Onam Bumper: പണം വന്നവഴിയും പോയ വഴിയും; ആ ഓണം ബമ്പർ ഭാഗ്യശാലികൾ ഇവിടെ ഉണ്ട്
തിരുവോണം ബമ്പർ ഭാഗ്യശാലികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
നാളെയാണ്.. നാളെയാണ്.. നാളെയാണ്.. റോഡ് വക്കിലൂടെ നടന്നു പോകുമ്പോൾ കേൾക്കുന്ന ഈ ശബ്ദം ഭാഗ്യാന്വേഷികളെ തേടിയുള്ളതാണ്. പ്രതീക്ഷയുടെ കിരണങ്ങൾ സമ്മാനിക്കുന്ന ആ വാക്കുകൾ കേട്ട് ലോട്ടറി എടുക്കാത്തവർ കുറവായിരിക്കും. 50,000 രൂപ സമ്മാനത്തുകയുടെ ഓണം ബമ്പറുമായി 1967 നവംബര്‍ 1 നാണ് കേരളത്തിൽ ആദ്യമായി ഭാഗ്യന്വേഷികളെ തേടിത്തുടങ്ങിയത്. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി ഭാഗ്യവതികളും ഭാഗ്യവാന്മാരും. അൻപതിനായിരം രൂപയിൽ തുടങ്ങിയ ഓണം ബമ്പർ ഇന്ന് കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ലോട്ടറി ആയി മാറി. 25 കോടിയാണ് നിലവിലെ സമ്മാനത്തുക. 2022ൽ ആണ് ആദ്യമായി 25കോടിയുടെ സമ്മാനം സർക്കാർ കൊണ്ടുവരുന്നത്. ഇന്ന് മണിക്കൂറുകൾ കൂടി കാത്തിരുന്നാൽ അടുത്ത 25കോടി ആർക്കാണെന്ന് അറിയാനാകും.
പുതിയ ഭാഗ്യശാലി ആരാണെന്നറിയാൻ കാത്തിരിക്കുന്നതിനിടെ കഴിഞ്ഞ ഏതാനും വർഷത്തെ ഭാഗ്യശാലികളെ കൂടി നമുക്ക് പരിചയപ്പെടാം. നിരവധി പേരാണ് ഇക്കാലയളവിന് ഉള്ളിൽ കോടീശ്വരന്മാർ ആയത്. അതിൽ പലരുടെയും സാമ്പത്തിക ഭദ്രത വർദ്ധിച്ചു. ചിലർ പുത്തൻ വീടുകളും വാഹനങ്ങളും വാങ്ങി. കിട്ടിയ തുക ബാങ്കിൽ നിക്ഷേപിച്ചവരും ബമ്പർ അടിച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒന്നും ഇല്ലാതായവരും ഇക്കൂട്ടത്തിൽ ഉണ്ട്. മറ്റ് ചിലരാകട്ടെ സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല. ആ ബമ്പർ ഭാഗ്യശാലികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
2013ൽ പൊന്നോണത്തിന് ഭാഗ്യദേവത സമ്പത്തുമായി കയറി ചെന്നത് മുരളീധരന്‍റെ വീട്ടിലേക്ക് ആയിരുന്നു. പാലക്കാട് സ്വദേശിയാണ് ഇദ്ദേഹം. ബമ്പർ അടിക്കുന്നതിന് മുൻപ് കാരുണ്യ ലോട്ടറിയിലൂടെ 25,000 രൂപ മുരളീധരന് അടിച്ചിരുന്നു. ആ തുക കൊണ്ട് 150 ഓണം ബമ്പറുകൾ അദ്ദേഹം വാങ്ങി. 100 രൂപയായിരുന്നു അന്നത്തെ ടിക്കറ്റ് വില. സമ്മാനത്തുക അഞ്ച് കോടി. അതിൽ 3 കോടി 12 ലക്ഷം രൂപയാണ് മുരളീധരന് ലഭിച്ചത്. പാലക്കാട് ജി.ബി. റോഡില്‍ അഞ്ജന എന്ന പേരിൽ ജ്വല്ലറി നടത്തിയിരുന്ന ഇദ്ദേഹം ഇപ്പോൾ, പമ്പാ ഗണപതി ലോട്ടറി ഏജൻസി നടത്തിവരികയാണ്.
"സത്യത്തിൽ അന്ന് സമാധാനം ഇല്ലാണ്ടായി. ലോട്ടറി അടിച്ച വിവരം അറിഞ്ഞ് നിരവധി ആളുകൾ വരാൻ തുടങ്ങി. ഉള്ളവരും ഇല്ലാത്തവരും. മാനസിക പ്രശ്നങ്ങളിലേക്ക് വരെ എത്തുമെന്ന നിലയിലായി പോയി", എന്ന് മുരളീധരൻ പറയുന്നു.
തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി അയ്യപ്പന്‍ പിള്ള ആയിരുന്നു 2015ലെ ഭാഗ്യശാലി. പച്ചമരുന്ന് കടയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഏഴ് കോടിയായിരുന്നു അന്നത്തെ ഒന്നാം സമ്മാനത്തുക. നികുതി കഴിച്ച് 4 കോടി 40 ലക്ഷം രൂപയാണ് അയ്യപ്പൻ പിള്ളക്ക് കിട്ടി. നാല് മക്കളാണ് അയ്യപ്പൻ പിള്ളയ്ക്ക്. ഇവർക്ക് ഓരോരുത്തർക്കും വീട് വച്ചുകൊടുക്കുകയും ബാക്കി തുക വിവിധ സംഘടനകളിൽ നിഷേപിക്കുകയും ചെയ്തു.
2016ൽ പാലക്കാട് നെന്മാറ ചേരാമംഗലം സ്വദേശി ഗണേശനായിരുന്നു ഭാഗ്യശാലി. TC 788368 എന്ന നമ്പറിലൂടെ എട്ട് കോടി രൂപയാണ് ഗണേശന് സ്വന്തമായത്. തൃശൂരില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന ഗണേശന്‍ കുതിരാന്‍ അമ്പലത്തിന് സമീപത്ത് നിന്നും ആയിരുന്നു സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്.
മുസ്തഫയെ തേടി 2017ലാണ് ഓണം ബമ്പർ എത്തിയത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് ഇദ്ദേഹം. AJ 442876 എന്ന നമ്പറിലൂടെ 10 കോടി രൂപയാണ് മുസ്തഫയ്ക്ക് കിട്ടിയത്. ഇതിൽ നികുതി കഴിച്ച് 6.30 കോടി രൂപ മുസ്‌തഫയ്ക്ക് ലഭിച്ചു. ലോട്ടറി അടിച്ച് ആറ് വർഷത്തിന് ഇപ്പുറം മുസ്തഫയുടെ വീട്ടിൽ ഇപ്പോൾ ആരുമില്ല. മക്കളും ഭാര്യയും ഇദ്ദേഹത്തെ ഉപേക്ഷിച്ച് പോയി. ബമ്പറടിച്ച വകയിൽ തുച്ഛമായ തുക മാത്രമെ ഇദ്ദേഹത്തിന്റെ പക്കലിപ്പോൾ ഉള്ളൂ. മ്യൂച്യൽ ഫണ്ടിൽ നിഷേപിച്ചിരിക്കുന്നത് കൊണ്ട് ആ തുക സുരക്ഷിതമായി ഇരിക്കുന്നു. ഇദ്ദേഹത്തിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു.
വത്സല വിജയനായിരുന്നു 2018ലെ ഭാഗ്യവതി. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശിനിയായ വത്സലയ്ക്ക് TB 128092 എന്ന ടിക്കറ്റിനാണ് 10 കോടി രൂപ സമ്മാനം ലഭിച്ചത്. 250 രൂപയായിരുന്നു അന്നത്തെ ടിക്കറ്റ് വില. നികുതി കഴിഞ്ഞ് അഞ്ച് കോടി 30 ലക്ഷം രൂപ വത്സലയ്ക്ക് ലഭിച്ചിരുന്നു. സമ്മാനത്തുക മൂന്ന് മക്കൾക്കുമായി ഭാഗം വച്ച വത്സല, ബാക്കി തുക കൊണ്ട് സ്വന്തമായി വീടുവച്ചു.
ആറ് സുഹൃത്തുക്കളെ തേടി ആയിരുന്നു 2019ല്‍ ഓണം ബമ്പർ എത്തിയത്. കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരാണ് ഇവർ. തൃശൂർ പറപ്പൂർ പുത്തൂർ ഹൗസിൽ റോണി, തൃശൂർ അന്നമനട പാലിശേരി കരോട്ടപ്പുറം വീട്ടിൽ സുബിൻ തോമസ്, കോട്ടയം വൈക്കം അംബികാ മാർക്കറ്റ് കുന്തത്തിൽ ചിറയിൽ വിവേക്, കൊല്ലം ശാസ്താംകോട്ട മനക്കര ശാന്തിവിലാസത്തിൽ റംജിൻ, ചവറ തോട്ടിന് വടക്ക് രാജീവത്തിൽ രാജീവൻ, ചവറ തെക്ക് വടക്കുംഭാഗം രതീഷ് ഭവനത്തിൽ രതീഷ് എന്നിവരായിരുന്നു ഭാഗ്യശാലികൾ. ആറ് പേരിൽ ഒരാളായ രാജീവൻ ഹൃദയാഘാതം മൂലം മരിച്ചു. സമ്മാനത്തുകയിൽ ഓരോരുത്തരും 1.26 കോടി വീതം പങ്കിട്ടെടുത്തു. അത്യാവശ്യത്തിന് മാത്രം തുക ചെലവാക്കി ബാക്കി പണം ഇവർ ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്.
അനന്തു എന്ന ഇരുപത്തിനാല് കാരനായിരുന്നു 2020ലെ ഭാഗ്യശാലി. ഇടുക്കി കട്ടപ്പനയിലെ സുമ, വിജയൻ ദമ്പതികളുടെ മകനാണ് അനന്തു. പെയിന്റിംഗ് തൊഴിലാളിയായ വിജയനും അന്ന് ഓണം ബമ്പർ എടുത്തിരുന്നു. അച്ഛൻ കട്ടപ്പനയിൽ നിന്ന് ടിക്കറ്റ് എടുത്തപ്പോൾ, മകൻ എടുത്തത് എറണാകുളത്ത് നിന്ന്. ഒടുവിൽ മകനിലൂടെ ആ കുടുംബത്തിലേക്ക് 12 കോടി എത്തുക ആയിരുന്നു.
ഓട്ടോ ഡ്രൈവർ ആയ ജയപാലനെ ആണ് 2021ൽ ഭാഗ്യം കടാക്ഷിച്ചത്. 12 കോടിയിൽ 7 കോടിയോളം രൂപ അദ്ദേഹത്തിന് ലഭിച്ചു. ഏറെസമയം നീണ്ടുനിന്ന ട്വിസ്റ്റുകൾക്ക് ഒടുവിൽ ആയിരുന്നു ജയപാലനാണ് ഭാഗ്യശാലിയെന്ന് കേരളക്കര അറിഞ്ഞത്. കോടീശ്വരൻ ആയെങ്കിലും ഇന്നും ഓട്ടോ ഓടിച്ച് കുടുംബം നോക്കുകയാണ് അദ്ദേഹം. മക്കൾക്ക് വേണ്ടി സ്ഥലം വാങ്ങി വീട് വച്ചു. ബാക്കി തുക ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്. "ലോട്ടറി അടിച്ചത് പുതുമയാണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ സാധാരക്കാരായിരുന്നു. കാശ് വന്നെന്ന് കരുതി പൊങ്ങച്ചം കാണിക്കാൻ പറ്റില്ലല്ലോ", എന്നാണ് ജയപാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക ആയ 25കോടി കഴിഞ്ഞ വർഷം(2022) ലഭിച്ചത് അനൂപിന് ആണ്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയാണ് ഇദ്ദേഹം. ഭാഗ്യത്തോടൊപ്പം ഭാഗ്യക്കേടും വന്ന അനൂപിന്റെ വാർത്ത ബിബിസിയിൽ അടക്കം വാർത്ത ആയതാണ്. വീട്ടിൽ പോലും കയറാനാകാതെ സഹായം അഭ്യർത്ഥിച്ച് വരുന്നവരുടെ കൂട്ടം ആയിരുന്നു അനൂപിനെ അന്ന് കാത്തിരുന്നത്. ഇന്നും സഹായം ചേദിച്ചു വരുന്നവരിൽ കുറവില്ലെന്ന് അനൂപ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
Onam Bumper: ഒരാളല്ല, ഒറ്റയടിക്ക് കോടീശ്വരന്മാർ ആകുന്നത് 21പേർ ! അറിയാം ഓണം ബമ്പർ സമ്മാനഘടന
"25 കോടിയിൽ 15 കോടി 75 ലക്ഷം രൂപ കിട്ടി. അതിൽ നിന്നും കേന്ദ്ര നികുതിയും പോയിട്ട് 12 കോടിയോളം രൂപ ലഭിച്ചു. ഒന്ന്, രണ്ട് വീടും കുറച്ചു സ്ഥലും വാങ്ങി. ബാക്കി ഫിക്സഡ് ആയിട്ട് ബാങ്കിൽ ഇട്ടേക്കുക ആണ്. ഹോട്ടൽ ഫീൽഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണമെന്നുണ്ട്. അതാണ് ഞാൻ പഠിച്ചത്. അതിന്റെ കാര്യങ്ങൾ നോക്കുകയാണ്. നിലിവിൽ ലോട്ടറി ഷോപ്പുമായി മുന്നോട്ട് പോകുന്നു", എന്ന് അനൂപ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..