വീട്ടിൽ നിന്ന് അനധികൃതമായി ട്രാക്ടർ പിടിച്ചെടുത്തു, തിരികെ കിട്ടിയപ്പോൾ ഡീസലില്ല, തകരാറും; എസ്ഐക്ക് താക്കീത്
ട്രാക്ടറിന് പിഴയീടാക്കിയതിന് രസീത് നല്‍കിയില്ലെന്നും എസ്.ഐയും പൊലീസുകാരും അപമര്യാദയായി പെരുമാറിയെന്നും ഞമനേങ്ങാട് സ്വദേശി മുസ്തഫ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
തൃശൂര്‍: സ്വകാര്യ വസ്തുവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ട്രാക്ടര്‍ അനധികൃതമായി പിടിച്ചെടുത്ത സംഭവത്തില്‍ വടക്കേക്കാട് പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായതായി മനുഷ്യാവകാശ കമ്മിഷന്‍. സ്റ്റേഷനിലെത്തുന്ന കക്ഷികളോട് നല്ല രീതിയില്‍ പെരുമാറണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി എസ്.ഐ. കെ.പി. ആനന്ദിന് താക്കീത് നല്‍കി. പ്രവാസജീവിതത്തിന് ശേഷം നാട്ടിലെത്തി സ്വന്തം പുരയിടത്തില്‍ കൃഷി ചെയ്യുമ്പോള്‍ പറമ്പില്‍നിന്നും ട്രാക്ടര്‍ പിടിച്ചെടുത്തെന്നാണ് പരാതി.
ട്രാക്ടറിന് പിഴയീടാക്കിയതിന് രസീത് നല്‍കിയില്ലെന്നും എസ്.ഐയും പൊലീസുകാരും അപമര്യാദയായി പെരുമാറിയെന്നും ഞമനേങ്ങാട് സ്വദേശി മുസ്തഫ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കമ്മീഷന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറില്‍നിന്നും റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള പറമ്പിന്‍റെ നടുക്കുള്ള കുളം ട്രാക്ടര്‍ ഉപയോഗിച്ച് മണ്ണിട്ട് നികത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയതെന്നും ട്രാക്ടര്‍ പിടിച്ചെടുത്തതെന്നും കമ്മീഷണര്‍ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
എന്നാല്‍ റിപ്പോര്‍ട്ട് അവാസ്തവമാണെന്നും തന്റെ സ്വകാര്യ പറമ്പിലെ ചെറിയ കുളമാണ് പരാതിക്ക് ആധാരമായതെന്നും പരാതിക്കാരന്‍ അറിയിച്ചു. ജിയോളജി വകുപ്പ് ഇക്കാര്യം അറിയിച്ചിട്ടും എസ്.ഐ. വാഹനം വിട്ടു തന്നില്ല. തുടര്‍ന്ന് താന്‍ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചെന്നും അതിന്റെ അടിസ്ഥാനത്തില്‍ വാഹനം വിട്ടു നല്‍കിയതായും പരാതിക്കാരന്‍ അറിയിച്ചു. വാഹനത്തിന് കേടുപാട് ഇല്ല എന്ന് പൊലീസിന്റെ നിര്‍ബന്ധപ്രകാരം തനിക്ക് എഴുതി നല്‍കേണ്ടി വന്നതായി പരാതിക്കാരന്‍ അറിയിച്ചു.
എന്നാല്‍ വാഹനം ലഭിച്ചപ്പോള്‍ ഡീസല്‍ ഇല്ലായിരുന്നുവെന്നും ബാറ്ററി നശിച്ച അവസ്ഥയിലായിരുന്നുവെന്നും പരാതിക്കാരന്‍ പറഞ്ഞു. വാഹനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായിരുന്നുവെന്നും പരാതിക്കാരന്‍ അറിയിച്ചു. ഈ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. വാഹനം പിടിച്ചെടുത്തപ്പോള്‍ നിയമാനുസൃതം നല്‍കേണ്ട രസീത് നല്‍കിയിട്ടില്ലെന്നും ഉത്തരവില്‍ പറഞ്ഞു.
Read More : തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടിച്ച് കീറി, നാട്ടുകാർക്കും ഭീഷണി; മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം