ട്രംപോ തക്കാളിയോ, ഇന്ത്യയുടെ പ്രധാന പ്രശ്നം ഇതിലേത്?
ആദ്യം തക്കാളിയും പിന്നെ ട്രംപും ആര്‍ബിഐക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
യുഎസ് പ്രസിഡന്‍റായി ഡോണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ഇന്ത്യന്‍ വാണിജ്യ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം അദ്ദേഹത്തിന്‍റെ വ്യാപാര നയങ്ങളും, അത് എങ്ങനെയായിരിക്കും ഇന്ത്യയെ സ്വാധീനിക്കുക എന്നതുമാണ്. പക്ഷെ യാഥാര്‍ത്ഥ്യം എന്താണ്..? അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെക്കാളും ഡൊണാള്‍ഡ് ട്രംപിന്‍റെ വ്യാപാര നയങ്ങളേക്കാളും വലിയ ആശങ്കയാണ് ഇന്ത്യയിലെ തക്കാളിയുടെയും ഉള്ളിയുടെയും വിലക്കയറ്റമെന്ന് വിദഗ്ധര്‍ പറയുന്നു. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ അടുത്ത അവലോകന യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കുന്നത് ആര്‍ബിഐക്ക് ബുദ്ധിമുട്ടാകും. . ആര്‍ബിഐ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തക്കാളിയാണ്, ട്രംപല്ല.. തക്കാളി വില കഴിഞ്ഞ മാസം 161 ശതമാനം ആണ് വര്‍ധിച്ചത്. അതിശക്തമായ മഴയാണ് തക്കാളി വില കൂടാനുള്ള പ്രധാന കാരണം. ഇതിന് പുറമേ ഉരുളക്കിഴങ്ങിന്‍റെയും ഉള്ളിയുടെയും വിലയും വര്‍ധിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി തക്കാളി കൃഷി കുറവാണ് . കഴിഞ്ഞ വര്‍ഷം ബീന്‍സ് വിലയിലുണ്ടായ വര്‍ധനയെത്തുടര്‍ന്ന് നിരവധി കര്‍ഷകര്‍ ഈ വര്‍ഷം തക്കാളിക്ക് പകരം ബീന്‍സ് കൃഷി ചെയ്യാന്‍ തുടങ്ങി. കനത്ത മഴയും കൊടും ചൂടും മൂലമുണ്ടായ കൃഷിനാശം മൂലം തക്കാളിയുടെ പരിമിതമായ ലഭ്യതയും വിലക്കയറ്റത്തിന് കാരണമായി. പണപ്പെരുപ്പവും വരുമാനത്തിലെ ഇടിവും കാരണം ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറയുകയാണ്.
പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുനില്‍്ക്കുന്നതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രിലില്‍ ആരംഭിക്കുന്നതിന് മുമ്പ് പലിശ നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര ബാങ്കിന് കഴിയില്ലെന്ന് പല വിദഗ്ധരും വിശ്വസിക്കുന്നു. അപ്പോഴേക്കും പുതിയ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ നയങ്ങളുടെ സ്വാധീനവും ദൃശ്യമാകും. ഇതോടെ ആദ്യം തക്കാളിയും പിന്നെ ട്രംപും ആര്‍ബിഐക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയെ താരിഫ് കിംഗാണ് എന്ന് ട്രംപ് വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കെതിരെ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് ട്രംപ് പ്രചാരണസമയത്ത് ഉറപ്പുനല്‍കിയിരുന്നു. ചില അവസരങ്ങളില്‍ ചൈനയേക്കാള്‍ കൂടുതല്‍ തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. തക്കാളിക്ക് ശേഷം ട്രംപ് ഉയര്‍ത്തുന്ന ഭീഷണി എത്രത്തോളമായിരിക്കുമെന്ന് കണ്ടറിയണം.