റെയിൽവെ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പാലത്തിന്റെ ഇരുമ്പ് പ്ലേറ്റുകൾ ആക്രിക്കടയിൽ; സ്ത്രീ ഉൾപ്പെടെ 3 പേർ പിടിയിൽ
77,000 രൂപയിലധികം വിലവരുന്ന സാധനങ്ങൾ നഷ്ടമായിട്ടുണ്ടെന്നാണ് റെയിൽവെയുടെ കണക്ക്. എന്നാൽ 14,000 രൂപയുടെ സാധനങ്ങൾ മാത്രമേ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ
കോഴിക്കോട്: എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സൂക്ഷിച്ച പാലത്തിന്റെ ഇരുമ്പ് പ്ലേറ്റുകള്‍ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റില്‍. വെങ്ങളം സ്വദേശി ട്രിനിറ്റിയില്‍ സി അക്ഷയ് (അപ്പു-33), അത്തോളി റോഡ് കുനിയില്‍ കടവിന് സമീപം ആക്രിക്കട നടത്തുന്ന കോടശ്ശേരി നടുച്ചാല്‍ ലക്ഷംവീട് കോളനിയിലെ ആനന്ദജ്യോതി (32), വെങ്ങളം റെയില്‍വേ മേല്‍പാലത്തിന് സമീപം ആക്രി കച്ചവടം നടത്തുന്ന കല്‍പറ്റ മടക്കിമല സ്വദേശി പര്‍ലികുന്ന് വീട്ടില്‍ കെടി ശെല്‍വരാജ് (31) എന്നിവരെയാണ് റെയിവേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്.
അക്ഷയില്‍ നിന്ന് 23 ഇരുമ്പ് പ്ലേറ്റുകള്‍ കണ്ടെത്തി. ഇതിന് വിപണിയില്‍ 14,850 രൂപ വിലവരും. 77,625 രൂപയുടെ സാധന സാമഗ്രികള്‍ നഷ്ടമായിട്ടുണ്ടെന്നാണ് റെയില്‍വേ അധികൃതരുടെ വിലയിരുത്തല്‍. സംശയത്തിലുള്ള ഒരു ആക്രിക്കട പോലീസിന്റെ നിരീക്ഷണത്തിലാണ്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരുന്ന ഇരുമ്പ് ഉപകരണങ്ങള്‍ മോഷ്ടിച്ച അക്ഷയ് ഇവ ആക്രിക്കടകളില്‍ വില്‍ക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം