ദേശീയപാതയിൽ രാവിലെ ആറിന് പ്രത്യക്ഷപ്പെട്ട ആഢംബര കാര്‍, നാട്ടുകാർ തടഞ്ഞു, റോഡ് തടഞ്ഞ് നടന്നത് പരസ്യ ചിത്രീകരണം
രാവിലെ ആറുമുതല്‍ ആരംഭിച്ച ചിത്രീകരണം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നതുവരെ തുടര്‍ന്നു.
തൃശൂര്‍: മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാത തടഞ്ഞ് ആഢംബര കാറിന്റെ പരസ്യ ചിത്രീകരണം. പാലക്കാടുനിന്ന് തൃശൂരിലേക്ക് വരുന്ന ഭാഗത്ത് ചുവന്നമണ്ണില്‍ അക്വാഡിറ്റിനുള്ളിലാണ് ആഡംബര കാറിന്റെ പരസ്യ ചിത്രീകരണം നടത്തിയത്. രാവിലെ ആറുമുതല്‍ ആരംഭിച്ച ചിത്രീകരണം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നതുവരെ തുടര്‍ന്നു.
ഒടുവില്‍ 12.30നാണ് ചിത്രീകരണം നിര്‍ത്തി പരസ്യ കമ്പനിക്കാര്‍ തിരിച്ചുപോയത്. പാലക്കാടുനിന്നും തൃശൂരിലേക്കുള്ള റോഡിന്റെ മൂന്നു വരിയും തടഞ്ഞായിരുന്നു പരസ്യ ചിത്രീകരണം. ദേശീയപാതയില്‍ തിരക്ക് ഏറെയുള്ള സമയത്ത് നടത്തിയ ചിത്രീകരണത്തില്‍ പീച്ചി പൊലീസോ, ഹൈവേ പൊലീസോ ഇടപെട്ടില്ല എന്ന് പരാതിയുണ്ട്.
ദേശീയപാത അതോറിറ്റിയുടെ അനുമതിയോടു കൂടിയാണ് ചിത്രീകരണം എന്നാണ് പരസ്യ കമ്പനിക്കാര്‍ വിശദീകരിക്കുന്നത്. എങ്കിലും ദേശീയപാതയില്‍ വണ്‍ വേ തെറ്റിച്ചും വാഹനങ്ങളെ വഴിതടഞ്ഞുമുള്ള പരസ്യ ചിത്രീകരണത്തിനത്തിന് അധികൃതര്‍ അനുമതി നല്‍കിയോ എന്ന കാര്യം ദുരൂഹമാണ്. പരസ്യ ചിത്രീകരണത്തിന് എത്തിയ വാഹനം കാമറയുമായി പോലീസിനു മുന്നിലൂടെ റോഡിന്റെ എതിര്‍ ദിശയിലേക്ക് കടന്നുപോയി.
ദേശീയപാതയില്‍ യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റു സൂചനാ സംവിധാനങ്ങളോ സ്ഥാപിക്കാതെയാണ് ചിത്രീകരണം നടത്തിയത്. ഒരു ആംബുലന്‍സും മന്ത്രിയുടെ വാഹനവും രാവിലെ ചിത്രീകരണത്തിന്റെ ഇടയിലുണ്ടായ ഗതാഗതക്കുരുക്കില്‍ പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. പൊലീസിനെ വിവരം അറിയിച്ചപ്പോള്‍ ഷൂട്ടിങ് പാടില്ല എന്ന് പറഞ്ഞിരുന്നതായും അത് അനുസരിക്കാതെ ചിത്രീകരണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചത്. ചിത്രീകരണത്തിന് എത്തിയ റിക്കവറി വാന്‍ മണിക്കൂറുകളോളം ദേശീയപാതയുടെ സ്പീഡ് ട്രാക്കില്‍ നിര്‍ത്തിയിട്ടു. ഏതെങ്കിലും വാഹനങ്ങള്‍ തകരാറിലായി പാതയില്‍ നിര്‍ത്തിയിട്ടാല്‍ ചോദ്യം ചെയ്യാന്‍ എത്തുന്ന പൊലീസ് മണിക്കൂറുകളോളം പരസ്യ കമ്പനിയുടെ വാഹനം പാതയ്ക്ക് നടുവില്‍ നിര്‍ത്തിയിട്ടിട്ടും നടപടിയെടുത്തില്ലെന്ന് പൊലീസ് ആരോപിച്ചു.
ബൈക്കിൽ പോകുന്ന വിദ്യാർത്ഥികൾക്കു നേരെ കാട്ടാന പന മറിച്ചിട്ടു; ഗുരുതര പരിക്ക്, സംഭവം കോതമംഗലത്ത്