ലോക്ക്ഡൗണിൽ ജീവിതം വഴിമുട്ടി; കൈ പിടിച്ച് ഭാ​ഗ്യ ദേവത, 75 ലക്ഷം ലോട്ടറി കച്ചവടക്കാരന് സ്വന്തം

കടങ്ങൾ തീർത്ത് ഒരു വീട് വയ്ക്കണമെന്നാണ് ഈ കുടുംബത്തിന്റെ ആ​ഗ്രഹം. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം ഒത്തിരി സന്തോഷം നൽകുന്നുവെന്ന് ബാബുവും ഭാര്യ സുമയും പറയുന്നു.

lottery seller win sthree sakthi lottery in trivandrum

തിരുവനന്തപുരം: കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം ജീവിതം വഴിമുട്ടിയ കുടുംബത്തിന് അപ്രതീക്ഷിത കൈത്താങ്ങായി ഭാഗ്യദേവതയെത്തി. പട്ടിണിയുടെ കയത്തിലായ മുരുക്കുംപുഴ മുണ്ടയ്ക്കല്‍ സ്വദേശി ബാബുവിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഈ ആഴ്ച നടന്ന സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ (എസ് കെ 447584 ) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ബാബുവിന് സ്വന്തമായത്.

കണിയാപുരം ഭഗവതി എജൻസിയിൽ നിന്നും ചെറുകിട ഏജന്റായ കണ്ണൻ എടുത്തു വിറ്റ ടിക്കറ്റിലൂടെയാണ് ബാബുവിനെ ഭാഗ്യം തേടി എത്തിയത്. ചുമട്ടു തൊഴിലാളിയായി ജോലി ചെയ്തിരുന്നയാളാണ് ബാബു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് വാഹന അപകടത്തിൽപ്പെട്ടതോടെ ബാബുവിന് മറ്റു ജോലിക്കൊന്നും പോകാനാകാത്ത സ്ഥിതിയിലായി. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് കഴക്കൂട്ടം ആറ്റിൻകുഴിയിൽ ചെറുകിട ഭാഗ്യക്കുറി കച്ചവടവും തുടങ്ങിയത്. 

കഴക്കൂട്ടത്ത് കൊവിഡുമായി ബന്ധപ്പെട്ട് കണ്ടെയ്‌ൻമെന്റ് സോണാക്കിയതിനാൽ മൂന്നാഴ്ചയായി ലോട്ടറി കട തുറന്നു പ്രവർത്തിപ്പിക്കാനും സാധിച്ചില്ല. ഇതിനിടയിലാണ് കണ്ണന്റെ പക്കൽ നിന്നും ബാബു ലോട്ടറി എടുത്തത്. ദുരിതത്തിനിടയിൽ എടുത്ത ഈ ടിക്കറ്റ് തന്നെ ഭാ​ഗ്യവും കൊണ്ടുവന്നു.

കടങ്ങൾ തീർത്ത് ഒരു വീട് വയ്ക്കണമെന്നാണ് ഈ കുടുംബത്തിന്റെ ആ​ഗ്രഹം. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം ഒത്തിരി സന്തോഷം നൽകുന്നുവെന്ന് ബാബുവും ഭാര്യ സുമയും പറയുന്നു. അനന്തലക്ഷ്മി, അനന്തകൃഷ്ണൻ, ആനന്ദകൃഷ്ണൻ എന്നിവരാണ് ബാബുവിന്റെ മക്കൾ.

Latest Videos
Follow Us:
Download App:
  • android
  • ios