അസമയത്തെ പനി
'കൊറോണക്കാലം.അബുദാബിയില്‍ നിന്നും മുഹമ്മദ് അലി മാങ്കടവ് എഴുതുന്നു
കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.
സ്ഥാനത്തും അസ്ഥാനത്തുമുള്ള കൊറോണ ട്രോളുകളും. അനാവശ്യമായി ഒരു സന്ദേശവും ഫോര്‍വേഡ് ചെയ്യില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പകരം, പോസിറ്റീവായ കാര്യങ്ങള്‍ ആളുകളില്‍ എത്തിക്കണമെന്നും കരുതി.
അതിനിടെയായിരുന്നു പനി. ഒപ്പം കടുത്ത തലവേദനയും, ചുമയും തൊണ്ടവേദനയും. കൊറോണക്കാലമാണ്, എല്ലാവരും ഭയന്നു. ഞാന്‍ ആശുപത്രിയില്‍ പോയി. രോഗികളെക്കൊണ്ടുനിറഞ്ഞ ഇന്‍േറണല്‍ മെഡിസിന്‍ വിഭാഗത്തില്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി, രണ്ടു മണിക്കൂറോളം ചെലവഴിച്ചു. ഡോക്ടറെ കണ്ടു മരുന്നും ലീവ് സര്‍ട്ടിഫിക്കറ്റും തരപ്പെടുത്തി ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങുമ്പോളേക്കും ഓഫീസില്‍ നിന്നും സഹജീവനക്കാരുടെ വിളിയോട് വിളി. നാല് ദിവസമായിട്ടും മാറാത്ത അസുഖം കോവിഡ് 19 തന്നെയാവുമെന്ന ധ്വനിയായിരുന്നു ചിലരുടെയെങ്കിലും വാക്കുകളില്‍!
'ശ്രദ്ധിക്കണം, കോവിഡ് ടെസ്റ്റ് ചെയ്‌തോ' എന്നൊക്കെയായി അന്വേഷണങ്ങള്‍. അഞ്ചാം ദിവസത്തേക്കുള്ള ലീവ് സര്‍ട്ടിഫിക്കറ്റ് കയ്യിലില്ലെങ്കിലും, ഇന്ന് കൂടി ലീവ് വേണമെന്ന് മാനേജരെ വിളിച്ചു അഭ്യര്‍ത്ഥിച്ചപ്പോള്‍, യാതൊരു എതിര്‍പ്പുമില്ലാതെ അദ്ദേഹം പറഞ്ഞു, 'നോ പ്രോബ്ലം' എന്ന്! അവനിങ്ങോട്ട് വരാതിരുന്നെങ്കിലെന്ന്, ചില സഹപ്രവര്‍ത്തകരെങ്കിലും അടക്കം പറഞ്ഞുകാണുമെന്ന് ഞാനൂഹിച്ചു. എന്തുചെയ്യാന്‍, സാഹചര്യം അതല്ലേ.
രണ്ടാഴ്ചക്കാലമായി ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയും ഭാഗികമായി 'വര്‍ക്ക് ഫ്രം ഹോം' ആരംഭിച്ചു , ഞങ്ങളുടെ ദുബായ് , ഷാര്‍ജ ശാഖകള്‍ രണ്ടാഴ്ചക്കാലത്തേക്ക് അടച്ചുപൂട്ടി. ഇപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഓഫീസില്‍ ചെല്ലേണ്ടത്. കൃത്യസമയത്ത് വീട്ടില്‍ നിന്നിറങ്ങി, ബില്‍ഡിങ്ങിന്റെ കാര്‍പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത കാറിലേക്ക് ലിഫ്റ്റ് വഴി പോകും, നേരെ ഓഫീസ്, ഓഫീസ് വിട്ടാല്‍ വീട് അങ്ങനെ.
ഓഫീസിലേക്ക് പോകുമ്പോള്‍ കാണാം വ്യത്യസ്തമായ കാഴ്ചകള്‍. ഫേസ് മാസ്‌ക്ക് ധരിച്ചു നടന്നു പോകുന്ന ചിലര്‍ അത് മൂക്കിനും വായക്കും താഴേക്ക് മാറ്റി, സിഗരറ്റ് പുകച്ചു കൊണ്ട് റോഡ് സിഗ്‌നല്‍ കടക്കുന്നു. ചിലര്‍ അതെ അവസ്ഥയില്‍ ചായ മൊത്തിക്കുടിച്ചുകൊണ്ടു പോകുന്നു. ചിലര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ വേണ്ടി ഇങ്ങനെ ചെയ്യുന്നു. മറ്റുള്ളവരോട് സംസാരിക്കാന്‍ വേണ്ടിയും ഇങ്ങനെ ചെയ്യുന്നവരെ കണ്ടിട്ടുണ്ട്. എന്റെ അറിവില്‍ ഒരു തവണ മാസ്‌ക് ഊരിക്കഴിഞ്ഞാല്‍ അത് ഉപയോഗശൂന്യമാകുമെന്നാണ്.
ഇവിടെ ഇന്നേദിവസം വരെ നിത്യോപയോഗ സാധനങ്ങളെല്ലാം ആവശ്യത്തിന് ലഭ്യമാണ്. കൊറോണ സാഹചര്യം മുതലാക്കാന്‍ സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികാരികള്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സ്പെഷല്‍ ഓഫറുകള്‍ വഴിയുള്ള വിലക്കുറവുകള്‍ എവിടെയുമില്ലെങ്കിലും, സാധനങ്ങള്‍ക്ക് വിലകൂടിയിട്ടില്ല. നിയന്ത്രിത പ്രവര്‍ത്തന സമയക്രമമാണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലുമെല്ലാം.
കൊറോണക്കാലം അങ്ങനെ പലതു കൊണ്ടും അതിശയിപ്പിക്കുകയാണ്. ഈ മഹാമാരി എത്രയും വേഗം ലോകത്ത് നിന്നും ഉയര്‍ത്തപ്പെടട്ടെ. പൊട്ടിപ്പുറപ്പെട്ടത് പോലെ, എന്നെന്നേക്കുമായി നശിക്കട്ടെ!