ശമ്പളം നൽകാനില്ല, ടിവി എടുത്തോ; വീട്ടുജോലിക്കാരിയുടെ വീട്ടിൽ ടിവിയുമായെത്തി ദമ്പതികൾ സ്വർണം മോഷ്ടിച്ച് മുങ്ങി
ടിവി ഫിറ്റ് ചെയ്യുന്നതിനായി ആഷിക് ആന്‍റണിയും നേഹയും സുഹൃത്ത് അർജുനും വീട്ടുജോലിക്കാരുടെ വീട്ടിലെത്തി. ഇതിനുശേഷം മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ടു പവൻ തൂക്കമുള്ള സ്വർണ മാല മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.
കോട്ടയം: കോട്ടയത്ത് വീട്ടുജോലിക്കാരിയുടെ വീട്ടില്‍ മോഷണം. അതും താന്‍ ജോലി ചെയ്തിരുന്ന വീട്ടിലെ, തനിക്ക് ശമ്പളം നല്‍കേണ്ട ദമ്പതികളാണ് മോഷണം നടത്തിയത് എന്നതാണ് ഇതിലെ ട്വിസ്റ്റ്! ശമ്പളം നല്‍കാന്‍ പണമില്ലെന്നും പകരം വീട്ടിലെ ടിവി എടുത്തോ എന്നും ദമ്പതികള്‍ പറഞ്ഞു. എന്നിട്ട് ആ ടിവി ഫിറ്റ് ചെയ്യാനെന്ന വ്യാജേന വീട്ടുജോലിക്കാരിയുടെ വീട്ടില്‍ എത്തിയായിരുന്നു മോഷണം. സംഭവമിങ്ങനെയാണ്...
വീട്ടുജോലിക്കാരിയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച കേസിൽ മൂന്നു പേരെ കോട്ടയത്ത് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മരട് സ്വദേശി ആഷിക് ആന്റണി , ഭാര്യ നേഹാ രവി, ആലപ്പുഴ അരൂർ സ്വദേശി അർജുൻ എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഒക്ടോബർ 16 ആം തീയതി അയ്മനം സ്വദേശിനിയുടെ വീട്ടിൽ നിന്നും സ്വർണ മാല മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.
ആഷിക് ആന്റണിയുടെ വീട്ടിൽ വീട്ടുജോലി ചെയ്തു വരികയായിരുന്ന സ്ത്രീയുടെ സ്വര്‍ണമാണ് മോഷ്ടിച്ചത്. ജോലി ചെയ്ത വകയിൽ സ്ത്രീക്ക് ശമ്പള കുടിശ്ശികയുണ്ടായിരുന്നു. നിലവിൽ നല്‍കാന്‍ പണമില്ലാത്തതിനാൽ വീട്ടിലിരിക്കുന്ന ടിവി എടുത്തിട്ട് ശമ്പള കുടിശ്ശിക കുറച്ച് ബാക്കി തനിക്ക് 8000 രൂപ തന്നാൽ മതി എന്ന് ആഷിക് ആന്റണി പറഞ്ഞു. വീട്ടുജോലിക്കാരി ഇക്കാര്യം അംഗീകരിച്ചു.
തുടർന്ന് അടുത്ത ദിവസം ടിവി ഫിറ്റ് ചെയ്യുന്നതിനായി ആഷികും ഭാര്യയും സുഹൃത്തായ അർജുനും വീട്ടുജോലിക്കാരുടെ വീട്ടിലെത്തി. ഇതിനുശേഷം വീട്ടുജോലിക്കാരിയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ടു പവൻ തൂക്കം വരുന്ന സ്വർണ മാല മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. തുടർന്ന് വീട്ടുജോലിക്കാരി പൊലീസിൽ പരാതി നൽകി. ആഷിക് ആന്റണിയുടെ പേരില്‍ കളമശ്ശേരി, കോട്ടയം വെസ്റ്റ്, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകള്‍ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.