ഷാൾ കഴുത്തിൽ കുരുക്കി താഴേക്ക് ചാടി; നവോദയ സ്‌കൂളിൽ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു
മറ്റുള്ളവരുടെ നിർബന്ധം കൊണ്ട് സയൻസ് വിഷയം പ്ലസ് വണ്ണിൽ തെരഞ്ഞെടുക്കേണ്ടി വന്നത് അലീനയെ അലട്ടിയിരുന്നതായി സ്‌കൂൾ അധികൃതർ പറയുന്നു.
മലപ്പുറം: വേങ്ങര ഊരകം ജവഹർ നവോദയ സ്‌കൂളിൽ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാർഥിനി മരിച്ചു. പൊന്നാനി സ്വദേശി അലീന ത്യാഗരാജനാണ് (17) മരിച്ചത്. കഴിഞ്ഞദിവസം പുലർച്ചെയാണ് അലീന സ്‌കൂളിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
താമസിക്കുന്ന ബോഡിംഗ് കെട്ടിടത്തിന് സമീപത്തെ പഴയ കെട്ടിടത്തിൽ നിന്നും ഷാളിൽ കഴുത്ത് കുരുക്കി താഴെക്ക് ചാടുകയായിരുന്നു. അലീനയെ കാണാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ സ്‌കൂളിൽ പരിശോധന നടത്തിയപ്പോഴാണ് അലീന ഷാളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി അലീന ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെ മരണം സംഭവിച്ചു. പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയായിരുന്നു അലീന. വിഷാദ രോഗം അലീനയെ അലട്ടിയിരുന്നു. മറ്റുള്ളവരുടെ നിർബന്ധം കൊണ്ട് സയൻസ് വിഷയം പ്ലസ് വണ്ണിൽ തെരഞ്ഞെടുക്കേണ്ടി വന്നത് അലീനയെ അലട്ടിയിരുന്നതായി സ്‌കൂൾ അധികൃതർ പറയുന്നു.
മുമ്പും അലീന ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി സൂചനയുണ്ട്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് വേങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്. തുടർന്ന് കഴിഞ്ഞ ദിവസം സ്‌കൂളിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...