തുമ്പപ്പൂ ചോറു വിളമ്പി... മിൽമ നെയ്യും കൂട്ടി ഇനി വിദേശത്തും സദ്യ കഴിക്കാം! കയറ്റുമതി ലൈസൻസ് സ്വന്തം, നേട്ടം
പത്തനംതിട്ട തട്ട പ്ലാന്‍റിൽ നിന്ന് ഏഴ് ടൺ നെയ്യ് ആണ് ആദ്യഘട്ടത്തിൽ വിദേശത്തേക്ക് പോകുക. കൂടുതൽ ഓർഡർ ലഭിക്കുന്ന മുറയ്ക്ക് ഉത്പാദനം കൂട്ടും.
തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം മിൽമ നെയ്യ് കടൽ കടക്കുന്നു. പത്തനംതിട്ട തട്ട പ്ലാന്‍റിൽ ഉത്പാദിപ്പിക്കുന്ന നെയ്യ് കയറ്റുമതി ചെയ്യാനുള്ള ലൈസൻസാണ് മിൽമ നേടിയത്. പ്രതിമാസം പത്ത് ടൺ കയറ്റുമതിയാണ് ലക്ഷ്യം. കേരളത്തിന്‍റെ നെയ്മണം ഇനി വിദേശത്തും പരക്കാൻ പോകുകയാണ്. സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിലേക്ക് നെയ്യ് കയറ്റുമതി ചെയ്യാനുള്ള ലൈസൻസ് ആണ് തിരുവനന്തപുരം മേഖല സ്വന്തമാക്കിയത്.
പത്തനംതിട്ട തട്ട പ്ലാന്‍റിൽ നിന്ന് ഏഴ് ടൺ നെയ്യ് ആണ് ആദ്യഘട്ടത്തിൽ വിദേശത്തേക്ക് പോകുക. കൂടുതൽ ഓർഡർ ലഭിക്കുന്ന മുറയ്ക്ക് ഉത്പാദനം കൂട്ടും. ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കുന്ന നെയ്യാണ് കയറ്റുമതിക്കായി തയ്യാറാക്കുന്നത്. കൂടുതൽ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ലൈസൻസിനും മിൽമ ശ്രമിക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്തെ ക്ഷീര മേഖലയ്ക്ക് ആശങ്കയായി കർണാകടത്തിന്‍റെ നന്ദിനി പാൽ കടന്നുവരുന്നത് കർശനമായി തടയുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
മിൽമ ചെയർമാനും എംഡിയും അടക്കം ഉദ്യോഗസ്ഥരും കർണാടക സർക്കാരുമായി നേരിട്ട് ചർച്ച നടത്തും. വയനാട്ടിൽ നന്ദിനി ഔട്ട്‍ലെറ്റുകള്‍ക്കെതിരെ നേരത്തെ പ്രതിഷേധവുമായി ക്ഷീര കർഷകർ റോഡില്‍ ഇറങ്ങിയിരുന്നു. നന്ദിനി വരുന്നത് നിലവിലെ പാൽ സംഭരണ, വിതരണ സംവിധാനത്തെ ബാധിക്കുമെന്നാണ് കർഷകർ പറഞ്ഞു. വയനാട്ടിൽ നന്ദിനിക്ക് കുറഞ്ഞ വിലക്ക് പാൽ വിൽക്കാനാകും. നിലവിൽ നന്ദിനി പാൽ വില കൂട്ടി വിൽക്കുന്നത് കേരളത്തിലേക്കുള്ള ചരക്ക് നീക്കം ചെലവേറിയത് കൊണ്ടാണെന്നും കർഷകർ പറഞ്ഞു.
പശുക്കളുമായി റോഡിലിറങ്ങിയാണ് കർഷകർ പ്രതിഷേധ മാർച്ച് നടത്തിയത്. മിൽമയ്ക്ക് പാൽകൊടുത്തും ആനുകൂല്യം നേടിയും വളർന്നതാണ് നാട്ടിലെ ക്ഷീര സഹകരണ സംഘങ്ങൾ. അവിടേക്ക് നന്ദിനയുടെ പാലും, മൂല്യ വർധിത ഉൽപന്നങ്ങളും വരുമ്പോൾ ആശങ്കയുണ്ട്. മിൽമയുടെ വിപണിക്ക് ഇളക്കമുണ്ടായാൽ, സഹിക്കേണ്ടി വരിക ക്ഷീരകർഷകരാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.