സ്റ്റേഷനുകൾക്ക് ബ്രാൻഡിങ്, കെഎസ്ആർടിസിയിൽ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ പദ്ധതികൾ വരുമെന്ന് ഗണേഷ് കുമാർ

സ്റ്റേഷനുകളുടെ ബ്രാൻഡിങിന് ചർച്ചകൾ പുരോഗമിക്കുകയാണ്. വൃത്തി ഉറപ്പാക്കും. യാത്രാ ഫ്യൂവൽസിൽ ലക്ഷ്യമിടുന്നത് 75 ഫ്യൂവൽ ഔട്ട്‍ലെറ്റുകൾ
 

minister kb ganesh kumar talks abount innovative ideas aimed for increasing non ticket revenue in KSRTC

പെരുമ്പാവൂർ: കെഎസ്ആർടിസിയിൽ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പെരുമ്പാവൂരിൽ കെഎസ്ആർടിസിയുടെ യാത്രാ ഫ്യുവൽസ് ഔട്ട്‍ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കെ എസ് ആർ ടി സിയിൽ ബ്രാൻഡിംഗ് നടപ്പാക്കാൻ ശ്രമിക്കുന്നത്. 

കെഎസ്ആർടിസിയുടെ 12 സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാനൈറ്റ് ഒട്ടിച്ച് സ്റ്റേഷനുകൾ വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിലെ എല്ലാ ടോയ്‍ലെറ്റുകളും നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

ടിക്കറ്റിതര വരുമാനം വ൪ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി നടപ്പാക്കുന്ന യാത്രാ ഫ്യുവൽസ് പദ്ധതിയിൽ സംസ്ഥാനത്തുടനീളം 75 റീട്ടെയ്ൽ ഔട്ട്‍ലെറ്റുകളാണ് സ്ഥാപിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഭാവിയിൽ ഹരിത ഇന്ധനങ്ങളായ സിഎൻജി, എൽഎൻജി, ഇലക്ട്രിക് ഫാസ്റ്റ് ചാർജിംഗ് എന്നിവയും ഔട്ട്‍ലെറ്റുകളിൽ ലഭിക്കും. ഗുണമേന്മയുള്ളതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉത്പന്നങ്ങളാകും ഔട്ട്‍ലെറ്റിൽ ലഭിക്കുകയെന്ന് കെഎസ്ആർടിസി അവകാശപ്പെടുന്നു. നിലവിൽ 14 ഔട്ട്‍ലെറ്റുകൾ പ്രവർത്തനമാരംഭിച്ചു

പെരുമ്പാവൂരിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എൽദോസ് പി കുന്നപ്പിള്ളിൽ എംഎൽഎ അധ്യക്ഷത വഹിച്ചു.  പെരുമ്പാവൂർ നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ ആദ്യ വില്പന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സിജിഎം ആൻഡ് സ്റ്റേറ്റ് ഹെഡ് ഗീതിക വർമ്മ, മുൻ എംഎൽഎ സാജു പോൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios