു പരിചയമില്ലെങ്കിലും ഇനിയൊരിക്കലും തമ്മില്‍ കാണില്ലെങ്കിലും ഒരു നോട്ടത്തിന്റെ സൗഹൃദം പോലും അന്യോന്യം കൈമാറിയില്ലെങ്കിലുമെന്റെ സഹജീവികളേ, നിങ്ങളില്ലാത്ത പ്ലാറ്റ്‌ഫോമുകള്‍, തീവണ്ടികള്‍ അതോര്‍ക്കാന്‍ കൂടി വയ്യ. എങ്കിലും മനുഷ്യനല്ലേ, യാത്രയുടെ തീവ്രാനുഭവം മറന്നുപോകാതിരിക്കാനായി ഈ വാക്കുകള്‍ ഇവിടെ കിടക്കട്ടെ.
കൊറോണക്കാലം: അനുഭവങ്ങള്‍ ഇവിടെ വായിക്കാം