സ്വകാര്യ ടൂറിസ്റ്റ് ബസും ബൊലേറോ പിക്കപ്പ്‌വാനും ബുള്ളറ്റും കൂട്ടിയിടിച്ചു; 5 പേർക്ക് പരിക്ക്
അയ്യപ്പഭക്തർ സഞ്ചരിച്ച ബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. 5 പേർക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്ത് ബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. അയ്യപ്പഭക്തർ സഞ്ചരിച്ച ബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. തിരൂർ ആലത്തിയൂരിലാണ് ബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റത്. കൊണ്ടോട്ടി മിനി ഊട്ടി സ്വദേശി ബത്തല്‍കുമാർ (25), കുറുമ്പടി ചളിപ്പറമ്പിൽ മുഹമ്മദ് ഷരീഫ് (46), നടുവട്ടം പന്തീരാങ്കാവ് സുധീഷ് (38), ആനക്കര സ്വദേശി മൊയ്തീൻകുട്ടി (34), കോഴിക്കോട് സ്വദേശി ജിതേന്ദ്രൻ (50) എന്നിവർക്കാണ് പരിക്കേറ്റത്.
ആലത്തിയൂർ പഞ്ഞൻപടിയില്‍ ഇന്നലെ വൈകീട്ട് മൂന്നോടെയാണ് അപകടം. പരിക്കേറ്റവരെ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അയ്യപ്പഭക്തർ സഞ്ചരിച്ച സ്വകാര്യ ടൂറിസ്റ്റ് ബസും ബൊലേറോ പിക്കപ്പ്‌വാനും ബുള്ളറ്റ് ബൈക്കുമാണ് അപകടത്തില്‍പെട്ടത്. പിക്കപ്പ്‌വാൻ ബൈക്കിനെ മറികടക്കാൻ ശ്രമിക്കവെ കോഴിക്കോട്ടുനിന്നു വരുകയായിരുന്ന ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണമായി തകർന്നു. ബസിന്റെ മുൻഭാഗവും ബൈക്കും ഭാഗികമായും തകർന്നു.
പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. അപകടം നടന്ന ഉടൻ നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും രക്ഷാപ്രവർത്തനം നടത്തിയത്. ആലത്തിയൂർ-ബി.പി അങ്ങാടി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത്സ്വകാര്യ ബസും കണ്ടൈനർ ലോറിയും അപകടത്തിൽപെട്ട് 30ലധികം പേർക്ക് പരിക്കേറ്റിരുന്നു. അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും അപകടമുണ്ടായത്. സ്ഥിരം അപകടകേന്ദ്രമായ ഈ പ്രദേശത്ത് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങൾ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം