പുറത്തുകുടുങ്ങിയാലേ അറിയൂ, കേരളം സ്വന്തം ജനതയോട് കാണിക്കുന്ന കരുതല്‍...
കൊറോണക്കാലം.ആന്ധ്രയില്‍ ഒരു അപ്രതീക്ഷിത ലോക്ക്ഡൗണ്‍ കാലം. മുബഷിറ വാകയില്‍ എഴുതുന്നു
കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.
അപ്രതീക്ഷിതമായാണ് ആന്ധ്രാപ്രദേശിലെ മദനപള്ളിയില്‍ ലോക് ഡൗണില്‍ അകപ്പെട്ടത്. രാജ്യം കടന്നുപോകുന്നത് അടച്ചുപൂട്ടല്‍ അനിവാര്യമായ സമയത്തിലൂടെ ആണെന്ന് വ്യക്തമായി ധാരണ ഉണ്ടായിരുന്നിട്ടും 21 ദിവസങ്ങള്‍ നിറക്കുന്ന ശൂന്യത അതി ഭീകരമായി തോന്നി.
അധികം ദിവസങ്ങളിലേക്കുള്ള ഭക്ഷണസാധനങ്ങളും, പാചകവാതകം, കുടിവെള്ളം ഇവയൊന്നും ലഭ്യമല്ലായിരുന്നു. ഭാഷ വശമില്ലാത്തതിനാല്‍ ചുറ്റും താമസിക്കുന്നവരില്‍ നിന്ന് വിവരങ്ങള്‍ അറിയുവാനും കഴിയുന്നില്ല. ദേശീയ മാധ്യമങ്ങളിലോ സോഷ്യല്‍ മീഡിയയിലോ ഇവിടുത്തെ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തു കണ്ടില്ല. അതിനാല്‍, ആദ്യ രണ്ടു ദിനങ്ങള്‍ തികച്ചും ഭയത്തോടെയാണ് കടന്നുപോയത്.
രാവിലെ ഏഴു മുതല്‍ പത്തു വരെ അവശ്യസാധനങ്ങളുടെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത് വലിയൊരു ആശ്വാസമായി. നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തിയതോടൊപ്പം മനസ്സിനെ ഒന്നു ശരിയാക്കി എടുക്കണമായിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോള്‍, ജനജീവിതം ഏറെക്കുറെ സാധാരണമായി തോന്നി.
കടകളും മറ്റും നിശ്ചിത സമയത്തേക്ക് ചുരുങ്ങുകയും റോഡുകളില്‍ അവിടവിടെ ആയി പോലീസുകാര്‍ നിലയുറപ്പിക്കുകയും ചെയ്‌തെങ്കിലും നിരത്തുകളില്‍ കൂടി പച്ചക്കറിയും പഴവും നിറച്ച ഉന്തു വണ്ടികളുമായി കച്ചവടക്കാരെയൊക്കെ കണ്ടു തുടങ്ങി.
ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി വിപണന കേന്ദ്രമാണ് മദനപ്പള്ളി. കൃഷി അതിജീവനമാര്‍ഗമായി കൊണ്ട് നടക്കുന്ന കര്‍ഷകരുടെ ഇടം. ഇവരുടെ ഭക്ഷണം ഉറപ്പ് വരുത്താന്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വേറെ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായതായി അറിവില്ല.
പതിവുപോലെ ചൊവാഴ്ച മാര്‍ക്കറ്റുകള്‍ സജീവമാണ്. എന്നാല്‍, അവിടെ എത്തുന്നത്, മാസ്‌ക് ധരിച്ച്, സാമൂഹിക അകലം പാലിക്കുന്ന വളരെ കുറച്ച് ആളുകള്‍ മാത്രം. ഇതിന്റെ ഇടയിലാണ് പടക്കവും പൂത്തിരിയും കത്തിച്ച് 'ഗോ കൊറോണ' എന്ന് അലറിവിളിച്ചു പോവുന്ന മനുഷ്യരെ കണ്ട് അന്തംവിട്ടത്.
പിന്നെയുള്ള ദിവസങ്ങളിലാണ് ദിനംപ്രതിയെന്നോണം കൊറോണ കേസുകള്‍ കൂടുകയും ആന്ധ്രയിലെ കൊറോണ ബാധിതരുടെ എണ്ണം നൂറു കടക്കുകയും ചെയ്തത്. മദനപള്ളിയില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്തത് മാത്രമായിരുന്നു ഏക ആശ്വാസം.
യഥാവിധി പ്രതിരോധ പ്രവര്‍ത്തനങ്ങളോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്ത ഇവിടെ, സാമൂഹ്യ വ്യാപനത്തിന് സാധ്യത ഏറെ ആണ്. അത് കൊണ്ട് തന്നെ പരമാവധി പുറത്തിറങ്ങാതെ കഴിയുന്നു. വീടിനകത്ത് തന്നെയിരുന്നു ജോലി ചെയ്യാനുള്ള സംവിധാനം ഉള്ളത് കൊണ്ട് ജോലിയും, കുഞ്ഞുപാചക പരീക്ഷണങ്ങളും, വായനയും എഴുത്തും ഒക്കെയായി ലോക് ഡൗണ്‍ ദിനങ്ങളോട് പൊരുത്തപ്പെട്ട് കഴിഞ്ഞു.
ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും, ക്വാറന്റീന്‍ സംവിധാനങ്ങളും, ചികിത്സ സൗകര്യങ്ങളും നല്‍കുന്നതിലും, അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ ഉള്ളവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിലും കേരളം കാണിക്കുന്ന മാതൃക എത്ര മഹത്താണെന്ന് കേരളത്തിന് പുറത്ത് നിന്നാലേ മനസ്സിലാവൂ.
എത്രയും വേഗം എല്ലാഇടങ്ങളും പഴയപോലെയാവട്ടെ. എല്ലാവര്‍ക്കും പെട്ടെന്ന് വീടുകളില്‍ തിരിച്ചെത്താനാവട്ടെ.