രേഖകളില്ലാതെ കടലിൽ ഉല്ലാസ യാത്ര നടത്തിയ ഹൗസ് ബോട്ട് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി; പിഴ ചുമത്തി
ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെന്റ് പട്രോൾ ബോട്ട് സംഘമാണ് കടലിൽ ഈ ഹൗസ് ബോട്ട് കണ്ടത്. പിന്നാലെ തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു
തൃശ്ശൂര്‍: കടലിൽ രേഖകളും അനുമതി പത്രവുമില്ലാതെ ഉല്ലാസ യാത്ര നടത്തിയ ഹൗസ് ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് സംഘം പിടിച്ചെടുത്തു. പിഴ ചുമത്തി. അഴീക്കോട് നിന്ന് ഇന്ന് രാവിലെ പുറപ്പെട്ട എങ്ങണ്ടിയൂർ സ്വദേശി നാരായണ ദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓസ്ട്രീച്ച് ക്രൂയീസ് ബോട്ടാണ് പിടികൂടിയത്.
ഇരുനില ഉല്ലാസ നൗകയാണിത്. അനുമതി പത്രമോ രേഖകളോ ഇല്ലാതെയായിരുന്നു ഹൗസ് ബോട്ടിന്റെ കടലിലൂടെയുള്ള സഞ്ചാരം. ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെന്റ് പട്രോൾ ബോട്ട് സംഘമാണ് കടലിൽ ഈ ഹൗസ് ബോട്ട് കണ്ടത്. പിന്നാലെ തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. അഴീക്കോട് പോർട്ട് ഓഫീസിന്റെ അനുമതിയില്ലാതെ കടലിലൂടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകും വിധം സഞ്ചരിച്ചുവെന്നാണ് കുറ്റം.
മത്സ്യ ബന്ധന യാനം അല്ലാത്തതിനാൽ കൊടുങ്ങല്ലൂർ പോർട്ട് കൺസർവേറ്റർക്ക് റിപ്പോർട്ട് നൽകിയാണ് പിഴ ഈടാക്കിയത്. പിഴയടച്ച ശേഷം ഹൗസ് ബോട്ട് ഉടമക്ക് വിട്ടുനൽകിയെന്നും അധികൃതര്‍ അറിയിച്ചു.