ഗർഭിണിയായ മകളെ പരിചരിക്കാൻ ആളില്ല, 'പൂമ്പാറ്റ സിനി'ക്ക് കരുതൽ തടങ്കലിൽ ഇളവ് നൽകി കോടതി

ഗർഭിണിയായ മകളെ പരിചരിക്കാന്‍ ആരുമില്ലെന്ന മാനുഷിക പരിഗണനയിലാണ് പൂമ്പാറ്റ സിനിയെന്ന പേരിൽ അറിയപ്പെടുന്ന സിനിയെന്ന 45കാരിയെ കരുതല്‍ തടങ്കല്‍ കാലയളവ് പൂർത്തിയാവുന്നതിന് മുന്‍പ് വിട്ടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്

Notorious criminal Poombatta Sini held under Kaapa released under humanitarian concern since nobody to attend pregnant daughter etj

കൊച്ചി: കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കിയ പൂമ്പാറ്റ സിനിയ്ക്ക് മോചനം. ഗർഭിണിയായ മകളെ പരിചരിക്കാന്‍ ആരുമില്ലെന്ന മാനുഷിക പരിഗണനയിലാണ് പൂമ്പാറ്റ സിനിയെന്ന പേരിൽ അറിയപ്പെടുന്ന സിനിയെന്ന 45കാരിയെ കരുതല്‍ തടങ്കല്‍ കാലയളവ് പൂർത്തിയാവുന്നതിന് മുന്‍പ് വിട്ടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുടേതാണ് തീരുമാനം. സാധാരണ ഗതിയില്‍ കരുതല്‍ തടങ്കല്‍ കേസുകളില്‍ സാധാരണ കോടതി ഇടപെടാറില്ലെങ്കിലും അസാധാരണ സാഹചര്യത്തിലാണ് ഇത്തരമൊരു ഇടപെടല്‍. ഏതെങ്കിലും പ്രത്യേക നിയമത്തെ അനുസരിച്ചല്ലെന്നും ഭരണഘടനയിലെ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൌലിക അവകാശത്തെയും അടിസ്ഥാനമാക്കിയാണ് ഇളവ് അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

ഡിസംബർ 15ന് കരുതല്‍ തടങ്കല്‍ അവസാനിക്കുമായിരുന്ന പൂമ്പാറ്റ സിനിക്ക് നവംബർ 14 ന് പുറത്ത് വരാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. പൂമ്പാറ്റ സിനിയ്ക്കായി ബിജു ആന്‍റണി ആളൂർ, കെ പി പ്രശാന്ത്, അർച്ചന സുരേഷ്, സുനിത കെജി , ഹരിത ഹരിഹരന്‍, ഹസീബ് ഹസന്‍ എം എന്നിവരാണ് ഹാജരായത്. കെ എ അനസായിരുന്നു കേസിലെ പബ്ളിക് പ്രോസിക്യൂട്ടര്‍. ജൂണ്‍ മാസത്തിലാണ് പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. തൃശൂർ പൊലീസ് ആണ് സിനി ഗോപകുമാറിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

വ്യാജ സ്വണ്ണം പണയം വയ്ക്കുക, കവർച്ച, സാമ്പത്തിക തട്ടിപ്പ്, അക്രമണം തുടങ്ങി 35 കേസുകളിലെ പ്രതിയായിരുന്നു സിനി. എറണാകുളം പള്ളുരുത്തി സ്വദേശിനിയാണ് സിനി. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് തൃശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയാണ് ഇവരെ കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജയിൽശിക്ഷ വിധിച്ചത്.

പൂമ്പാറ്റ സിനി... പേര് കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ഒട്ടും നിസാരക്കാരിയല്ല ഈ നാൽപ്പത്തിയെട്ടുകാരി. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം കവര്‍ച്ചയും തട്ടിപ്പും ഉള്‍പ്പടെ 35 കേസുകളിൽ പ്രതിയാണ് പൂമ്പാറ്റ സിനി. ഇതിലേറെ കേസുകൾ എറണാകുളം ജില്ലയിലുമുണ്ട്. ആളുകളെ ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതിനും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതിനും തുടങ്ങി നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയാണ് സിനി. താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നുകളും നൽകി ഗുണ്ടാ സംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു. വലിയ മുതലാളിയാണെന്നും സ്വന്തമായി റിസോർട്ടുകൾ ഉണ്ടെന്നുമൊക്കെ ഇരകളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതായിരുന്നു സിനിയുടെ തന്ത്രം.

പണം തട്ടിയെടുത്തതായി ഇരകൾക്ക് തോന്നാതിരിക്കാൻ പല തരത്തിലുള്ള സംഭവങ്ങളാണ് ഇവർ അവതരിപ്പിക്കുക. പണം മുഴുവൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി കൊണ്ടുപോയി എന്നാകും ചിലപ്പോൾ പറയുക. മറ്റു ചിലപ്പോൾ ഗുണ്ടകളെ വിട്ട് പരാതിക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കും. ആലപ്പുഴ ജില്ലയിലായിരുന്നു ഇവരുടെ ആദ്യകാല കുറ്റകൃത്യങ്ങൾ. പിന്നീട് അവരുടെ താവളം എറണാകുളത്തേക്കും അവിടെനിന്നും തൃശ്ശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടച്ചിട്ടുണ്ടെങ്കിലും ഇത്രയും തട്ടിപ്പുകേസുകൾ നടത്തിയിട്ടും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കേസിലും ഇതുവരേയും ശിക്ഷിക്കപ്പെട്ടിരുന്നില്ല.

തട്ടിയെടുക്കുന്ന പണം മുഴുവനും ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. കണ്ണമാലിയിൽ സ്വർണനിർമ്മിതമായ നടരാജ വിഗ്രഹം വിൽക്കാനുണ്ടെന്ന് കാണിച്ച് വ്യാപാരിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയ കേസ്, എറണാകുളം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് കോൺസ്റ്റബിളാണെന്നു പറഞ്ഞ് തൊട്ടടുത്തുള്ള ജ്വല്ലറിയിൽ നിന്നും 45.75 ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങുകയും ബാങ്കിൽ നിന്ന് പണം എടുത്ത് വരാം എന്നു പറഞ്ഞ് അവിടെ നിന്ന് മുങ്ങിയ കേസ് എന്നിവയാണ് എറണാകുളത്തെ പ്രമാദമായ കേസുകള്‍. തൃശൂർ ജില്ലയിൽ മാത്രം എട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 32 കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2012ൽ കാസർഗോഡ് നിന്നുള്ള ട്രെയിൻയാത്രക്കിടെ പരിചയപ്പെട്ട തൃശ്ശൂരിലെ സർക്കാർ ഉദ്യോഗസ്ഥയിൽ നിന്നും 11 പവൻ സ്വർണം തട്ടിയെടുത്തതാണ് ആദ്യ കേസ്.

പിന്നാലെ പുതുക്കാട് കിണറിൽ നിന്ന് സ്വർണവിഗ്രഹം കണ്ടെത്തിയത് വിൽപ്പന നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 10 ലക്ഷം തട്ടി. 2017 ൽ പുതുക്കാട് സ്വദേശിയെ സ്വർണ ബിസിനസിൽ പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രവാസിയുടെ കൈയിൽ നിന്നും തട്ടിയത് 74 ലക്ഷമാണ്. മറ്റൊരു പുതുക്കാടുകാരനില്‍ നിന്ന് ഇതേ കാര്യം പറഞ്ഞ് തട്ടിയത് 72 ലക്ഷം. 2017ൽ വൻ ആർഭാടത്തോടെയാണ് സിനി മകളുടെ വിവാഹം നടത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയത് ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios