നിരീക്ഷണക്കാലയളവില്‍ പുറത്തിറങ്ങിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കണ്ടെയ്‌മെന്റ് സോണായി കല്‍പ്പറ്റ
കൃത്യമായി ക്വാറന്റീന്‍ പാലിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.
കല്‍പ്പറ്റ: നിരീക്ഷണത്തിലുള്ള ആള്‍ പുറത്തിറങ്ങിയ തൊട്ടടുത്തദിവസം തന്നെ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത് കല്‍പ്പറ്റയെ അടച്ചു പൂട്ടലിലേക്കെത്തിച്ചു. ടൗണ്‍ ഉള്‍പ്പെടെ നഗരസഭയിലെ ഏഴു വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി ഇന്നലെ പ്രഖ്യാപിച്ചത്. വാര്‍ഡ് അഞ്ച് (എമിലി), ഒമ്പത് (ചാത്തോത്ത് വയല്‍) 11 (എമിലിത്തടം) 14 (പള്ളിത്താഴെ) 15 (പുതിയ സ്റ്റാന്‍ഡ്) 18 (പുത്തൂര്‍വയല്‍ ക്വാറി), 19 (പുത്തൂര്‍വയല്‍) എന്നിവയാണ് അടച്ചിട്ടിരിക്കുന്നത്.
ജൂണ്‍ 20-ന് മധുരയില്‍ നിന്ന് കല്‍പ്പറ്റയിലെ മെസ് ഹൗസ് റോഡിലെ വീട്ടില്‍ എത്തിയ ആള്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ എത്തിയ ഇയാള്‍ ക്വാറന്റീനില്‍ കഴിയവെ ജൂലായ് നാലിന് പുറത്തിറങ്ങുകയായിരുന്നു.
നാല്, അഞ്ച് തീയതികളിലായി ടൗണിലെ നാല് സ്ഥാപനങ്ങളിലെത്തി. എന്നാല്‍ അഞ്ചിന് ഉച്ചക്ക് രണ്ടുമണിയോടെ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. ഇദ്ദേഹമെത്തിയ കണ്ണൂര്‍ സ്റ്റേഷനറിയും കീര്‍ത്തി സൂപ്പര്‍മാര്‍ക്കറ്റും അധികൃതര്‍ ചൊാവ്വാഴ്ച അടപ്പിച്ചു. പത്തുപേരെങ്കിലും രോഗബാധിതന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
ആനപ്പാലം ജങ്ഷന്‍ മുതല്‍ ട്രാഫിക് ജങ്ഷന്‍ വരെ ദേശീയപാതയുടെ വശങ്ങളിലെ കടകള്‍ അടച്ചിടണമെന്നാണ് ഇപ്പോഴുള്ള നിര്‍ദ്ദേശം. അതേസമയം, കൃത്യമായി ക്വാറന്റീന്‍ പാലിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. 119 പേര്‍ക്കാണ് വയനാട്ടില്‍ ഇതുവരെ രോഗം ബാധിച്ചത്.