തനി തോന്ന്യവാസം; മുകളിൽ നിറയെ മണ്ണ്, ഥാറിൽ പാഞ്ഞ് യുവാവ്, ഗുണ്ടായിസമെന്ന് കമന്റ്
ഥാറിൽ നിന്നും പൊടി പാറുന്നുണ്ട്. റോഡിലൂടെ പോകുന്ന മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കും വിധമായിരുന്നു യുവാവ് ഥാറുമായി റോഡിലൂടെ പാഞ്ഞത്.
ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ അനേകം വീഡിയോകൾ വൈറലായി മാറാറുണ്ട്. ചില വീഡിയോകളൊക്കെ കാണുമ്പോൾ എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് നമ്മൾ അന്തംവിട്ടുപോകും. ഉത്തർപ്രദേശിൽ നിന്നുള്ളതാണ് ഈ വീഡിയോ. റോഡിലെ സുരക്ഷയെ കുറിച്ചും ഗുണ്ടായിസത്തെ കുറിച്ചും വലിയ ചർച്ചകളുയരാൻ ഈ വീഡിയോ കാരണമായിട്ടുണ്ട്.
ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംഭവം വൈറലായതോടെ നാട്ടുകാർ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. ഒരാൾ തന്റെ ഥാർ എസ്‍യുവിക്ക് മുകളിലായി മണ്ണ് കയറ്റിക്കൊണ്ട് റോഡിലൂടെ പാഞ്ഞുപോകുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് ഒരു പാടത്തിന് നടുവിലായി നിർത്തിയിട്ടിരിക്കുന്ന ഒരു ഥാർ എസ്‍യുവി ആണ്. ഒരു യുവാവ് അതിന്റെ അടുത്ത് നിന്ന് ഒരു ഷവലിൽ മണ്ണ് കോരി വണ്ടിക്ക് മുകളിലിടുന്നതും വീഡിയോയിൽ കാണാം. പിന്നെ കാണുന്നത് അതിലും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ്. മുകളിൽ മണ്ണുമായി ആ ഥാർ റോഡിലൂടെ പാഞ്ഞുപോകുന്നതാണ് പിന്നെ കാണുന്നത്.
ഥാറിൽ നിന്നും പൊടി പാറുന്നുണ്ട്. റോഡിലൂടെ പോകുന്ന മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കും വിധമായിരുന്നു യുവാവ് ഥാറുമായി റോഡിലൂടെ പാഞ്ഞത്. ഇതോടെ ആളുകളിൽ ആശങ്ക ഉയരുകയായിരുന്നു. മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നവർ അമ്പരപ്പോടെ നോക്കുന്നതും കാണാം.
എന്തിനാണ് യുവാവ് ഇങ്ങനെയൊരു കാര്യം ചെയ്തത് എന്നത് വ്യക്തമായിട്ടില്ല. മീററ്റ് പൊലീസ് സംഭവം അന്വേഷിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. വൈറലായ വീഡിയോയ്ക്ക് മീററ്റ് ട്രാഫിക് പൊലീസ് ആവശ്യമായ നടപടി എടുക്കും എന്ന് കഗമന്റും നൽകിയിട്ടുണ്ട്.
നിരവധിപ്പേരാണ് വീഡിയോ കണ്ട് രോഷം പ്രകടിപ്പിച്ചത്. ചിലർക്ക് മറ്റുള്ളവരുടെ ജീവന് യാതൊരു വിലയും ഇല്ല എന്നാണ് അവർ കമന്റ് നൽകിയത്. ഇത് ഗുണ്ടായിസമാണ് എന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കമന്റ് നൽകിയവരും ഉണ്ട്.
എന്താണിവിടെ സംഭവിച്ചത്? ഭയാനകമായ ദൃശ്യങ്ങൾ, കാറിൽ സൂക്ഷിച്ച പടക്കങ്ങൾക്ക് തീപിടിച്ചതിങ്ങനെ