"ചിത്രം സിനിമയുടെ" ക്ലൈമാക്സ് പോലെ ചൈനയില്‍ നിന്ന് ഒരു ജീവിതദൃശ്യം
ബിയജിംഗ്: മലയാളിയെ ഏറെ കരയിപ്പിച്ച രംഗമാണ് ചിത്രം എന്ന ചലച്ചിത്രത്തിന്‍റെ ക്സൈമാക്സ്. കൊലക്കയറിലേക്ക് യാത്രയാകുന്ന അച്ഛന് അത് അറിയാതെ യാത്ര പറയുന്ന മകള്‍. ഇതാ അതിന്‍റെ യഥാര്‍ത്ഥ ജീവിത പതിപ്പ് ചൈനയില്‍ നിന്ന്. "ബൈ ബൈ ഡാഡീ..' തന്‍റെ പ്രിയപ്പെട്ട ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിയാതെ ആ കുഞ്ഞ് കൈവീശി യാത്രപറഞ്ഞപ്പോൾ ചുറ്റും നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴുമരത്തിലേക്ക് യാത്രയാരംഭിക്കുന്നതിനു മുന്‍പ് യുവാവ് തന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം അവസാനനിമിഷം ചിലവഴിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായെ കണ്ണീരിലാഴ്ത്തുകയാണ്. വടക്കുകിഴക്കൻ ചൈനയിലെ ഹെയ്‌ലോംഗ്ജിയാംഗിലുള്ള ഡാക്വിംഗിലെ ജയിലിലാണ് സംഭവം അരങ്ങേറിയത്.
രണ്ടുവർഷം മുമ്പ് മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ കാർഡ്രൈവറായ ലി ഷിയു എന്ന മുപ്പതുകാരനെതിരെ കുറ്റം തെളിയിക്കപ്പെട്ടതിനാലാണ് അദ്ദേഹത്തിന് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷ നടപ്പിലാക്കാൻ ലീയെ പോലീസ് കൊണ്ടുപോകാനെത്തിയപ്പോൾ അദ്ദേഹത്തിന്‍റെ അമ്മയും ഭാര്യയും കുഞ്ഞും അവിടെ എത്തിയിരുന്നു.
ഇവരെ കണ്ട ലി എനിക്ക് അവരുടെ അടുക്കൽ പോകണമെന്നും കുട്ടിയെ എടുക്കണമെന്നും പോലീസുകാരോട് ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്‍റെ അഭ്യർഥന കേട്ട പോലീസുദ്യോസ്ഥർ കുടുംബാംഗങ്ങളുടെ അടുക്കൽ പോകാൻ അദ്ദേഹത്തിന് അനുമതി നൽകി.
വികാരഭരിതരായ അമ്മയും ഭാര്യയും അദ്ദേഹത്തെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്പോൾ കാര്യമൊന്നും മനസിലാകാതിരുന്ന കുഞ്ഞ് സന്തോഷത്തോടെ പിതാവിനെ കൈവീശി യാത്രയാക്കുകയായിരുന്നു. മൂന്നുപ്രാവശ്യം നിലത്ത് മുട്ടുകുത്തിയിരുന്ന് ലീ പ്രായമായ തന്‍റെ മാതാവിന് ആദരവ് നൽകുന്നതും വീഡിയോയിൽ കാണാം.
തുടർന്ന് ശിക്ഷ നടപ്പിലാക്കാൻ അദ്ദേഹത്തെ പോലീസുകാർ കൊണ്ടുപോകുകയായിരുന്നു. ഹൃദയഹാരിയായ ഈ ദൃശ്യങ്ങൾ ചൈനയിലെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു.