മാസ്‌ക് അണിഞ്ഞ തെരുവുകള്‍

'കൊറോണക്കാലം. ലോക്ക് ഡൗണ്‍ കാലത്തെ തെരുവുകള്‍. ബിന്ദു പ്രതാപ് എഴുതുന്നു

 

Corona days special series on covid 19 by Bindu Prathap

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

Corona days special series on covid 19 by Bindu Prathap

 

ലോക്ക്ഡൗണിലായ പത്തു ദിവസങ്ങള്‍ക്കു ശേഷം ആണ് പുറത്തേക്കിറങ്ങുന്നത് എന്നതിനാല്‍തന്നെ ആദ്യമായി സൂര്യപ്രകാശം തട്ടുന്ന പോലെ ഒരു  അപരിചിതഭാവം. വഴികള്‍ക്ക് ദൂരക്കൂടുതല്‍ തോന്നിച്ചു.  റോഡിന്റെ വിശാലതയില്‍ എന്റെ ആക്സസ് 125 ഏറെ സന്തോഷിക്കുന്നുണ്ടെന്നു  തോന്നി. ഇടയ്ക്കു കടന്നു പോവുന്ന ബൈക്കുകള്‍, കാറുകള്‍. മിക്കവരും മാസ്‌ക് ധരിച്ചിരിക്കുന്നു. ഞാനും  ഏതോ പുതിയ സ്പീഷിസ്  എന്ന് അകത്തിരിക്കുന്ന ജീവശാസ്ത്രാദ്ധ്യാപിക ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. കൊറോണ കോവിഡ്-19 എങ്ങനെ ലോകം മാറ്റിമറിച്ചിരിക്കുന്നു!

നെമ്മാറ ടൗണില്‍ എത്തിയപ്പോള്‍ ആണ് ചില ആളനക്കങ്ങള്‍ എങ്കിലും കാണാന്‍ കഴിഞ്ഞത്. പിയപ്പെട്ടഅദ്ധ്യാപക സുഹൃത്തുക്കളോടൊപ്പം സാനിറ്റൈസര്‍ നിര്‍മാണത്തില്‍ പങ്കുചേരാനായിരുന്നു ആ യാത്ര.

ഉച്ചയ്ക്കായത് കൊണ്ടാവാം മടക്കയാത്ര തീര്‍ത്തും ഏകാന്തമായിരുന്നു. അര മണിക്കൂറിനുള്ളില്‍ ഒരു കാറും രണ്ടു ബൈക്കുകളും മാത്രമാണ് കടന്നു പോയത്. ഏകാന്തത അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നൊരാളാണ് ഞാന്‍. ഒറ്റയ്ക്ക് വീണു കിട്ടുന്ന നിമിഷങ്ങളിലാണ് നമുക്ക് ഉള്ളിനുള്ളിലെ നമ്മെ  കാണാനാവുക എന്നു കരുതുന്ന ആള്‍. എന്നിട്ടും, ആ അവസ്ഥ വിരസമായി തോന്നി. ലോക്ക് ഡൗണ്‍ ദിനങ്ങളിലെ അരക്ഷിതാവസ്ഥയും അസ്വസ്ഥതകളും ആവാം...

സ്വതവേ വിജനമായ കാക്കയൂര്‍ ഫോറസ്റ്റ് ഏരിയ ഇന്ന് ഏതോ വന്യ സൗന്ദര്യം അണിഞ്ഞിരുന്നു. ഉച്ചവെയിലിന്റെ തീക്ഷ്ണതയിലെ ആ വന പരിച്ഛേദത്തോടുള്ള സ്‌നേഹം ഒരു നോട്ടത്തിലൊതുക്കി യാത്ര തുടര്‍ന്നു.  നീണ്ടു നിവര്‍ന്നു കിടന്നിരുന്ന റോഡുകളെല്ലാം തീര്‍ത്തും വിജനം. എത്രയോ വണ്ടികള്‍ ഞെരിച്ചരച്ച പാതയാണ്, ഇന്ന്  അപൂര്‍വമായി കടന്നു പോവുന്ന വണ്ടികളെയും വാത്സല്യത്തോടെ കൈപിടിച്ച് കൊണ്ട് പോകുന്നു. ആര്‍ക്കും, ഒന്നിനുമില്ല തിരക്കുകള്‍

വഴിയില്‍ പോലീസിനെയൊന്നും കണ്ടുമുട്ടിയില്ല ആവശ്യമായ രേഖകളും പെര്‍മിഷന്‍ ലെറ്ററും കയ്യില്‍ ഉള്ളത് കൊണ്ടാവാം, അവരെ കണ്ടെങ്കില്‍ എന്നാഗ്രഹിച്ചോ എന്നും സംശയമുണ്ട്. മെഡിക്കല്‍ സ്റ്റോര്‍, എ ടി എം എന്നിവിടങ്ങളില്‍ പോവേണ്ടതിനാല്‍ യാത്ര കൊടുവായൂര്‍ മാര്‍ക്കറ്റ് വഴിയാക്കി.

രാത്രി ഏറെ വൈകും വരേയ്ക്കും തിങ്ങി നിറഞ്ഞിരുന്ന കൊടുവായൂര്‍ മാര്‍ക്കറ്റ് ശൂന്യമാണ്. അങ്ങിങ്ങു ചില പലചരക്കു, പച്ചക്കറി കടകള്‍,,  ചുരുക്കം ചില ബേക്കറികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍. ഹര്‍ത്താലിന് പോലും ഇത്ര വിജനമായി കാണാറില്ല. കടകള്‍ അടഞ്ഞു കിടന്നാലും ആള്‍ത്തിരക്കുകള്‍ ഉണ്ടാവും. സാധാരണ ഇവിടെ ഒരു കിലോമീറ്റര്‍ താണ്ടാന്‍ അര മണിക്കൂര്‍ ബ്ലോക്കുണ്ടാവും. മൊത്ത വ്യാപാരത്തിന്റെയും പച്ചക്കറിയുടെയും  കേന്ദ്രമാണീ മാര്‍ക്കറ്റ്. ഉത്സവപ്രതീതിയാണെപ്പോഴും. പല്ലശ്ശേന, പുതുനഗരം  തേങ്കുറിശ്ശി, കുനിശ്ശേരി കൊല്ലങ്കോട് തുടങ്ങി ഒരുപാട് സ്ഥലങ്ങളിലെ ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന അങ്ങാടി. നിരവധി വര്‍ണങ്ങള്‍ വാരിയണിഞ്ഞു കൊണ്ടാണ് മാര്‍ക്കറ്റിനെ നിത്യവും കാണുക. നൈറ്റി മൊത്തവ്യാപാരവും ചില്ലറ വില്പന കടകളും കൊണ്ട് നിറങ്ങളുടെ ഒരു പറുദീസ. മരിയന്‍ കോളേജ് ജംഗ്ഷന്‍ മുതല്‍ പിട്ടുപീടിക വരെ നീണ്ടുകിടക്കുന്ന വര്‍ണ്ണങ്ങളിലൊക്കെയും കണ്ണുടക്കും. ഇപ്പോള്‍ അതൊരു ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പോലെ. സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ തെരുവീഥികള്‍ ഒരു പുരാതനനഗരത്തെ ഓര്‍മിപ്പിച്ചു. കെയ്‌റോയിലോ സ്‌പെയിനിലോ ഉള്ളൊരു അപരിചിതനഗരം.

പെട്ടെന്നൊരു വണ്ടി ഹോണടിച്ച് കടന്നുപോയി. മാസ്‌കണിഞ്ഞ ചെറുപ്പക്കാരന് ഒരു വേഗവുമില്ല. ഇവരുടെ ചീറിപ്പായല്‍ ഒക്കെ എവിടെപ്പോയി.. മുഖമില്ലാത്ത ഒന്ന് രണ്ടാളുകള്‍ കൂടി കടന്നുപോയി.

പരിണാമശാസ്ത്രക്ലാസ്സില്‍ കുട്ടികളോട് പറഞ്ഞത് ഓര്‍മ വന്നു .ഈ ചൂണ്ടുവിരല്‍ മാത്രം ഉപയോഗിച്ചുള്ള സ്വിച്ചിടല്‍ വ്യായാമം ഇങ്ങനെ തുടര്‍ന്ന് കൊണ്ട് പോകുകയാണെങ്കില്‍ കൈപ്പത്തികളും വിരലുകളും ഒക്കെ ലോപിക്കുമായിരിക്കും പകരം നീളമുള്ള ഒരു ചൂണ്ടുവിരല്‍ മനുഷ്യര്‍ക്ക് ബാക്കിയാവും  അന്തരീക്ഷമലിനീകരണം ഇവ്വിധം തുടരുകയാണെങ്കില്‍ ഓക്‌സിജന്‍ അഭാവം കൊണ്ട് മനുഷ്യര്‍ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുകയും ആഞ്ഞു ശ്വസിച്ചു ശ്വസിച്ചു മൂക്ക് നീണ്ട വേറൊരു മനുഷ്യസ്പീഷിസ് ഉണ്ടാവുകയും ചെയ്യുമായിരിക്കും. ഈ കയ്യുറയും മാസ്‌കും ഒക്കെകണ്ടപ്പോള്‍ അങ്ങനെ ഒരു കാലത്തിലെത്തിപ്പെട്ടോ എന്നു തോന്നി.

രണ്ടുമൂന്ന് വര്‍ഷം മുന്‍പ് ഒരു ടീച്ചേര്‍സ് ട്രെയിനിങ് സമയത്ത് , പാലക്കാട് മിഷന്‍ സ്‌കൂളിന്റെ മുകള്‍നിലയില്‍ നിന്ന് താഴേക്കു നോക്കിയപ്പോള്‍ ചീറിപ്പായുന്ന ബൈക്കുകള്‍ കണ്ടപ്പോഴും, പരിണാമത്തിന്റെ പാതകളിലൂടെ കാലുകള്‍ ലോപിച്ചു ചക്രങ്ങളാല്‍ സഞ്ചരിക്കുന്ന മനുഷ്യര്‍ സങ്കല്പത്തില്‍ വന്നിരുന്നു. എന്റെ ചിന്തയെ ശരിവെച്ചുകൊണ്ട് റോഡിന്റെ ഒത്ത നടുവില്‍ നിന്ന് നാറാണത്ത് ഭ്രാന്തന്റെ പ്രതിമയും അന്ന് എനിക്കൊപ്പം ചിരിച്ചു.

ഒരു ഫോണ്‍ കാള്‍ ആണ് ചിന്തകളെ ആട്ടിപ്പായിച്ചത്.  തൊട്ടപ്പുറത്ത് ഒരു മെഡിക്കല്‍ സ്റ്റോര്‍ ഉണ്ടായിരുന്നു. അവിടെ കേറി ഇറങ്ങി. ഒരു ഫാന്‍സി കടയെങ്കിലും തിരഞ്ഞു. കാജല്‍ തീര്‍ന്ന് പോയിരുന്നു. ഒരു സാധാരണ കണ്‍മഷിയെങ്കിലും.. ഒരു രക്ഷേമില്ല. അത് അവശ്യവസ്തുപട്ടികയില്‍ ഉള്ളതല്ലല്ലോ.

അടുത്തൊരു എ ടി എമ്മില്‍ കേറിയപ്പോള്‍ നോ സര്‍വീസ്. വീണ്ടും അടുത്ത ജംഗ്ഷനില്‍. ഒന്ന് രണ്ടു മനുഷ്യരെ കൂടി കണ്ടു. മുഖം മൂടിയവരും അല്ലാത്തവരും. എ ടി എമ്മിന്റെ മുന്നില്‍ തന്നെ വാഷ്ബേസിന്‍, ഹാന്‍ഡ്വാഷ്, ഉള്ളില്‍ കേറുമ്പോള്‍ സാനിറ്റൈസര്‍. നിര്‍ദേശങ്ങള്‍ എല്ലാം പാലിച്ചു കാശെടുത്ത് ഇറങ്ങിയപ്പോള്‍ ചിന്തകളുടെ ഭാരം പതുക്കെ ഇല്ലാതായി തുടങ്ങി. അടുത്ത് കണ്ട ഒരു ബേക്കറിയില്‍ നിന്ന് കുറച്ച് ചോക്കലേറ്റ്‌സ് വാങ്ങി. രസമുകുളങ്ങള്‍ തലച്ചോറിലെ കാല്‍പനികതയുടെ അറകളെ കുലുക്കി വിളിച്ചപ്പോള്‍  ആശ്വസിച്ചു.

വീട്ടിലേക്കുള്ള യാത്രയില്‍ ശുഭാപ്തി വിശ്വാസത്തിന്റെ കാറ്റ് മനസ്സിനെ തഴുകി.  തിരിച്ചു പിടിക്കണം ഈ നഷ്ടങ്ങളെ,  നമ്മളുടെ പ്രിയപ്പെട്ട ഇടങ്ങളെ, വര്‍ണങ്ങളെ, കളിചിരികളെ. ബൗദ്ധികമായി ഇത്ര യും വികാസം പ്രാപിച്ച മനുഷ്യന്‍ ഒരു കൊച്ചു വൈറസിനു മുന്‍പില്‍ അടിയറവു പറഞ്ഞു കൂടാ. എല്ലാ അതിര്‍ത്തികളെയും സ്പര്‍ദ്ധകളെയും ഭേദിച്ചു ഒറ്റക്കെട്ടായി ഈ മഹാവിപത്തിനെതിരെ പൊരുതണം. തീര്‍ച്ചയായും നമ്മള്‍ അതിജീവിക്കും

Latest Videos
Follow Us:
Download App:
  • android
  • ios