സീബ്രാലൈനിലൂടെ പോകുന്ന വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ടശേഷം സ്വകാര്യ ബസ് ഡ്രൈവര്‍ ഇറങ്ങിയോടി; ദൃശ്യങ്ങൾ പുറത്ത്
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങളില്‍ നാട്ടുകാര്‍ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
കോഴിക്കോട്:കോഴിക്കോട് വടകര മടപ്പള്ളിയിൽ സീബ്ര ലൈനിൽ വെച്ച് വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തിയ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. അപകടം നടന്നശേഷം ബസ് ഡ്രൈവര്‍ റോഡിലൂടെ അതിവേഗം ഓടുന്നതും പരിക്കേറ്റവരെ മറ്റു വാഹനങ്ങളില്‍ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇന്നലെ നടന്ന അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നാണ് അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. ബസില്‍ തന്നെയുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളാണിത്.
മഴ പെയ്തുകൊണ്ടിരിക്കെ സീബ്രാ ലൈനിലൂടെ വിദ്യാര്‍ഥികള്‍ റോഡിന് കുറുകെ കടക്കുന്നതും ബസ് ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ബസാണ് വിദ്യാര്‍ത്ഥികളെ ഇടിച്ചതെന്ന് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. അപകടം നടന്നയുടൻ ബസിലെ ഡ്രൈവര്‍ ഇറങ്ങി ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങളില്‍ നാട്ടുകാര്‍ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
മടപ്പള്ളി ഗവണ്‍മെന്‍റ് കോളേജ് വിദ്യാർത്ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. മൂവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കണ്ണൂർ -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അയ്യപ്പൻ ബസാണ് വിദ്യാർത്ഥികളെ ഇടിച്ച് വീഴ്ത്തിയത്. പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ, കോഴിക്കോട് ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ച് വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. കോഴിക്കോട് ഫറോക്ക് ചുങ്കത്ത് കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. കോടമ്പുഴ സ്വദേശി ഫിറോസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും മറിഞ്ഞ് വീണ ഫിറോസ് റോഡിൽ നിന്നും എണീക്കുന്നത് ദൃശ്യങ്ങളിൽ കാണാം. യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നരേമാണ് അപകടം. കോഴിക്കോട് നിന്നും കോട്ടയം പോകുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് ബൈക്കിലിടിച്ചത്.
കോളേജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജില്‍; മുന്‍ എസ്എഫ്ഐ നേതാവ് അറസ്റ്റിൽ