'വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്യും, വിജയപ്രതീക്ഷയിൽ തന്നെയാണ്': ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാർ
വിജയപ്രതീക്ഷയിൽ തന്നെയാണെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ ജനം ഇന്ന് വിധിയെഴുതും. വിജയപ്രതീക്ഷയിൽ തന്നെയാണെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്യുമെന്നും സി കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. ചിന്മയ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതാണ് സി കൃഷ്ണകുമാർ. വിവാദങ്ങളൊന്നും ബിജെപിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബി ജെ പി ജില്ലാ പ്രസിഡൻ്റിനെതിരെ ഉയർന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം നിശ്ചയിച്ച ബൂത്തിൽ വോട്ട് ചെയ്യുെമെന്നും കൃഷ്ണകുമാർ പറഞ്ഞു. പരസ്യവിവാദം ബിജെപിക്ക് ഗുണം ചെയ്യും. ഇരുമുന്നണികളും നടത്തുന്നത് ഒരേ സമീപനമാണ്. ന്യൂനപക്ഷ വിഭാഗം ബി ജെ പിക്കൊപ്പം നിൽക്കും. മുനമ്പം വിഷയവും പാലക്കാട്ടെ ചർച്ചയാണെന്നും അതും വോട്ടാകുമെന്നും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു.
വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും. വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിങ് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.