Asianet News MalayalamAsianet News Malayalam

ഇടിമിന്നലേറ്റ് പൂർണമായി തകർന്ന് വീട്, കത്തിനശിച്ച് ഗൃഹോപകരണങ്ങൾ, കഷ്ടിച്ച് രക്ഷപ്പെട്ട് വീട്ടമ്മ

ഓടക്കാ സിറ്റി നെല്ലിപ്പറമ്പിൽ ശോശാമ്മയുടെ വീടാണ് തകർന്നത്. വീട് പൂർണമായി തകർന്നതിന് പുറമേ ഗൃഹോപകരണങ്ങളും നശിച്ചു. സംഭവ സമയത്ത് ശോശാമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്

house and furnitures completely damaged in lightening strike in idukki
Author
First Published Sep 29, 2024, 12:53 PM IST | Last Updated Sep 29, 2024, 12:53 PM IST

ഇടുക്കി: ഇടിമിന്നലേറ്റ് വീട് തകർന്നു. ഇടുക്കി കൂമ്പൻ പാറയ്ക്ക് സമീപം ഓടക്കാസിറ്റിയിലാണ് ഇടിമിന്നൽ ഏറ്റ് വീട് തകർന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ഓടക്കാ സിറ്റി നെല്ലിപ്പറമ്പിൽ ശോശാമ്മയുടെ വീടാണ് തകർന്നത്. വീട് പൂർണമായി തകർന്നതിന് പുറമേ ഗൃഹോപകരണങ്ങളും നശിച്ചു. സംഭവ സമയത്ത് ശോശാമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശോശാമ്മയ്ക്ക് കാര്യമായ പരിക്കുകൾ ഇല്ലെന്നതാണ് സംഭവത്തിലെ ആശ്വാസകരമായ കാര്യം.

വീടിന്റെ വാതിലും ഭിത്തിയും മേൽക്കൂരയും സ്ലാബുകൾ അടക്കം തകർന്ന നിലയിലാണ് ഉള്ളത്. വീട്ടിലെ ഗ്യാസ് സ്റ്റൌ തകരാറിൽ ആയെങ്കിലും ഗ്യാസ് കുറ്റി പൊട്ടിത്തെറിക്കാതെ ഇരുന്നത് ശോശാമ്മയ്ക്ക് രക്ഷയായി. സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നൽകിയിട്ടുള്ളത്.

ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 2024 സെപ്തംബർ 29, 30 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios