സംശയാസ്പദമായി ഒരാളെ കണ്ടെന്ന് ഫോൺ കോൾ, പൊലീസ് എത്തിയപ്പോൾ റോഡരികിൽ കണ്ടത്...; രക്ഷിച്ചത് വിലപ്പെട്ട ജീവൻ
ഉടൻ തന്നെ ആംബുലൻസിന് കാത്തുനിൽക്കാതെ സുരേഷും സംഘവും യുവാവിനെ പൊലീസ് ജീപ്പിൽ കയറ്റി മാളയിലെ ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു
തൃശൂര്‍: അപസ്മാരം വന്ന് റോഡരികിൽ കിടന്ന യുവാവിന്റെ ജീവൻ രക്ഷിച്ച് മാള സബ് ഇൻസ്പെക്ടർ സി കെ സുരേഷും സംഘവും. ഒരാളെ സംശയാസ്പദമായ രീതിയിൽ കണ്ടെന്ന് പറഞ്ഞ് മാള പൊലീസിന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് വടമ പാമ്പുമേക്കാട്ട് മനയുടെ അടുത്തുള്ള ബസ് സ്റ്റോപ്പില്‍ നൈറ്റ് പെട്രോളിംഗിൽ ഉണ്ടായിരുന്ന എസ് ഐ സുരേഷും സംഘവും എത്തിയത്. അപസ്മാരം വന്ന് റോഡ് അരികിൽ കിടന്ന് ജീവന് വേണ്ടി കഷ്ടപ്പെടുന്ന പാറപ്പുറം സ്വദേശിയായ 28 കാരനെയാണ് മാള പൊലീസ് കണ്ടത്.
ഉടൻ തന്നെ ആംബുലൻസിന് കാത്തുനിൽക്കാതെ സുരേഷും സംഘവും യുവാവിനെ പൊലീസ് ജീപ്പിൽ കയറ്റി മാളയിലെ ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. അതിനുശേഷം മാള പൊലീസ് യുവാവിന്റെ വീട്ടിൽ വിവരം അറിയിക്കുകയും അദ്ദേഹത്തിന്‍റെ അച്ഛൻ ആശുപത്രികളിൽ എത്തിച്ചേരുകയും ചെയ്തു. മാള പൊലീസ് അവസരോചിതമായി ഇടപെട്ട് പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് മാത്രമാണ് യുവാവിന്‍റെ ജീവൻ രക്ഷിക്കാൻ ആയതെന്ന് യുവാവിനെ ചികിത്സിച്ച ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർ മാർട്ടിൻ പറഞ്ഞു.
സി കെ സുരേഷിനെ കൂടാതെ ഷഗിൻ, മിഥുൻ, രജനി എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കൊല്ലത്തും സമാനമായ സംഭവം ഉണ്ടായിരുന്നു. മരണത്തോട് മല്ലിട്ട് ജീവൻ നിലനിർത്താനുള്ള അവസാന ശ്വാസത്തിന് വേണ്ടി പിടഞ്ഞ വയോധികന് തുണയായതും പൊലീസ് ഉദ്യോഗസ്ഥരാണ്. ഹൃദയാഘാതമുണ്ടായി അബോധാവസ്ഥയിൽ നിലത്തുകിടന്ന മയ്യനാട് സ്വദേശിയെയാണ് കൊല്ലം സിറ്റി പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐ രാജേഷ് കുമാറും സി പി ഒ ദീപക്കും ചേർന്ന് ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയത്.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഒരു ഫിനാൻസ് എന്ന സ്ഥാപനത്തിന് മുന്നിലെ ബീറ്റ് ബുക്കിൽ ഒപ്പിടാനെത്തിയതാണ് പൊലീസ് ഉദ്യോഗസ്ഥർ. സുരക്ഷാ ജീവനക്കാരനെ കാണാഞ്ഞതിനാൽ അവർ പരിസരത്ത് നടത്തിയ പരിശോധനയിലാണ് തറയിൽ മഴയത്തു കമിഴ്‌ന്നു കിടക്കുന്ന നിലയിൽ അദ്ദേഹത്തെ കണ്ടത്. ഉടൻ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കൊല്ലം കൺട്രോൾ റൂമിൽ അറിയിച്ച് ആംബുലൻസ് വിളിച്ചുവരുത്തി വയോധികനെ ജില്ലാ ആശുപത്രിയിലെത്തിച്ചു.