ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിക്കാതെ ആന എഴുന്നള്ളിപ്പ്; കിഴൂർ പൂരം നടത്തിപ്പിൽ കേസെടുത്ത് വനം വകുപ്പ്
ആന പരിപാലന നിയമ ചട്ടലംഘനം, കോടതിയലക്ഷ്യം എന്നി വകുപ്പുകൾ ചേർത്താണ് സംയുക്ത ഉത്സവാഘോഷകമ്മിറ്റിക്കെതിരെ വനംവകുപ്പിന്‍റെ കേസ്
തൃശൂര്‍: കുന്നംകുളം കിഴൂർ പൂരം നടത്തിപ്പിൽ കേസെടുത്ത് വനം വകുപ്പ്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് കേസെടുത്തത്. ആന പരിപാലന നിയമ ചട്ടലംഘനം, കോടതിയലക്ഷ്യം എന്നി വകുപ്പുകൾ ചേർത്താണ് സംയുക്ത ഉത്സവാഘോഷകമ്മിറ്റിക്കെതിരെ വനംവകുപ്പിന്‍റെ കേസ്. അതേസമയം, ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും ഉത്സവ-പെരുന്നാൾ നേർച്ച ആഘോഷങ്ങളും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ ഫെസ്റ്റിവല്‍ കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്സവരക്ഷാ സംഗമം ഇന്ന് സംഘടിപ്പിച്ചിരുന്നു.
രമേഷ് ചെന്നിത്തല, വി എസ് സുനിൽകുമാർ, കെ സുരേന്ദ്രൻ, പി കെ ബിജു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും മേള വിദ്വാൻ പെരുവനം കുട്ടൻമാരാരും ദേവസ്വ ഭാരവാഹികളും സംഗമത്തിൽ പങ്കെടുക്കുത്തു. ഹൈക്കോടതി വിധി പ്രായോഗികമല്ലെന്നും അനുസൃതമായ നിയമനിർമ്മാണം ഉടൻ കൊണ്ടുവരണമെന്നും നേതാക്കൾ ചടങ്ങിൽ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്‍റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോടതി വിധി ദൗർഭാഗ്യകരമെന്നാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്. ഒരു രക്ഷയും ഇല്ലെങ്കിൽ ശബരിമല മോഡലിൽ രംഗത്ത് വരിക എന്നതേ വഴിയുള്ളുവെന്നും സുരേന്ദ്രൻ പറഞ്ഞു. കോടതി വിധിയെ പ്രതിഷേധിച്ച് മാറ്റാൻ കഴിയില്ലെന്നും നിയമപരമായി മാത്രമേ നേരിടാൻ സാധിക്കൂ എന്നും സിപിഐ നേതാവ് വി എസ് സുനിൽകുമാർ പ്രതികരിച്ചു.