മനക്കരുത്ത് കൈവിടാതെ അശ്വതി, ബൈക്കിലെത്തി മാല പിടിച്ചുപറിച്ച യുവാവിനെ റോഡിൽ തള്ളിയിട്ട് പിടികൂടി-വീഡിയോ
ചേങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മയുമായി എത്തി മടങ്ങവെ സമീപത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നു വാങ്ങി തിരികെ പോകുമ്പോഴായിരുന്നു സംഭവം.
തിരുവനന്തപുരം: മനകരുത്ത് കൈവിടാതെ അശ്വതി. മോഷ്ടിച്ച സ്കൂട്ടറിലെത്തി മാല പിടിച്ചു പറിച്ച പ്രതിയെ തള്ളിയിട്ട് പിടികൂടി യുവതി. പോത്തൻകോട് പെരുത്തല ശ്രീജേഷ് ഭവനിൽ ശ്രീജേഷിൻ്റെ ഭാര്യ അശ്വതി (30) ആണ് മൂന്ന് പവൻ്റെ മാല പൊട്ടിച്ചു കടക്കാൻ ശ്രമിച്ച മോഷ്ടാവിനെ ബൈക്കിൽ നിന്ന് തള്ളിയിട്ട് പിടികൂടിയത്. തുടർന്ന് നാടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ പൊലീസിന് കൈമാറി. കഴക്കൂട്ടം ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (42) കഴക്കൂട്ടം പൊലീസിൻ്റെ പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ചേങ്കോട്ടുകോണത്താണ് സംഭവം.
ചേങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മയുമായി എത്തി മടങ്ങവെ സമീപത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നു വാങ്ങി തിരികെ പോകുമ്പോഴായിരുന്നു സംഭവം. തിരുവനന്തപുരം നഗരത്തിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ എത്തിയ അനിൽകുമാർ അശ്വതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിച്ചു. പിടിവലിയിൽ മാലയുടെ ഒരു കഷണം പ്രതി ക്കൈക്കലാക്കി. തുടർന്ന് സ്കൂട്ടർ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ ഷർട്ടിലും സ്കൂട്ടറിലും അശ്വതി കടന്നു പിടിച്ചു. ഇതിനിടയിൽ യുവതിയും മോഷ്ടാവും നിലത്ത് വീണു റോഡിൽ തലയിടിച്ച് വീണ അശ്വതിയുടെ തലയ്ക്കും മുഖത്തും ശരീരത്തിലും പരിക്കേറ്റു.
സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതി അനിൽകുമാറിനെ പിടികൂടി പൊലീസിലേൽപ്പിച്ചത്. സ്കൂട്ടറിൽ നിന്നുള്ള വീഴ്ചയിൽ പ്രതിയുടെ തലയ്ക്ക് പരിക്കേറ്റു. കസ്റ്റഡിയിലെടുത്ത പ്രതി അനിൽകുമാറിനെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ടെക്നോപാർക്കിലെ സ്വകാര്യ കമ്പനി ജീവനക്കാരിയാണ് അശ്വതി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ വർത്ത നൽകിയിരുന്നു. ഇത് പുറത്ത് വന്നതോടെ അശ്വതിയുടെ ധീരതയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.