ഒറ്റയടിക്ക് 30 കോടി മുട്ടകളിടും, 2000 കിലോ വരെ ഭാരം, കടലിലെ പാവത്താൻ; വിഴിഞ്ഞത്ത് അപൂർവകാഴ്ചയായി സൂര്യമത്സ്യം

കേരളത്തിലെ തീരങ്ങളിൽ വളരെ അപൂർവമായി കാണപ്പെടുന്ന ഇവയെ പൊതുവെ ഭക്ഷിക്കാറില്ല. എന്നാൽ ജപ്പാൻ, കൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ വിശിഷ്ട ഭക്ഷണമാണിത്.

release up to 300 million eggs at a time weight up to 2000 kg rare ocean sun fish in vizhinjam shore

തിരുവനന്തപുരം: കേരള തീരത്ത് അപൂർവമായി കാണപ്പെടുന്ന സൂര്യമത്സ്യം (ഓഷ്യൻ സൺ ഫിഷ്) കരയ്ക്കടിഞ്ഞു. ഇന്നലെ രാവിലെയാണ് ഈ മത്സ്യം കരയ്ക്കടിഞ്ഞത്. എല്ലുകൾക്ക് ഏറ്റവും കൂടുതൽ ഭാരമുള്ള മത്സ്യമാണിത്. ഓഷ്യൻ സൺ ഫിഷ് അഥവാ കോമൺ മോള - മോള എന്നാണിത് അറിയപ്പെടുന്നത്. രൂപം ഭീമാകാരമാണെങ്കിലും കടലിലെ പാവം മത്സ്യമാണിത്. ആരെയും ഉപദ്രവിക്കാറില്ല. 

ഒറ്റനോട്ടത്തിൽ തിരണ്ടിയെ പോലെയാണ്. എന്നാൽ പരന്ന് ഉരുണ്ട രൂപത്തിലുള്ള ഈ മത്സ്യത്തിന് വാലില്ല. ചെറിയ രണ്ടു ചിറകുകളുണ്ട്. വലുപ്പമേറിയ കണ്ണുകളാണ്. മുതുകിൽ മുള്ള് ഉള്ളിലേക്ക് വളഞ്ഞു പല്ലുകൾ മൂടിയ തരത്തിലാണ് ഇവയുടെ ചുണ്ടുകൾ. അതിനാൽ തന്നെ ഒന്നിനെയും കടിക്കാറില്ല. ജെല്ലിഫിഷുകളാണ് പ്രധാന ഭക്ഷണം. അത് ധാരാളം അകത്താക്കും. ജെല്ലിഫിഷുകളെ ഭക്ഷിക്കുന്നതിനാൽ തന്നെ കടലിന്റെ ആവാസ വ്യവസ്ഥ നിയന്ത്രിക്കുന്നതിൽ ഈ മത്സ്യം വളരെയേറെ പങ്കുവഹിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. 

ഉൾക്കടലിലാണ് ഇവ കൂടുതലും കാണുന്നത്. ഉഷ്ണമേഖല കാലാവസ്ഥയിലും മിതോഷ്ണ ജലത്തിലുമാണ് ഇവയുടെ വാസം. സാധാരണ പെൺ സൂര്യ മൽസ്യങ്ങൾ ഒരേസമയം 300,000,000 യോളം മുട്ടകൾ ഇടാറുണ്ട്. എന്നാൽ നിലവിൽ പലയിടങ്ങളിലും ഇവയുടെ എണ്ണം കുറവായതിനാൽ ബീജസങ്കലനം നടന്ന് മുട്ടകൾ വിരിയാനുള്ള സാഹചര്യമില്ല. പൂർണ വളർച്ചയെത്തിയാൽ 2000 കിലോഗ്രാം വരെ ഭാരമുണ്ടാകും. കേരളത്തിലെ തീരങ്ങളിൽ വളരെ അപൂർവമായി കാണപ്പെടുന്ന ഇവയെ ഭക്ഷണമായി ഉപയോഗിക്കാറില്ല. എന്നാൽ ജപ്പാൻ, കൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ വിശിഷ്ട ഭക്ഷണമാണിത്. ഇന്നലെ വിഴിഞ്ഞത്ത് ലഭിച്ച മത്സ്യത്തെ തിരികെ കടലിൽ ഉപേക്ഷിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios