ഫോൺ വഴിയുള്ള ഓര്‍ഡറിൽ വിലകൂടിയ മരുന്ന്; ചെറിയൊരു സംശയം, പകരം വൈറ്റമിൻ ഗുളിക വച്ചു, തട്ടിപ്പുകാരൻ സിസിടിവിയിൽ
മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് പണം നൽകാതെ മരുന്നുമായി മുങ്ങുന്ന ഇതര സംസ്ഥനക്കാരൻ സിസിടിവിയിൽ പതിഞ്ഞു.
തിരുവനന്തപുരം: മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്ന് വാങ്ങി പണം കൊടുക്കാതെ മുങ്ങുന്ന ഇതര സംസ്ഥാനക്കാരൻ സിസിടിവിയിൽ പതിഞ്ഞു. ഫോണിൽ വിളിച്ച് വിലകൂടിയ മരുന്ന് ആവശ്യപ്പെട്ട ശേഷം സ്ഥാപനത്തിൽ എത്തി തന്ത്രപൂർവ്വം മരുന്ന് കൈക്കലാക്കി മുങ്ങുന്നതാണ് ഇയാളുടെ രീതി. കാട്ടാക്കടയിലെ മെഡിക്കൽ സ്റ്റോറിലേക്ക് വിളിച്ച് വില കൂടിയ മരുന്നിന് ഓര്‍ഡര്‍ നൽകിയെ തട്ടിപ്പിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും സിസിടിവിയിൽ ദൃശ്യങ്ങൾ പതിയുകയും ചെയ്തു.
മെഡിക്കൽ സ്റ്റോറുകളിൽ ഇത്തരം തട്ടിപ്പ് നടക്കുന്നതായി മെഡിക്കൽ സ്റ്റോർ ഉടമകളുടെ വാട്സ് ആപ് കൂട്ടായ്മയിൽ സന്ദേശം ലഭിച്ചതിന്റെ അറിവിൽ സംശയം തോന്നിയ ജീവനക്കാരി വിലകൂടിയ മരുന്നിന് പകരം വൈറ്റമിൻ ഗുളിക പൊതിഞ്ഞു വയ്ക്കുകയായിരുന്നു. ഗുളിക കൗണ്ടറിൽ വച്ച ഉടൻ ഇയാൾ ഇതെടുത്ത് മുങ്ങി. കടയിലുള്ളവര്‍ ഇയാളെ പിടിക്കാൻ പിന്നാലെ പോയെങ്കിലും ബൈക്കിൽ രക്ഷപെടുകയായിരുന്നു. കാട്ടാക്കട മുടിപ്പുര കെട്ടിടത്തിൽ ന്യൂപ്രഭ മെഡിക്കൽ സ്റ്റോറിൽ വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.
വെള്ളിയാഴ്ച ഉച്ചയോടെ പലതവണ മൊബൈലിൽ വിളിക്കുകയും മരുന്നിന്റെ പേരുകൾ പറയുകയും ചെയ്തു. പ്രിസ്ക്രിപ്ഷനുമായി എത്താം എന്ന് പറഞ്ഞു. അന്യ സംസ്ഥാനക്കാരനെന്ന് സംശയിക്കുന്നയാൾ രാത്രി 7.30 ഓടെ മെഡിക്കൽ സ്റ്റോറിൽ എത്തുകയും മരുന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ഥാപനത്തിലെ ജീവനക്കാരി കൗണ്ടറിൽ പൊതിഞ്ഞു വച്ചത് വൈറ്റമിൻ ഗുളികയെന്ന് അറിയാതെ ഞൊടിയിടയിൽ ഇത് കൈക്കലാക്കി ഇയാൾ ഇറങ്ങിയോടി. പിടികൂടാൻ ശ്രിമിക്കുന്നതിനിടെ അവിടെ എത്തിയ മറ്റൊരു ബൈക്കിൽ കയറിയാണ് ഇയാൾ രക്ഷപെട്ടത്.
ഫോണിൽ വിളിച്ചത് തട്ടിപ്പുകാരായിരിക്കുമോ എന്ന സംശയത്തിലാണ് അവർ ആവശ്യപ്പെട്ട മരുന്നിന് പകരം വൈറ്റമിൻ ഗുളിക കൗണ്ടറിന്റെ മുകളിൽ വച്ചത് എന്ന്ക കടയുടമ സുരേഷ് പറഞ്ഞു. കാട്ടാക്കട പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും സുരേഷ് പറഞ്ഞു. അതേസമയം ഇത്തരം തട്ടിപ്പുകാർ സജീവമാണ് എന്നാണ് വിവരം. അടുത്തിടെ വിഴിഞ്ഞം, വെങ്ങാനൂർ തുടങ്ങിയ പ്രദേശങ്ങളിലും സമാന സംഭവം നടന്നതായി വിവരമുണ്ട്.
സ്ത്രീകൾ മാത്രം ഉള്ള മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ച് സ്ഥാപനത്തിൻറെ നമ്പർ സംഘടിപ്പിക്കുകയും, ശേഷം ഈ നമ്പറിൽ നിരന്തരം വിളിച്ച് മരുന്ന് ആവശ്യപ്പെടുകയും ചെയ്യും തുടര്‍ന്ന് സ്ഥലത്ത് നിരീക്ഷണം നടത്തി ഇവർ മെഡിക്കൽ സ്റ്റോറിൽ എത്തുകയും മരുന്ന് എടുക്കാൻ ആവശ്യപ്പെടുകയും ചെയ്യും സാധാരണ പോലെ മരുന്നെടുത്ത് കൗണ്ടറിൽ വെക്കുന്ന സമയം ഇവ കയ്യിലെടുത്ത് മുങ്ങുകയാണ് രീതി. പിന്നീട് മൊബൈൽ ഓഫ് ആക്കും. ഗ്രൂപ്പുകളിൽ ഇത്തരത്തിലുള്ള തട്ടിപ്പ് നടക്കുന്നതായി അറിയിപ്പ് ലഭിച്ച സ്ഥാപനത്തിലുള്ളവർ മൊബൈൽ നമ്പറിലേക്ക് കോൾ വന്ന സമയം മുതൽ സംശയത്തിൽ ആയിരുന്നു. തുടർന്നാണ് ഇങ്ങനെ ഒരു പരീക്ഷണം നടത്തിയത്. 6381548270, 8148663084 എന്നീ നമ്പറുകളിൽ നിന്നാണ് മരുന്ന് ആവശ്യപ്പെട്ട് വിളി എത്തിയത്.