വയനാട്ടിലേക്കുള്ള യാത്ര, ചുരത്തിൽ അഗ്നിഗോളമായി മാറി ട്രാവലർ; തീ കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയത് രക്ഷയായി
തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ആർക്കും പരിക്കില്ല. നാദാപുരം അഗ്നി രക്ഷാനിലയത്തിലെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്
കോഴിക്കോട്: കോഴിക്കോട്: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനത്തിന് കുറ്റ്യാടി ചുരത്തില്‍ വച്ച് തീപ്പിടിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ചുരം മൂന്നാം വളവില്‍ വച്ച് അപകടമുണ്ടായത്. നാദാപുരം വളയത്ത് നിന്നുള്ള കുടുംബങ്ങളുമായി വയനാട്ടേക്ക് യാത്രതിരിച്ച കെഎല്‍ 58 എഫ് 8820 നമ്പര്‍ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ബാറ്ററിയുടെ ഭാഗത്ത് നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തീ ആളിപ്പടരുകയും വാഹനം പൂര്‍ണമായും കത്തിയമരുകയും ചെയ്തു.
വിവരം അറിഞ്ഞ് നാദാപുരത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകള്‍ തീ അണക്കാന്‍ നേതൃത്വം നല്‍കി. അരമണിക്കൂറോളം പ്രയത്‌നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. യാത്രക്കാര്‍ എല്ലാവരും പരിക്കില്ലാതെ രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ചുരത്തില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെസി സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ഐ ഉണ്ണികൃഷ്ണന്‍, എസ്ഡി സുധീപ്, കെ. ദില്‍റാസ്, എകെ ഷിഗിന്‍ ചന്ദ്രന്‍, എം സജിഷ്, കെഎം ലിനീഷ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. തൊട്ടില്‍പ്പാലം പോലീസും സ്ഥലത്ത് എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം