കരാര്‍ പണവും പോരാതെ സ്വർണവും നൽകി; എന്നിട്ടും കെട്ടിടം പണി തീര്‍ത്തില്ല, 15 ലക്ഷവും നഷ്ടവും പലിശയും നൽകാൻ വിധി

ഹരീഷ് കരാര്‍ പ്രകാരം പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഹര്‍ജിക്കാരിക്ക് പണിതീരാത്ത വീടും സ്ഥലവും ബാങ്ക് ഇടപാട് തീര്‍ക്കുന്നതിന് വില്‍ക്കേണ്ടിയും വന്നു. 

District Consumer  Commission ordered to pay compensation to the housewife for violating the construction contract

തൃശൂര്‍: കെട്ടിട നിര്‍മാണ കരാറില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സംഖ്യയും സ്വര്‍ണാഭരണങ്ങളും നല്‍കിയിട്ടും കരാര്‍ പ്രകാരം കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാത്തതിന് കരാറുകാരനോട് 15 ലക്ഷം രൂപയും 2021 മുതല്‍ ഒമ്പതു ശതമാനം പലിശയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും ഇരുപത്തയ്യായിരം രൂപ ചെലവും നല്‍കാന്‍ ജില്ലാ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്. 

തലപ്പിള്ളി  മനപ്പടി പുലിക്കോട്ടില്‍ ചെറിയാന്റെ ഭാര്യ ജാക്വലിന്‍ അയ്യന്തോള്‍  പനഞ്ഞിക്കല്‍ ചോണ്‍കുളങ്ങര ഹരീഷിനെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 2017 ലാണ് പരാതിക്കാരിയും ഹരീഷും തമ്മില്‍ കെട്ടിട നിര്‍മാണ കരാര്‍ ഉണ്ടായത്. പണം കൂടുതല്‍ നല്‍കിയിട്ടും കരാര്‍ സമയം കഴിഞ്ഞിട്ടും കരാര്‍ പ്രകാരം ഹരീഷ്  പണി പൂര്‍ത്തിയാക്കിയില്ല.

ഹരീഷ് കരാര്‍ പ്രകാരം പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്തതിനാൽ ഹര്‍ജിക്കാരിക്ക് പണിതീരാത്ത വീടും സ്ഥലവും ബാങ്ക് ഇടപാട് തീര്‍ക്കുന്നതിന് വില്‍ക്കേണ്ടിയും വന്നിരുന്നു. ഇപ്പോള്‍ വാടകവീട്ടിലാണ് ഹര്‍ജിക്കാരിയും കുടുംബവും  താമസിക്കുന്നത്. കരാര്‍ പ്രകാരം വീട് നിര്‍മിച്ച് നല്‍കാതിരുന്ന ഹരീഷ് നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ച് മറ്റൊരു കരാര്‍ ഉണ്ടാക്കിയെങ്കിലും ആ കരാറും ഹരീഷ് ലംഘിച്ചു.

ഇതിനെ തുടര്‍ന്നാണ് പരാതിക്കാരി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. പ്രസിഡന്റ് സി.ടി. സാബു, അംഗങ്ങളായ ശ്രീജ എസ്, റാംമോഹന്‍ ആര്‍. എന്നിവരുടെതാണ് ഉത്തരവ്. ഹര്‍ജിക്കാരിക്ക് വേണ്ടി അഡ്വക്കേറ്റുമാരായ ഷാജന്‍ എല്‍. മഞ്ഞളി, ഫ്രഡി ഫ്രാന്‍സിസ്, ജോര്‍ജ് എ.വി. അക്കര എന്നിവര്‍ ഹാജരായി.  

നവംബര്‍ മാസത്തെ റേഷൻ വാങ്ങിയില്ലേ? വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios