16 വർഷം, സർക്കാരിന് മാനസാന്തരമുണ്ടാകാൻ പ്രാർത്ഥനയുമായി മൂലമ്പിള്ളിക്കാർ; വല്ലാർപാടം പള്ളിയിലേക്ക് റാലി
2008ൽ ഏഴ് വില്ലേജുകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളിലുള്ളവരാണ് ഒത്തുചേരുക
കൊച്ചി: മൂലമ്പിള്ളി പുനരധിവാസ ഉത്തരവിന് ഇന്ന് 16 വർഷം തികയുമ്പോൾ കുടിയൊഴിപ്പിക്കപ്പെട്ടവർ പ്രാർത്ഥനകളുമായി വല്ലാർപാടത്ത് ഒത്തുചേരുന്നു. 2008ൽ ഏഴ് വില്ലേജുകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളിലുള്ളവരാണ് ഒത്തുചേരുക. മാറിമാറി അധികാരത്തിൽ വരുന്ന സർക്കാരുകൾ പിഴുതെറിയപ്പെട്ട കുടുംബങ്ങളോട് കാണിക്കുന്ന അനീതിയിലും അവഗണനയിലും മനംനൊന്താണ് വല്ലാർപാടം അമ്മയുടെ മുന്നിൽ ശരണം പ്രാപിക്കുന്നതെന്ന് മൂലമ്പിള്ളി കോഡിനേഷൻ കമ്മിറ്റി അറിയിച്ചു.
ഭരിക്കുന്ന സർക്കാരിന് മാനസാന്തരം ഉണ്ടാക്കണമെന്ന പ്രാർത്ഥനയുമായി ഗോശ്രീ റോഡിലുള്ള വല്ലാർപാടം പള്ളിയുടെ ബസ് സ്റ്റോപ്പിൽ നിന്ന് കത്തിച്ച മെഴുകുതിരിയുമായി ബസിലിക്ക പള്ളിയിലേക്ക് പ്രാർത്ഥനാ റാലി നടത്തുമെന്ന് മൂലമ്പിള്ളി കോഡിനേഷൻ കമ്മിറ്റി പറഞ്ഞു. പുനരധിവാസ പാക്കേജിൽ പറഞ്ഞിരുന്ന കാര്യങ്ങള്‍ നടപ്പാക്കിയില്ലെന്നാണ് പരാതി. ലഭിച്ച ചതുപ്പ് ഭൂമി വീട് നിർമാണത്തിന് പര്യാപ്തമായിരുന്നില്ലെന്നും 250ഓളം കുടുംബങ്ങള്‍ക്ക് ഇനിയും വീടായിട്ടില്ലെന്നും കമ്മിറ്റി അറിയിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് വീതം സർക്കാർ ജോലിയെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല.
ഫാദർ ഫ്രാൻസിസ് സേവിയർ, പ്രൊഫ കെ അരവിന്ദാക്ഷൻ, ജസ്റ്റിസ് പി കെ ഷംസുദ്ദീൻ, അഡ്വക്കേറ്റ് സി ആർ നീലകണ്ഠൻ, ബസിലിക്ക പള്ളി വികാരി ഫാദർ ആൻറണി വാലിങ്കൽ, പ്രൊഫ കെ പി ശങ്കരൻ , മേജർ മൂസ കുട്ടി തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിരവധി പേർ പ്രാർത്ഥനാ റാലിക്ക് നേതൃത്വം നൽകുമെന്ന് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം