'ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കാൻ, പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാപ്പൂക്കൾ വേണം': നൊമ്പര കുറിപ്പ്

രോഗത്തെ സ്നേഹ പുഞ്ചിരിയോടെ നേരിട്ടു. അസുഖത്തിനിടയിലും 90 ശതമാനം മാർക്ക് നേടി. പക്ഷേ രണ്ട് തവണ മജ്ജ മാറ്റിവെച്ചിട്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല

heart wrenching note on last wish of 26 year old woman who died of cancer even after two bone marrow transplant

പത്തനംതിട്ട: ക്യാൻസറിനെ പുഞ്ചിരിയോടെ സധൈര്യം നേരിട്ട് ഒടുവിൽ അകാലത്തിൽ പൊലിഞ്ഞ 26കാരിയെ കുറിച്ച് നൊമ്പര കുറിപ്പ്. രണ്ട് തവണ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടും സ്നേഹ അന്ന ജോസ് എന്ന 26കാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ഇനി തിരിച്ചു വരില്ലെന്ന് ഉറപ്പായതോടെ സ്നേഹ അറിയിച്ച അവസാന ആഗ്രഹങ്ങളെ കുറിച്ചുള്ള ബന്ധു ഷാജി കെ മാത്തന്‍റെ കുറിപ്പ് കണ്ണീരോടെ മാത്രമേ വായിച്ചുതീർക്കാനാവൂ.

എഞ്ചിനിയറിംഗ് പഠനം അവസാന വർഷമെത്തിയപ്പോഴാണ് സ്നേഹയുടെ അസുഖം തിരിച്ചറിഞ്ഞത്. പിടികൂടിയ അസുഖം ചെറുതല്ലെന്നറിഞ്ഞിട്ടും പുഞ്ചിരിയോടെ നേരിട്ട സ്നേഹ, പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടി. വസ്തു വിറ്റോ കടം വാങ്ങിയോ തന്നെ ചികിത്സിക്കാൻ അവൾ വീട്ടുകാരോട് പറഞ്ഞു. ജോലി കിട്ടുമ്പോൾ വീട്ടാമെന്ന ആത്മവിശ്വാസം സ്നേഹയ്ക്കുണ്ടായിരുന്നു. മജ്ജ മാറ്റിവെയ്ക്കലിന് ശേഷം ജീവിതം വീണ്ടും പഴയ പോലെയായി. ആഗ്രഹിച്ച ജോലി കിട്ടി. പക്ഷേ രണ്ടര വർഷത്തിനിപ്പുറം അതേ അസുഖം വീണ്ടും സ്നേഹയെ തേടി വന്നു. രണ്ടാമതും മജ്ജ മാറ്റിവച്ചെങ്കിലും എല്ലാ പ്രാർത്ഥനകളും വിഫലമാക്കി സ്നേഹ യാത്രയായി. 

ഇനിയില്ലെന്ന് തിരിച്ചറിഞ്ഞ അവസാന കാലത്ത്, മരിച്ചാൽ പത്രത്തിൽ കൊടുക്കേണ്ട ഫോട്ടോയും ഫ്ലക്സ് വെക്കുകയാണങ്കിൽ കൊടുക്കേണ്ട ഫോട്ടോയുമെല്ലാം സ്നേഹ പറഞ്ഞുവെച്ചു. പുതിയ സെറ്റ് ഉടുപ്പിക്കണമെന്നും ചുറ്റും റോസാ പൂക്കൾ വേണമെന്നും അവൾ ആവശ്യപ്പെട്ടു. 'ഇനി ചെയ്തു തീർക്കുവാൻ നിന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം' എന്ന് പറഞ്ഞാണ് ഷാജി മാത്തൻ കുറിപ്പ് അവസാനിപ്പിച്ചത്. 
 

കുറിപ്പിന്‍റെ പൂർണരൂപം

ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കുവാൻ...
ഇത് എൻ്റെ സ്നേഹമോൾ..
എൻ്റെ സഹോദരി ഷീജയുടെ 
ഒരേയൊരു മകൾ..
സ്നേഹയെന്ന പേരു തിരഞ്ഞെടുത്തത് ഞാനായിരുന്നു.
പേരുപോലെ തന്നെ സ്നേഹവും, അച്ചടക്കവും, വിനയവുമുള്ളവൾ.
പത്താംതരം വരെ പഠനത്തിൽ മെല്ലെപ്പോക്ക്.
പിന്നീടവൾ സ്വപ്നം കാണുവാൻ തുടങ്ങി..
11, 12 ൽ മികച്ച മാർക്കുകൾ,
എഞ്ചിനിയറിങ്ങ് അവസാന വർഷമെത്തുമ്പോൾ അസുഖബാധിതയായിട്ടും 90% ലധികം മാർക്ക് .
അവളെ പിടികൂടിയ അസുഖം ചെറുതല്ല ന്നറിഞ്ഞിട്ടും അവൾ പുഞ്ചിരിച്ചു.
ഗൂഗിളിൽ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് പറഞ്ഞു വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ ..
ജോലി കിട്ടുമ്പോൾ ഞാൻ വീട്ടാം.
അങ്ങനെ മജ്ജ മാറ്റിവെച്ചു...
ശേഷം അവൾ സ്വപ്നം കണ്ട ചെറിയ ജോലിയിൽ കയറി .
ചെറുചിരികളുമായി സന്തോഷം പങ്കിട്ടു പോന്നപ്പോൾ
രണ്ടര വർഷത്തിനു ശേഷം അവളെ തേടി വീണ്ടുമതെ അസുഖമെത്തി...
ചില ക്യാൻസറങ്ങനെയാണ്.
രണ്ടാമതും മജ്ജ മാറ്റിവെച്ചു..
അവൾക്കായി എല്ലാ ചികിത്സകളും ചെയ്തു
ഇന്നിപ്പോൾ എല്ലാം വിഫലം..
ഇനിയും കുറച്ച് ആഗ്രഹങ്ങൾ ബാക്കിയുണ്ട്.
പത്രത്തിൽ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം..
ഫ്ലക്സ് വെക്കുകയാണങ്കിൽ ഈ ഫോട്ടോ തന്നെ വേണം..
പുതിയ സെറ്റ് ഉടുപ്പിക്കണം..
ചുറ്റും റോസാ പൂക്കൾ വേണം..
ഇനി ഞങ്ങൾക്ക് ചെയ്തു തീർക്കുവാൻ നിൻ്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം..
ധാരാളം മെസേജുകളും, വിളികളും വരുന്നതിനാൽ
വ്യക്തമായ ഒരു പോസ്റ്റിടുകയാണ്...
ഫോണെടുക്കുവാൻ പലപ്പോഴും കഴിയാറില്ല...
ക്ഷമിക്കുക.
 

Latest Videos
Follow Us:
Download App:
  • android
  • ios