തപാൽ വകുപ്പിൽ ജോലി കിട്ടാൻ നൽകിയത് നാല് ലക്ഷം, ഒടുവിൽ ജോലിയുമില്ല, പണവുമില്ല; പരാതി നൽകിയതോടെ യുവതി പിടിയിൽ
പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പറഞ്ഞ ജോലി കിട്ടാതെ വന്നപ്പോഴാണ് പരാതിയായത്. ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു നാല് ലക്ഷം രൂപ വാങ്ങിയതും.
കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.
എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ വകുപ്പിൽ ജോലി വാഗ്ദാനം നൽകി തൃപ്പൂണിത്തുറ സ്വദേശിനിയിൽ നിന്ന് നാല് ലക്ഷം രൂപ കൈപ്പറ്റിയ കേസിലാണ് അറസ്റ്റ്. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വാങ്ങിയത്.
പണം നൽകിയിട്ടും ജോലി കിട്ടാതെ വന്നതോടെ തൃപ്പൂണിത്തുറ സ്വദേശിനി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ മേരി തയ്യാറായില്ല. തുടർന്നാണ് പണം നൽകിയയാൾ കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിംഗ് സി.ആറിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ മാഹിൻ, ഷിബു, വെൽമ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മേരി ദീന പിടിയിലായത്. കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം