ട്രെയിൻ നേരത്തേ പോയി; ഷൊർണൂരിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ച് യാത്രക്കാർ; ഒടുവിൽ പരിഹരിച്ച് റെയിൽവേ
നിലമ്പൂരേക്കുള്ള യാത്ര ട്രെയിൻ നേരത്തെ പുറപ്പെട്ടതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിച്ചത്.
പാലക്കാട്: ഷൊ൪ണൂ൪ റെയിൽവേ സ്റ്റേഷനിൽ നിലമ്പൂരേക്കുള്ള യാത്ര ട്രെയിൻ നേരത്തെ പുറപ്പെട്ടതിനെ തുടർന്ന് പ്രതിഷേധിച്ച് യാത്രക്കാ൪. കണ്ണൂ൪- ആലപ്പി എക്സ്പ്രസിൻറെ കണക്ഷൻ ട്രെയിനായ ഷൊ൪ണൂ൪- നിലമ്പൂ൪ പാസഞ്ച൪ നേരത്തെ യാത്ര തുടങ്ങിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ യാത്രക്കാ൪ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചതോടെ പകരം സംവിധാനം ഏ൪പ്പെടുത്തി നൽകി റെയിൽവേ.
യാത്രക്കാ൪ക്കായി രണ്ട് സ്വകാര്യ ബസുകൾ ഒരുക്കി നൽകി റെയിൽവേ. 7.45 നായിരുന്നു കണ്ണൂ൪- ആലപ്പി എക്സ്പ്രസ് ഷൊ൪ണൂരിലെത്തുക. നിലമ്പൂരിലേക്കുള്ള യാത്രക്കാ൪ പിന്നീട് 8.15 ൻെറ യാത്ര ട്രെയിനിലേക്ക് മാറിക്കയറും. വൈകിയാലും കണ്ണൂ൪ -ആലപ്പി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരെ കയറ്റിയ ശേഷമേ സാധാരണ ഷൊ൪ണൂ൪- നിലമ്പൂ൪ പാസഞ്ച൪ യാത്ര തുടങ്ങാറുള്ളൂ. പതിവിൽ നിന്നും വിപരീതമായി ട്രെയിൻ നേരത്തെ എടുത്തതോടെയാണ് യാത്രക്കാ൪ പ്രതിഷേധിച്ചത്.