അനധികൃതമായി ടിടിഇ ഈടാക്കിയ പിഴ 145 രൂപ, യാത്രക്കാരിക്ക് 10000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
ടിക്കറ്റില്ലാതെ സഞ്ചരിച്ച ദൂരത്തിന് യാത്രക്കാരിയിൽ നിന്ന് അമിത പിഴ ഈടാക്കിയ റെയിൽവേയ്ക്കെതിരെ കോടതി. അമിതമായ ഈടാക്കിയ 145 രൂപയ്ക്ക് നഷ്ടപരിഹാരമായി 10000 രൂപയും കോടതിചെലവായി 5000 രൂപയും അധികമായി ഈടാക്കിയ 145 രൂപയും ഒരു മാസത്തിനകം നൽകണമെന്ന് ഉത്തരവ്
മലപ്പുറം : യാത്രക്കാരിയിൽ നിന്ന് അമിത പിഴ ഈടാക്കിയെന്ന പരാതിയിൽ റെയിൽവേയ്ക്കെതിരെ ഉപഭോക്തൃ കമ്മീഷൻ. യാത്രക്കാരിയിൽ നിന്ന് അമിതമായി 145 രൂപ ഈടാക്കിയതിന് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂരിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ വാണിയമ്പലത്തുനിന്ന് കയറിയ മുള്ളമ്പാറ സ്വദേശി കാടൻതൊടി ഹിതയുടെ പക്കൽ അങ്ങാടിപ്പുറത്തുനിന്ന് കൊച്ചുവേളിയിലേക്കുള്ള തത്കാൽ ടിക്കറ്റാണുണ്ടായിരുന്നത്.
വാണിയമ്പലത്തുനിന്ന് പരിശോധന നടത്തിയപ്പോൾ മതിയായ ടിക്കറ്റില്ലാത്തതിനാൽ പിഴയായി 250 രൂപയും ട്രെയിൻ പുറപ്പെട്ട നിലമ്പൂരിൽ നിന്ന് ടിക്കറ്റ് പരിശോധന നടന്നതു വരെയുള്ള ടിക്കറ്റ് തുകയായി 145 രൂപയും ഈടാക്കി. ഇതിനുപുറമേ അങ്ങാടിപ്പുറത്തേക്ക് യാത്ര ചെയ്യാൻ 145 രൂപ കൂടി ടിക്കറ്റ് എക്‌സാമിനർ പിഴയായി ഈടാക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത് നൽകിയ ഹർജിയിലാണ് യാത്രക്കാരിക്ക് അനുകൂലമായ കമ്മീഷൻ ഉത്തരവ്.
പിഴയായി 250 രൂപ നിയമാനുസൃതം വാങ്ങിയശേഷം ട്രെയിൻ പുറപ്പെട്ട സ്ഥലം മുതൽ യാത്ര ചെയ്യാൻ ടിക്കറ്റ് കൈവശമുള്ളതും 145 രൂപയുടെ ടിക്കറ്റ് മതിയാകുമെന്നിരിക്കെ തുടർന്ന് അങ്ങാടിപ്പുറം വരെ പോകാൻ അധികമായി 145 രൂപ ഈടാക്കിയതിന് അടിസ്ഥാനമില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ടിക്കറ്റില്ലാത്ത യാത്ര കണ്ടെത്തിയശേഷം തുടർയാത്രക്ക് പ്രത്യേകം ടിക്കറ്റെടുക്കണമെന്ന വ്യവസ്ഥ പരാതിക്കാരിയുടെ സാഹചര്യത്തിൽ ബാധകമല്ലെന്ന് കമ്മീഷൻ ഉത്തരവിൽ വിശദമാക്കുന്നു. ടിക്കറ്റ് പരിശോധനക്കിടയിൽ യാത്രക്കാരി ഇക്കാര്യം ബോധിപ്പിച്ചെങ്കിലും നിർബന്ധപൂർവം അമിത പിഴ ഈടാക്കുകയായിരുന്നെന്ന് കണ്ടെത്തിയാണ് വിധി.
നഷ്ടപരിഹാരമായി 10,000 രൂപയും കോടതിചെലവായി 5000 രൂപയും അധികമായി ഈടാക്കിയ 145 രൂപയും ഒരു മാസത്തിനകം നൽകണമെന്നും വീഴ്ചവന്നാൽ 12 ശതമാനം പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡൻറും പീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കമീഷൻ ഉത്തരവിൽ വിശദമാക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം