ആരോഗ്യപ്രവര്‍ത്തകര്‍ കൈക്കൂലി വാങ്ങുമ്പോള്‍...
ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസാ ജോസഫിന്റെ കോളം തുടരുന്നു. വിയറ്റ്‌നാമിലെ അമ്മായിയമ്മയും രാമന്‍ ഡോക്ടറും തമ്മിലെന്ത്?
രാമന്‍ ഡോക്ടര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. പക്ഷെ അയാളോട് നന്ദിയുണ്ട് . കൈക്കൂലി വാങ്ങരുത്, പ്രത്യേകിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന പാഠം പഠിപ്പിച്ചതിന്. ഇപ്പോള്‍ അങ്ങനെ വാങ്ങുന്നവര്‍ ഉണ്ടാവുമോ? അറിയില്ല . ഇപ്പോഴത്തെ കൈക്കൂലി,മുഷിഞ്ഞ കുറേ നോട്ടുകളില്‍ നിന്ന് വേറെ പല രൂപത്തിലേക്കും മാറിയിട്ടുണ്ടാവണം. എങ്കിലും അതിലൊക്കെ കണ്ണീരുപ്പു കാണില്ലേ? ഒപ്പം ആരുടെയെങ്കിലുമൊക്കെ ശാപവും.
ഇടതടവില്ലാത്ത കുഞ്ഞിക്കരച്ചിലുകളിലേക്കാണ് ആ ദിവസവും ജോലി തുടങ്ങിയത്. അന്നത്തെ രോഗികളില്‍ ഒരാള്‍ തലേദിവസം പ്രസവം കഴിഞ്ഞ ഒരു യുവതിയായിരുന്നു. ഒരു വിയറ്റ്‌നാംകാരി . ഇരട്ടക്കുഞ്ഞുങ്ങളാണ്. മൂന്ന് ആഴ്ചയോളം നേരത്തെയാണ് രണ്ടുപേരും ഭൂമിയിലേക്കെത്തിയത്. തൂക്കക്കുറവ് മാത്രമേയുള്ളു. ബാക്കി 'സംഗതി' കളെല്ലാം നോര്‍മല്‍ ആയതു കൊണ്ട് കുഞ്ഞുങ്ങള്‍ അമ്മയുടെ അടുത്തു തന്നെയുണ്ട്. അവര്‍ വീട്ടില്‍ പോകുന്നതിനു മുന്‍പ് നന്നായി പാല് കുടിക്കാന്‍ തുടങ്ങണം, ഒരു പരിധിയില്‍ കവിഞ്ഞു തൂക്കക്കുറവ് ഉണ്ടാകരുത് ഇതൊക്കെയാണ് നമ്മുടെ വെല്ലുവിളികള്‍ .എന്തായാലും റിപ്പോര്‍ട്ട് കിട്ടി, പണിയായുധങ്ങളും എടുത്ത് ഞാന്‍ കളത്തിലിറങ്ങി.
റൂമില്‍ ചെല്ലുമ്പോള്‍ ഇത്തിരിയോളമുള്ള രണ്ടു കുഞ്ഞുങ്ങളെ രണ്ടു വശത്തും പിടിച്ചു വാവാവോ പാടുന്നുണ്ട് അമ്മ. (വാവാവോ എന്ന് എനിക്ക് തോന്നിയതാ , വിയറ്റ്‌നാമീസില്‍ വേറെ വല്ലതുമായിരിക്കും). ഇംഗ്ലീഷിലുള്ള എന്റെ പരിചയപ്പെടുത്തല്‍ കേട്ട് അവള്‍ വിശാലമായി ചിരിച്ചു. എനിക്കും സന്തോഷം. വേദന എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ അവള്‍ തല കുലുക്കി. കുഞ്ഞുങ്ങള്‍ എപ്പോഴാണ് പാല് കുടിച്ചതെന്നു ചോദിച്ചപ്പോള്‍ പിന്നെയും തലയാട്ട് . അപ്പോഴാണ് പിടി കിട്ടിയത് അവള്‍ക്ക് വിയറ്റ്‌നാമീസ് അല്ലാതെ ഒരു ഭാഷയും അറിയില്ല. എന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാവും തലയാട്ടിക്കൊണ്ടിരുന്നത്. എനിക്കാണെങ്കില്‍ വിയറ്റ്‌നാമീസ് നല്ല പിടിയില്ല, വേറെ ഏതു ഭാഷ ആയിരുന്നേലും ഒരു പിടി പിടിച്ചേനെ.
അതുകൊണ്ട് ട്രാന്‍സ്‌ലേറ്റര്‍ ഫോണ്‍ എടുത്ത് വിയറ്റ്‌നാമീസ് ഭാഷ വിവര്‍ത്തനം ചെയ്യാനുള്ള ആളെ ആവശ്യപ്പെട്ടു. മറു വശത്തു ആളു വരുന്നത് നോക്കി നില്‍ക്കുമ്പോള്‍ 'ഇപ്പ ശരിയാക്കിത്തരാം' എന്ന മട്ടില്‍ ഞാനവരെ കണ്ണിറുക്കി കാണിച്ചു.
മറു വശത്തു സ്വന്തം ഭാഷ സംസാരിക്കുന്ന ഒരാളെ കിട്ടിയതും അവര്‍ക്ക് എന്ത് സന്തോഷം! ഞാനവരോട് കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി . രാത്രി ഒട്ടും ഉറങ്ങിയിട്ടില്ല. കുഞ്ഞുങ്ങള്‍ തീരെ ചെറുതായതു കൊണ്ട് അവരെ ഉണര്‍ത്തി പാല്‍ കൊടുക്കാന്‍ കുറച്ചേറെ സമയം എടുക്കും. അങ്ങനെ ഒരാളുടെ ഫീഡിങ് കഴിയുമ്പോള്‍ അടുത്ത ആളുടെ സമയമാകും. പിന്നെ ഡയപ്പര്‍ മാറ്റലായി .
അവരുടെ കണ്ണില്‍ നോക്കിയാല്‍ അറിയാം, ഒട്ടും ഉറങ്ങിയിട്ടില്ല. കൂടെ ഭര്‍ത്താവിന്റെ അമ്മയാണ് നില്‍ക്കുന്നത്. എപ്പോഴാണ് കുഞ്ഞുങ്ങള്‍ അവസാനമായി പാല് കുടിച്ചതെന്ന് ഞാന്‍ ചോദിച്ചു. കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞു, പക്ഷെ വെള്ളം കൊടുക്കുന്നുണ്ട്. അവരുടെ മറുപടി കേട്ടതും ഞാനൊന്നു ഞെട്ടി.
''എന്ത് വെള്ളം?'' ഞാന്‍ ചോദിച്ചു.
അവര്‍ ഒരു ചെറിയ പാത്രത്തില്‍ വച്ചിരുന്ന വെള്ളം ചൂണ്ടിക്കാണിച്ചു. തേന്‍ കലക്കിയ വെള്ളമാണ് .കുഞ്ഞു കരയുമ്പോള്‍ വല്യമ്മച്ചി കൈവിരല്‍ വെള്ളത്തില്‍ മുക്കുന്നു, കരയുന്നയാളുടെ ചുണ്ടില്‍ തൊടുന്നു. ചെറിയ മധുരമൊക്കെ നുണഞ്ഞു കുഞ്ഞുറങ്ങും. കഴിഞ്ഞ കുറേ മണിക്കൂര്‍ ആയി ഇതാണ് പരിപാടി. ഒരു നിമിഷം ഞാനാലോചിച്ചു ഈ അമ്മച്ചിയെ ഓടിച്ചാലോ? ഇവര്‍ ഇവിടെ ഇരുന്നാല്‍ എനിക്ക് പണി കൂടും. ഞാന്‍ അവരോടു പറഞ്ഞു ,കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ അല്ലാതെ യാതൊന്നും കൊടുക്കാന്‍ പാടില്ല. കുപ്പിപ്പാലോ മരുന്നോ കൊടുക്കണമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം വേണം. 'അമ്മ പറഞ്ഞിട്ടാണ്, ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെ ചെയ്യാറുണ്ട് . ഞാന്‍ ഫോണിന്റെ ഒരു ലൈന്‍ അമ്മച്ചിക്ക് കൊടുത്തു . പിന്നെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ അല്ലാതെ ഒന്നും കൊടുക്കേണ്ട ആവശ്യം ഇല്ല എന്ന് പറഞ്ഞു മനസ്സിലാക്കി . അമ്മച്ചി സമ്മതിച്ചു. പിന്നെ എന്റെ കൈയില്‍ ഫോണ്‍ തന്നിട്ട്, മരുമോളോട് എന്തോ പിറുപിറുത്തു. വല്ല ചീത്തയുമായിരിക്കും. മനസ്സിലാകാത്ത ഭാഷയായതു കൊണ്ട് നമ്മളത് അഭിനന്ദനമായി വരവ് വച്ചു.
അടുത്ത രണ്ടു ദിവസങ്ങള്‍ കൊണ്ട്, ആ അമ്മയെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഉറങ്ങുന്ന കുഞ്ഞുങ്ങളെ ഉണര്‍ത്തുന്ന വിധം, രണ്ടു കുഞ്ഞുങ്ങളെയും ഒരേ സമയം മുലയൂട്ടുന്ന രീതികള്‍ തുടങ്ങിയ കുറേ കാര്യങ്ങള്‍. ആദ്യത്തെ ദിവസം വല്യമ്മച്ചി എന്നെ നോക്കിയതേ ഇല്ല. ''പത്തു പെറ്റ നാത്തൂനോടാ അവളു കടിഞ്ഞൂല്‍ പേറിന്റെ വിശേഷം പറയുന്നത്'' എന്ന മട്ടില്‍ എന്നെ ഇടക്കൊന്നു നോക്കും.
രണ്ടാമത്തെ ദിവസം മുതല്‍ അവരും എന്റെ കൂടെ കൂടി. ഡയപര്‍ മാറ്റാനും, കുഞ്ഞുങ്ങളെ പൊസിഷന്‍ ചെയ്യാനും ഒക്കെ അവരും കൂടി. ഒറ്റ പ്രശ്‌നമേയുള്ളു , ചിരിക്കാനല്ലാതെ മറ്റെല്ലാ സംഭാഷണങ്ങള്‍ക്കും ട്രാന്‍സ്‌ലേറ്റര്‍ വേണം.
മൂന്നാമത്തെ ദിവസം അവരുടെ റൂമില്‍ ചെല്ലുമ്പോള്‍ എല്ലാവരും സന്തോഷത്തിലാണ് . രാത്രി കുറച്ചു സമയം ഉറങ്ങി. നഴ്‌സിന്റെ സഹായമില്ലാതെ തന്നെ കുഞ്ഞുങ്ങളെ ഫീഡ് ചെയ്തു. എനിക്കും സന്തോഷം തോന്നി. ചിലപ്പോള്‍ തോന്നും എത്ര ചെറിയ കാര്യങ്ങളാണ് നമ്മളെ സന്തോഷിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതും . വല്യമ്മച്ചിയുടെ മുഖത്തും സന്തോഷം. അന്ന് വൈകുന്നേരം അവരെ ഡിസ്ചാര്‍ജ് ആക്കണം. പറഞ്ഞുകൊടുത്തത് എല്ലാം ഒന്ന് കൂടി ഓര്‍മ്മിപ്പിച്ചു. അധികം തിരക്കില്ലാത്തത് നന്നായി എന്ന് ഞാനോര്‍ത്തു. അല്ലെങ്കില്‍ ഇവരുടെ കൂടെ ഇത്രയും സമയം ചിലവഴിക്കാന്‍ സാധിച്ചെന്നു വരില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവരുടെ ഭര്‍ത്താവ് എത്തി. അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കും കാര്യങ്ങള്‍ ഒക്കെ അയാളെയും പറഞ്ഞു മനസ്സിലാക്കി. എല്ലാം കഴിഞ്ഞപ്പോള്‍ മനസ്സിനൊരു സംതൃപ്തി . തൊട്ടിലില്‍ കിടന്നുറങ്ങുന്ന ഇത്തിരിക്കുഞ്ഞന്മാര്‍ സുഖമായിരിക്കട്ടെ എന്നാശംസിച്ചു ഞാന്‍ പുറത്തേക്കു നടന്നു.
പുറത്തേക്കു നടന്ന എന്നെ വല്യമ്മച്ചി തടഞ്ഞു നിര്‍ത്തി. എന്നിട്ട് അവരുടെ പേഴ്‌സ് തുറന്നു രണ്ടു മൂന്ന് നോട്ടുകള്‍ എടുത്ത് എന്റെ കൈയില്‍ പിടിപ്പിച്ചു. മകന്‍ പറഞ്ഞു, അമ്മയുടെ സന്തോഷത്തിന് തരുന്നതാ , ഞങ്ങളുടെ നാട്ടിലെ ചില ആശുപത്രികളില്‍ പിള്ളേരെ നോക്കുന്ന നഴ്‌സിന് കാശു കൊടുക്കും. അല്ലെങ്കില്‍ അവര്‍ നോക്കില്ല. നിങ്ങള്‍ കുഞ്ഞുങ്ങളെ നന്നായി നോക്കി. ഇത് വാങ്ങണം. ഞാന്‍ അവരോട് പറഞ്ഞു 'ഇതെന്റെ ജോലിയാണ്. നിങ്ങള്‍ പണം തരാനല്ല ഞാനിത് ചെയ്തത്. കുഞ്ഞുങ്ങള്‍ നന്നായിരിക്കട്ടെ.' ഇത്രയും പറഞ്ഞു ഒരു വിധത്തില്‍ ഞാന്‍ മുറിയില്‍ നിന്ന് പുറത്തു കടന്നു.
വീല്‍ചെയറില്‍ അമ്മയെയും കുഞ്ഞിനേയും പുറത്തെ ഗെയ്റ്റില്‍ എത്തിച്ചപ്പോഴേക്കും കാറുമായി അവളുടെ ഭര്‍ത്താവും എത്തി. കുഞ്ഞുങ്ങളെ കാര്‍ സീറ്റില്‍ ഉറപ്പിച്ചു. അമ്മയെ കാറില്‍ കയറാന്‍ സഹായിക്കുന്നതിനിടക്ക് വല്യമ്മച്ചി അവരോടെന്തോ പറയുന്നത് കേട്ടു . എനിക്കൊന്നും മനസ്സിലായില്ല. അമ്മയെ കാറിലിരുത്തി തിരിഞ്ഞതും ഈ വല്യമ്മ എന്നെ കെട്ടിപ്പിടിച്ച് ഒരൊറ്റക്കരച്ചില്‍. മരുമോളേം, കൊച്ചു മക്കളേം നന്നായി നോക്കിയതിന്റെ സന്തോഷമാണെന്നു കരുതി എനിക്കറിയാവുന്ന ഭാഷയില്‍ അമ്മച്ചിയെ ഞാന്‍ ആശ്വസിപ്പിച്ചു. വിയറ്റ്‌നാം ഭാഷയിലെ അമ്മച്ചിയുടെ നന്ദി പ്രകടനവും ഇംഗ്ലീഷിലുള്ള എന്റെ ആശ്വസിപ്പിക്കലുമായി ആകെ ഒരു ബഹളം. ഇതിനിടെ ഇവര്‍ മകനെ വിളിച്ച് എന്തൊക്കെയോ പറയുന്നുണ്ട് .
മെയിന്‍ എന്‍ട്രന്‍സ് ആണ് . ആളുകളൊക്കെ നോക്കുന്നു. ഞാനാണെങ്കില്‍ വീല്‍ച്ചെയറിന്റെയും കാറിന്റെയും ഇടയില്‍ അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലും. മകന്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി ഞങ്ങള്‍ നിന്ന വശത്തേക്ക് വന്നു. എന്നെ രക്ഷിക്കൂ സഹോദരാ എന്ന് പറയാനൊരുങ്ങിയ എന്നെ ഞെട്ടിച്ചു കൊണ്ട് , അതാ വരുന്നു ക്ലൈമാക്‌സ്. ഈ മനുഷ്യരുടെയെല്ലാം മുന്‍പില്‍ വച്ച് അയാള്‍ പേഴ്‌സ് തുറന്ന് 10 ഡോളര്‍ എടുത്ത് എന്റെ കൈയില്‍ പിടിപ്പിക്കുകയാണ് . അതും ഒരു തോര്‍ത്ത് മുണ്ടിന്റെ പോലും മറവില്ലാതെ. ഉടനെ അമ്മച്ചി ആ നോട്ടിലേക്കൊന്ന് നോക്കിയിട്ട് , മകനോട് ഒച്ച ഉയര്‍ത്തി എന്തോ പറഞ്ഞു. 'എടാ ചെറുക്കാ , അത് കൂടുതലാ അഞ്ച് ഡോളര്‍ മതി'എന്നോ മറ്റോ ആവും . പക്ഷെ അയാള്‍ ഉടനെ 10 ഡോളര്‍ തിരികെ വച്ചിട്ട് 20 ഡോളര്‍ എടുത്തു നീട്ടി. അമ്മച്ചിയാണെങ്കില്‍ ഞാന്‍ ഓടിപ്പോകാതിരിക്കാന്‍ എന്റെ കൈയില്‍ പിടിച്ചിട്ടുണ്ട്.
''എനിക്കിത് വേണ്ട ഇതിനല്ല ഞാന്‍ നിങ്ങളെ നന്നായി നോക്കിയതെന്നു നേരത്തെ പറഞ്ഞതല്ലേ''എന്നൊക്കെ ചോദിക്കണം എന്നുണ്ട് . പക്ഷെ ഈ അമ്മച്ചിയോട് എന്ത് പറയണമെങ്കിലും ട്രാന്‍സ്‌ലേറ്റര്‍ വേണം. അല്ലാതെ ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍, ഇനി 20 ഡോളര്‍ പോരാ എന്നോ മറ്റോ ആണ് ഞാന്‍ പറഞ്ഞതെന്ന് അമ്മച്ചി കരുതും . അത് പിന്നേം പ്രശ്‌നം . ഭൂമി പിളര്‍ന്നു കീഴ്‌പോട്ട് പോകണേയെന്നു പ്രാര്‍ത്ഥിച്ചില്ല , കാരണം കുറച്ചു ദിവസം മുന്‍പ് ഒരു റോഡ് ചുമ്മാതെ പിളര്‍ന്നെന്നു വാര്‍ത്ത വായിച്ചതാണ് . എന്തായാലും ഈ ധര്‍മ്മ സങ്കടത്തില്‍ നിന്ന് എന്നെ രക്ഷിക്കാന്‍ ഒരു മാലാഖ സെക്യൂരിറ്റിയുടെ വേഷത്തില്‍ വന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നെ ഒന്ന് രക്ഷിക്കണം. ഒരു കൈക്കൂലിക്കേസാണ്. കാര്യം മനസ്സിലായ അയാള്‍ അമ്മച്ചിയെ ഒരു വിധത്തില്‍ വണ്ടിയില്‍ കയറ്റി. ഡോര്‍ അടഞ്ഞതും എന്റെ വീല്‍ചെയര്‍ ഉന്തിക്കൊണ്ട് ഞാന്‍ രക്ഷപെട്ടു.
തിരിച്ചു പോരും വഴി പഴയ ഒരു കാര്യം ഓര്‍മ്മ വന്നു. ആറിലോ ഏഴിലോ പഠിക്കുന്ന കാലം. അമ്മയ്ക്ക് ഒരു പനി വന്നു. അന്നൊക്കെ പനി വന്നാല്‍ ചുക്കുകാപ്പി, ചുക്കുകാപ്പി, പിന്നേം ചുക്കുകാപ്പി. പക്ഷെ ഇത് ഇത്തിരി മൂത്ത പനിയായിരുന്നു . അകെ ആശ്രയം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയും രാമന്‍ ഡോക്ടറുമാണ്. പിന്നെ തലവേദന മുതല്‍ വയറിളക്കത്തിന് വരെ ഒരേ കളറ് മരുന്നൊഴിച്ചു തരുന്ന കമ്പോണ്ടറും. അത് ഗ്യാസിനുള്ള മരുന്നായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. അവിടെ ആകെയുള്ള മരുന്ന് അതായതു കൊണ്ട്, എന്തൊക്കെ കുറിപ്പടി ഡോക്ടര്‍ എഴുതിയാലും കമ്പോണ്ടര്‍ ഗ്യാസ് മരുന്ന് കൊണ്ട് അഡ്ജസ്റ്റ് ചെയ്യും. ദോഷം പറയരുതല്ലോ , വല്ല മുറിവോ വളം കടിയോ ഒക്കെ വന്നാല്‍ നല്ല ഒന്നാന്തരം കളറുള്ള jentian violet നന്നായി തേച്ചു വിടും.
എന്തായാലും ഞാനും അമ്മയും കൂടെ രാമന്‍ ഡോക്ടറെ കാണാന്‍ പോയി. ചുമച്ചും വലിച്ചും നില്‍ക്കുന്ന ആളുകളുടെ നീണ്ട നിരയുണ്ട് . ഞങ്ങളും ക്യുവില്‍ നിന്നു . പത്തു മണി കഴിഞ്ഞപ്പോഴേക്കും ഡോക്ടര്‍ വന്നു. ഒരു കറുത്ത ബാഗ് കക്ഷത്തില്‍ ഇറുക്കി പിടിച്ചിട്ടുണ്ട്. കമ്പോണ്ടര്‍ സാര്‍ ഓരോരുത്തരുടെ പേര് വിളിക്കുന്നു, ആവുന്നത്ര ദയനീയത മുഖത്ത് വരുത്തി ഓരോരുത്തരും അകത്തേക്ക് കയറുന്നു. ഇതിനിടെ പുറത്തേക്ക് വന്ന ഒരു വല്യമ്മയോട് എന്റെ അമ്മ ചോദിച്ചു 'ഡോക്ടര്‍ എന്നാ പറഞ്ഞു ?
വല്യമ്മ വലിയ സന്തോഷത്തിലാണ് . 'കിടക്കാനുള്ള ചീട്ട് എഴുതിക്കിട്ടി.' ഞങ്ങളുടെ ഊഴം വന്നപ്പോള്‍ ഞങ്ങളും അകത്തു കയറി . ഡോക്ടര്‍ കുനിഞ്ഞിരുന്നു എന്തോ എഴുതുന്നുണ്ട് . ഇങ്ങോട്ടൊന്നും ചോദിക്കുന്നില്ല എന്ന് കണ്ട്, അമ്മ പറഞ്ഞു, 'ഡോക്ടറെ, ഒരാഴ്ചയായി പനി തുടങ്ങിയിട്ട്.' അപ്പോഴേക്കും ഒരു ചുമ തടസ്സപ്പെടുത്തിയത് കൊണ്ട് അമ്മയ്ക്ക് തുടരാന്‍ കഴിഞ്ഞില്ല. പക്ഷെ അത്ഭുതമെന്നു പറയട്ടെ അമ്മ ചുമച്ചു തീര്‍ന്നതും ഡോക്ടറുടെ കൈയില്‍ മരുന്നിന്റെ കുറിപ്പടി തയ്യാര്‍. പിന്നെയും എന്തോ പറയാന്‍ തുടങ്ങിയ അമ്മയെ കമ്പോണ്ടര്‍ പുറത്തേക്ക് പറഞ്ഞു വിട്ടു. എന്നിട്ട് അടുത്ത ആളുടെ പേര് വിളിച്ചു. ഒരു ചോദ്യം പോലും രോഗിയോട് ചോദിക്കാതെ കുറിപ്പടി എഴുതിയ രാമന്‍ ഡോക്ടറെ എനിക്കിഷ്ടപ്പെട്ടു.
ഈ നടപ്പ് ഒരാഴ്ചയോളം നടന്നു. എന്നിട്ടും പനിക്ക് കാര്യമായ കുറവില്ല. അങ്ങനെ ഒരു ദിവസത്തെ കാത്തുനില്‍പിലാണ് ഒരു കാര്യം മനസ്സിലാകുന്നത് . പനിച്ചു വിറച്ചു നില്‍ക്കുന്ന ഒരു അപ്പാപ്പന്‍ പറഞ്ഞു 'കൊച്ചെ ഡോക്ടറിനെ വീട്ടില്‍ പോയി കണ്ടാലേ കിടക്കാനുള്ള ചീട്ട് കിട്ടുകയുള്ളു.'
ചീട്ട് കിട്ടിയാല്‍ പിന്നെ കുഴപ്പമില്ല. പനീം മാറും പിന്നെ എന്നും രാവിലെ പാലും പച്ചറൊട്ടിയും കിട്ടും. എനിക്കാണെങ്കില്‍ സന്തോഷം സഹിക്കാന്‍ വയ്യ. ഞാന്‍ എഴുന്നേറ്റ് നില്ക്കാന്‍ പോലും വയ്യാതിരിക്കുന്ന അമ്മയുടെ കൈയില്‍ പിടിച്ചു വലിക്കാന്‍ തുടങ്ങി. 'വാ നമുക്ക് ഡോക്ടറെ വീട്ടില്‍ പോയി കാണാം.'
എന്റെ ശല്യപ്പെടുത്തല്‍ സഹിക്കാഞ്ഞിട്ട്, ഒരു നുള്ളും കിട്ടി. എനിക്കാണെങ്കില്‍ അമ്മയോട് ദേഷ്യം തോന്നി. ഡോക്ടറെ വീട്ടില്‍ പോയി കണ്ടാല്‍, ആശുപത്രിയില്‍ കിടക്കാനുള്ള ചീട്ട് കിട്ടും. കൂട്ടിരിക്കാനെന്ന പേരില്‍ കുറച്ചു ദിവസം സ്‌കൂളില്‍ പോകാതിരിക്കാം. തിരികെ ചെല്ലുമ്പോള്‍, ആശുപത്രിയില്‍ കിടക്കാനോ കൂട്ടിരിക്കാനോ ഭാഗ്യമില്ലാത്ത കൂട്ടുകാരെ വിശേഷങ്ങള്‍ പറഞ്ഞു കൊതിപ്പിക്കാം. അത് മാത്രമോ, എന്നും രാവിലെ പാലും, റൊട്ടിയും. ആനന്ദ ലബ്ധിക്കിനിയെന്തു വേണം. അമ്മ ഒന്നും മിണ്ടാതെ ക്യുവില്‍ തന്നെ നിന്നു .മുഖം പറ്റുന്നത്ര വീര്‍പ്പിച്ചു ഞാനും.
പിറ്റേ ദിവസം രാവിലെ അമ്മയെന്നോട് പറഞ്ഞു 'പെട്ടെന്നൊരുങ്ങു കൊച്ചേ , രാമന്‍ ഡോക്ടര്‍ ആശുപത്രിയില്‍ പോകുന്നതിന് മുന്‍പ് വീട്ടില്‍ പോയി കാണണം '.
എനിക്കാണെങ്കില്‍ സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതിയില്ല. പറഞ്ഞ നിമിഷം കൊണ്ട് ഞാന്‍ റെഡി. പോകുന്നത് ബസ്സില്‍, ഒത്തെങ്കില്‍ തിരിച്ചു വരുന്ന വഴിക്ക് ചായക്കടയില്‍ നിന്ന് എന്തെങ്കിലും കഴിക്കണം. ആറാം ക്ലാസ്സുകാരി കൊച്ചിന്റെ സ്വപ്നങ്ങള്‍ അങ്ങനെ പറന്നുയര്‍ന്നു.
രാമന്‍ ഡോക്ടറുടെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഞങ്ങളെക്കാള്‍ മുന്‍പേ പലരും വന്നിട്ടുണ്ട് . എനിക്കൊരു സംശയം, ഇനി ഇവര്‍ക്കൊക്കെ കിടക്കാനുള്ള ചീട്ട് കിട്ടുകയും അമ്മക്ക് കിട്ടാതിരിക്കുകയും ചെയ്താലോ? യൂദാ ശ്ലീഹായോടാണെന്ന് തോന്നുന്നു, ശട പടാന്നു ഞാനൊരു നേര്‍ച്ച നേര്‍ന്നു.
അമ്മയുടെ പേര് വിളിച്ചപ്പോള്‍ ഞങ്ങള്‍ അകത്തു കയറി. രാമന്‍ ഡോക്ടര്‍ അമ്മയെ ഒന്ന് നോക്കിയിട്ട് ഇരിക്കാന്‍ പറഞ്ഞു. 'അമ്മ പനിയുടെ കാര്യം പറയുന്നതിന് മുന്‍പ്, കൈയിലെ തൂവാലയില്‍ പൊതിഞ്ഞു വച്ചിരുന്ന കുറച്ചു നോട്ടുകളെടുത്തു മേശപ്പുറത്തു വച്ചു. 'ഡോക്ടറെ, കിടക്കാനുള്ള ചീട്ടു തരണം'
അമ്മ ഒരൊറ്റക്കരച്ചില്‍. എനിക്കൊന്നും മനസ്സിലായില്ല. രാമന്‍ ഡോക്ടര്‍ നോട്ടുകളെടുത്തു മേശവലിപ്പിലിട്ടു. എന്നിട്ട് കഴുത്തില്‍ കിടന്ന കുഴലെടുത്തു , അമ്മയുടെ നെഞ്ചത്തും പുറത്തുമൊക്കെ വെച്ചു പരിശോധിക്കാന്‍ തുടങ്ങി. 'ശ്വാസം വലിച്ചു വിട്' എന്ന് ഇടയ്ക്കു പറയുന്നുണ്ട്. എന്തായാലും രാമന്‍ ഡോക്ടര്‍ അമ്മയ്ക്ക് കിടക്കാനുള്ള ചീട്ടെഴുതി.
പിന്നെ എപ്പോഴോ ആണ് രാമന്‍ ഡോക്ടര്‍ക്ക് അമ്മ അന്ന് കൊടുത്തത് കൈക്കൂലി ആണെന്ന് മനസ്സിലായത്. അന്ന് ആരോടോ കടം വാങ്ങിയാണ് ആ കൈക്കൂലി കൊടുക്കാനുള്ള കാശ് ഒപ്പിച്ചത് . അമ്മയുടെ കണ്ണീരു വീണ നോട്ടുകളായിരുന്നു ഡോക്ടര്‍ മേശ വലിപ്പിലിട്ടത്. ഞങ്ങള്‍ അന്ന് കടം വാങ്ങാനൊക്കെ കഴിവുള്ള പണക്കാരായിരുന്നു. ആശുപത്രിയില്‍ നിന്ന് കിട്ടുന്ന പാലും റൊട്ടിയും കഴിച്ചു കൊണ്ട്, അമ്മയ്ക്ക് കൂട്ടിരിക്കുന്ന സമയത്ത്, കടം വാങ്ങാന്‍ പോലും കഴിവില്ലാത്ത ആളുകള്‍ താഴെ ക്യു നില്‍ക്കുന്നത് കാണാമായിരുന്നു.
വിയറ്റ്‌നാമിലും ഒരു പക്ഷെ രാമന്‍ ഡോക്ടര്‍മാര്‍ കാണും. ഈ അമ്മച്ചി അത് പോലൊരു രാമന്‍ ഡോക്ടറിന്റെ ഓര്‍മയിലാവും, എനിക്കും പണം തന്നത് . ഒരു കടയില്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന അവരുടെ മകന് ആ 20 ഡോളര്‍ ഒരു വലിയ തുകയാണ്.
രാമന്‍ ഡോക്ടര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. പക്ഷെ അയാളോട് നന്ദിയുണ്ട് . കൈക്കൂലി വാങ്ങരുത്, പ്രത്യേകിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന പാഠം പഠിപ്പിച്ചതിന്. ഇപ്പോള്‍ അങ്ങനെ വാങ്ങുന്നവര്‍ ഉണ്ടാവുമോ? അറിയില്ല . ഇപ്പോഴത്തെ കൈക്കൂലി,മുഷിഞ്ഞ കുറേ നോട്ടുകളില്‍ നിന്ന് വേറെ പല രൂപത്തിലേക്കും മാറിയിട്ടുണ്ടാവണം. എങ്കിലും അതിലൊക്കെ കണ്ണീരുപ്പു കാണില്ലേ? ഒപ്പം ആരുടെയെങ്കിലുമൊക്കെ ശാപവും.
സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഞാനൊരു കൈക്കൂലി കൊടുത്തതേയുള്ളു, എന്റെ കുഞ്ഞിന്. എഴുതിക്കൊണ്ടിരുന്നപ്പോള്‍ ഒച്ച വച്ച കുഞ്ഞിപ്പെണ്ണിനോട് പറഞ്ഞു 'മിണ്ടാതിരുന്നാല്‍ അമ്മ ഒരു ചോക്ലേറ്റ് തരാം.'
ചോക്ലേറ്റും വാങ്ങി അവള്‍ പോയിട്ടുണ്ട് . അടുത്ത തവണ കൂടുതല്‍ കൊടുക്കേണ്ടി വരും. കൈക്കൂലിയുടെ ആദ്യ പാഠം എന്തെളുപ്പം അല്ലേ !