ബെംഗളൂരുവിൽ നിന്നെത്തിയ ബസിൽ ബാഗുമായി സംശയാസ്പദ സാഹചര്യത്തിൽ യുവാക്കൾ; പരിശോധിച്ചപ്പോൾ കഞ്ചാവ്
മാള കുമ്പിടിഞ്ഞാമാക്കൽ സ്വദേശി 26 വയസ്സുള്ള ലിബിൻ, എറണാകുളം പള്ളുരുത്തി സ്വദേശി 23 വയസ്സുള്ള സ്റ്റെമിൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
തൃശൂർ: ബെംഗളൂരുവിൽ നിന്നും തൃശൂരിലേക്ക് കഞ്ചാവുമായി പുറപ്പെട്ട യുവാക്കളെ പൊലീസ് പിടികൂടി. ബസ് മാർഗമാണ് ഇവർ തൃശൂരിലേക്കെത്തിയത്. കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അംഗങ്ങളും മണ്ണുത്തി പൊലീസ് തോട്ടപ്പടിയിൽ വച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ ബാഗുകളിൽ നിന്നും പ്രത്യേകം പാക്ക് ചെയ്ത മൂന്ന് പൊതികളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
മാള കുമ്പിടിഞ്ഞാമാക്കൽ സ്വദേശി 26 വയസ്സുള്ള ലിബിൻ, എറണാകുളം പള്ളുരുത്തി സ്വദേശി 23 വയസ്സുള്ള സ്റ്റെമിൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വയനാട് ബത്തേരി സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് ലിബിൻ. മണ്ണുത്തി പൊലീസ് എസ് ഐ കെസി ബൈജു, എ.എസ്.ഐ സതീഷ്, ഡാൻസാഫ് അംഗങ്ങളായ അനിൽകുമാർ, വിപിൻദാസ്, കിഷാൽ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.