ആലപ്പുഴയില്‍ വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ
എക്സൈസ് സംഘം കലവൂർ വളവനാട് ദേവീക്ഷേത്രത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
ആലപ്പുഴ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ആലപ്പുഴയില്‍ രണ്ടുപേർ പിടിയിൽ. കാസർകോട് മധൂർ ഷിരി ബാഗിലു ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദീഖ് (29), കാസർകോട് മൂളിയാർ കാട്ടിപ്പളം വീട്ടിൽ അഷ്കർ (21) എന്നിവരെയാണ് വാഹനത്തിൽ വിൽപനക്കായി കടത്തിയ മയക്കുമരുന്നുമായി എക്സൈസ് സംഘം പിടികൂടിയത്.
ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. സതീഷിന്റെ നേതൃത്വത്തിൽ കലവൂർ വളവനാട് ദേവീക്ഷേത്രത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കെ. എൽ 7 സി. വി 1120 നമ്പറിലുള്ള കാറിൽ വിൽപനക്കായി കൊണ്ടുവന്ന 9.146 ഗ്രാം എം. ഡി. എം. എയും മയക്കുമരുന്ന് വിറ്റുകിട്ടിയ 5000 രൂപയും പിടിച്ചെടുത്തു.
മംഗലാപുരത്തുനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രിവൻറിവ് ഓഫിസർ ഇ. കെ. അനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ അനിലാൽ, സാജൻ ജോസഫ്, ജയദേവ്, ഷെഫീക്, വനിത സിവിൽ എക്സൈസ് ഓഫിസർ ബബിത രാജ്, ഐ. ബി പ്രിവൻറിവ് ഓഫിസർ അലക്സാണ്ടർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Read More : 'ഗുണ്ടകളാണ്, ആരും ഒന്നും ചെയ്യില്ല'; ഭീഷണിപ്പെടുത്തി ബിവറേജില്‍ ആക്രമണം നടത്തിയ യുവാക്കള്‍ പിടിയില്‍