5 ലക്ഷം ചെലവിൽ 60 ദിവസം കൊണ്ട് വീട്, 6 വർഷം കൊണ്ട് 350ൽ അധികം പേർക്ക് വീട് വച്ച് നൽകി ഈ പുരോഹിതനും സംഘവും
മതമോ പശ്ചാത്തലമോ ഒന്നും ഗുണ ഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിൽ ഘടകമല്ല. പബ്ലിസിറ്റി ലക്ഷ്യമാക്കിയുള്ള സേവനം അല്ലാത്തതിനാൽ വീടിന്റെ പാലുകാച്ചലും ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയുള്ള ഫോട്ടോയെടുപ്പ് പോലും നടത്താറില്ല.
കുളമാവ്: ആറ് വർഷം കൊണ്ട് നിർധനരായ 350ൽ അധികം പേർക്ക് വീട് വച്ച് നൽകിയ ഒരു കപ്പൂച്ചിൻ പുരോഹിതൻ ഇടുക്കിയിലുണ്ട്. കുളമാവിലെ ഫാ. ജിജോ കുര്യനും സംഘവുമാണ് സമൂഹിക മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വീടുകൾ നിർമിച്ച് നൽകുന്നത്. പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ലാത്തിനാൽ വീടിന്റെ പാലുകാച്ചലും ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയുള്ള ഫോട്ടോയെടുപ്പ് പോലും നടത്താറില്ല.
2018 ലെ പ്രളയത്തിന് ശേഷമാണ് ഫാ. ജിജോ കുര്യൻ നിർധനർക്ക് വീട് വച്ചു നൽകാൻ തുടങ്ങിയത്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഒരു വിധവയുടെ വിഷമം കണ്ടതാണ് ഇതിൻറെ തുടക്കമായത്. വിഷയം അടുത്ത സുഹൃത്തുക്കളുമായി പങ്കു വച്ചു. സഹായിക്കാൻ നിരവധി പേരെത്തുമെന്ന് അവർ പറഞ്ഞതോടെ ഉദ്യമത്തിന് തുടക്കം കുറിച്ചു. ഒരു മുറിയും അടുക്കളയുമുള്ള ക്യാബിൻ വീടുകളാണ് ആദ്യം പണിതിരുന്നത്.
കണ്ണൂർ, കാസഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും സ്‌പോൺസർ മാരുടെ സഹായത്തോടെ വീടുകൾ നിർമ്മിച്ചു. മാസത്തിൽ നാലെണ്ണം വീതം ഇപ്പോൾ പണി തീർക്കും. അച്ചനോടൊപ്പമുള്ള 30 പേരടങ്ങുന്ന സംഘമാണ് എല്ലായിടത്തുമെത്തി ജോലികൾ ചെയ്യുന്നത്. അറുപത് ദിവസം കൊണ്ട് ഒരു വീട് പണിയും. ഗ്രാമാശ്രമം ചാരിറ്റബിൾ ട്രസ്റ്റിൽ ലഭിക്കുന്ന അപേക്ഷകളിൽ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുണ ഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.
മതമോ പശ്ചാത്തലമോ ഒന്നും തിരഞ്ഞെടുക്കുന്നതിൽ മാനദണ്ഡമല്ല. അഞ്ചു ലക്ഷം രൂപയോളമാണ് ഇപ്പോൾ പണിയുന്ന വീടുകളുടെ ചെലവ്. പഴയ ഓടുകൾ സംഘടിപ്പിച്ച് ചെലവു കുറക്കും. ഫേസ്ബുക്ക് സുഹൃത്തുക്കളുടെയും സോഷ്യൽ മീഡിയ ഫോളോവേഴ്സിൻ്റെയും സുമനസ്സുക്കളുടെയും സഹായമാണ് ഇതിനു പിന്നിൽ.
പൂർത്തിയായ വീടുകളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യും. ഇത് കണ്ട് മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ ഈ ഉദ്യമത്തിൽ പങ്കാളികളാകും. വീടിൻറെ താക്കോൽ ഗുണ ഭോക്താവിനെ കാത്ത് കതകിലുണ്ടാകുമെന്നല്ലാതെ മറ്റ് കൊട്ടിഘോഷിച്ചുള്ള ഒരു ഭവനദാന പരിപാടികളും സംഘടിപ്പിക്കാറില്ലന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം