തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടിച്ച് കീറി, നാട്ടുകാർക്കും ഭീഷണി; മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം

അലഞ്ഞ് തിരഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾ അക്രമകാരികളായി മാറുന്നത് ജങ്ങളെ ഭീതിയിലാക്കുകയാണ്. മാന്നാർ ടൗണിൽ മാർക്കറ്റ് ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ, പൊലീസ് സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ തെരുവ് നായ് ശല്യം രൂക്ഷമാണ്.

stray dog attack increased in Alappuzha mannar

മാന്നാർ: ആലപ്പുഴ ജില്ലയിൽ മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമായി. തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ച് കടിച്ചുകീറി. മാന്നാർ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ കുട്ടംപേരൂർ പ്രശാന്തി വർഷിണിയിൽ ക്ഷീരകർഷകനായ സജീവിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന 3 മാസം പ്രായമുള്ള പശുക്കിടാവിനെയാണ് നായ്ക്കൾ ആക്രമിച്ച് കടിച്ചുകീറിയത്. ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കൾ പശുക്കിടാവിനെ ആക്രമിച്ചത്. 

വീടിന് പുറത്ത് ബഹളം കേട്ട് സജീവ് പുറത്തിറങ്ങിയപ്പോഴേക്കും പശു കിടാവിനെ നായ്ക്കൾ കടിച്ചു കീറിയിരുന്നു. അലഞ്ഞ് തിരഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾ അക്രമകാരികളായി മാറുന്നത് ജങ്ങളെ ഭീതിയിലാക്കുകയാണ്. മാന്നാർ ടൗണിൽ മാർക്കറ്റ് ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ, പൊലീസ് സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ തെരുവ് നായ് ശല്യം രൂക്ഷമാണ്. തൃക്കുരട്ടി അമ്പലത്തിനു കിഴക്കുവശം, തന്മടിക്കുളത്തിന്റെ കരകൾ, കുരട്ടിക്കാട് കോട്ടയ്ക്കൽ കടവ് പാലം, ആശുപത്രി ജംഗ്ഷന് പടിഞ്ഞാറ് ഭാഗം, കുറ്റിമുക്ക്, പഞ്ചായത്ത് ഓഫീസ് പരിസരം എന്നിവിടങ്ങളിലും പകലും രാത്രിയും തെരുവ് നായ്ക്കൂട്ടങ്ങളുടെ കേന്ദ്രങ്ങളാണ്. 

പ്രധാന റോഡുകൾക്കു പുറമെ ഇടറോഡുകളിലും ഇവ തമ്പടിച്ചിരിക്കുന്നതിനാൽ ഒറ്റയ്ക്കുള്ള സഞ്ചാരം അപകടകരമാണ്. തെരുവ് വിളക്കുകളുടെ അഭാവവും ഏറെ ഭയപ്പെടുത്തുന്നുണ്ട്. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായതിനെത്തുടർന്ന് നിരവധി പരാതികൾ ലഭിച്ചതോടെ നായ്ക്കൾക്കായി ഷെൽട്ടർ നിർമ്മാണമാണ് പോംവഴിയെന്ന് പഞ്ചായത്ത് കണ്ടെത്തിയിരുന്നു. 2022 -23 പദ്ധതിയിൽ ഉൾപ്പെടുത്തി തനത് ഫണ്ടിൽ അരക്കോടി രൂപ വിനിയോഗിച്ച് തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ നിർമ്മിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചു.

കുട്ടംപേരൂർ മുട്ടേൽ മൃഗാശുപത്രി സ്ഥിതി ചെയ്യുന്ന 55 സെന്റ് സ്ഥലത്ത് പ്രത്യേക സംവിധാനങ്ങളൊരുക്കി നിർമ്മിക്കാനായി പഞ്ചായത്ത് ഭരണ സമിതി തീരുമാനം കൈക്കൊള്ളുകയും ചെയ്തിരുന്നു. എന്നാൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു ഷെൽട്ടർ തടസ്സമാകുമെന്ന് കാട്ടി ചെങ്ങന്നൂർ മുൻസിഫ് കോടതിയിൽ രണ്ടുപേർ നൽകിയ അന്യായം ഷെൽട്ടർ നിർമ്മാണത്തിന് തടസമായി. കേസ് തീർപ്പാക്കുന്നത് നീണ്ടതോടെ ഷെൽട്ടർ നിർമ്മാണവും അനിശ്ചിതത്വത്തിലായി.

Read More : മാസം പകുതി കഴിഞ്ഞിട്ടും ആംബുലൻസ് ജീവനക്കാരുടെ ശമ്പള വിതരണം അനിശ്ചിതത്വത്തിൽ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

Latest Videos
Follow Us:
Download App:
  • android
  • ios